പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ തെറ്റിദ്ധാരണ: ജീവനൊടുക്കാൻ അമ്മയുടെ ശ്രമം

Mail This Article
മൂലമറ്റം ∙ 33 ദിവസം പ്രായമുള്ള കുഞ്ഞ് അസുഖം മൂലം മരിച്ചത്, മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാണെന്നു തെറ്റിദ്ധരിച്ച് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. മാസം തികയാതെ എട്ടാം മാസത്തിലാണു കുഞ്ഞു ജനിച്ചത്. ജനനസമയത്തു കുട്ടിക്ക് ഭാരക്കുറവായിരുന്നതിനാൽ പല ശാരീരിക വിഷമതകളുമുണ്ടായിരുന്നു. ഇതാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
പൂച്ചപ്ര സ്വദേശി തെങ്ങുംതോട്ടത്തിൽ അനൂപ്–സ്വപ്ന ദമ്പതികളുടെ മകനാണു ബുധനാഴ്ച പുലർച്ചെ മരിച്ചത്. ആരോഗ്യസ്ഥിതി മോശമായ കുട്ടിയെ തൊടുപുഴ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ വച്ചാണു ബുധനാഴ്ച ഉച്ചയ്ക്കുശേഷം അമ്മ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു. കുട്ടിയുടെ സംസ്കാരം നടത്തി.