ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടി വൈകിയേക്കും; പൊലീസ് അന്വേഷണത്തിന്റെ ഗതി അറിയാൻ കാത്തിരിപ്പ്

Mail This Article
കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി. ദിവ്യയ്‌ക്കെതിരെ സംഘടനാതലത്തിൽ അച്ചടക്കനടപടി ഉറപ്പാണെങ്കിലും ഉടൻ ഉണ്ടായേക്കില്ല. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയ്ക്കുവന്നേക്കും. പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുന്ന കാര്യങ്ങൾ കൂടി വിലയിരുത്തിയാകും തുടർനടപടികളിലേക്കു കടക്കുകയെന്നാണു വിവരം.
സിപിഎം സമ്മേളന നടപടികളിലേക്കു കടന്നാൽ സംഘടനാപരമായി അച്ചടക്കനടപടി പതിവില്ലെന്ന സാങ്കേതിക ന്യായവും പാർട്ടിക്കുണ്ട്. അത്തരം സന്ദർഭങ്ങളിൽ ജില്ലാ സമ്മേളനത്തിൽ സ്വാഭാവികമായി ചർച്ച നടന്നാൽ ജില്ലാ കമ്മിറ്റി അംഗത്തെ പുതിയ പാനലിൽനിന്ന് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാം. അച്ചടക്കനടപടിയെന്ന നിലയിൽ അവിടെ ചർച്ച നടക്കില്ല. അല്ലെങ്കിൽ സമ്മേളനശേഷം നടപടി ആലോചിക്കാം.
ദിവ്യയ്‌ക്കെതിരെ സംഘടനാതലത്തിലും നടപടി വേണമെന്ന ആവശ്യം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കും എഡിഎം നവീൻബാബുവിന്റെ കുടുംബത്തിനുമുണ്ട്. ശക്തമായ സമ്മർദമുണ്ടായാൽ ചിട്ടവട്ടങ്ങളൊന്നും നോക്കാതെ നടപടിയെടുക്കുമെന്നു കരുതുന്നവരുമുണ്ട്.