പാട്ടഭൂമി: ന്യായവിലയിലേക്ക് മാറാൻ ഭൂപതിവു ചട്ടഭേദഗതി

Mail This Article
തിരുവനന്തപുരം∙ പാട്ടത്തിനു നൽകിയ സർക്കാർ ഭൂമിയിലെ നിരക്കുകളിൽ ഇളവു നൽകാൻ ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നു. നിലവിലെ കുടിശിക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും നടപ്പാക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉപയോഗപ്പെടുത്തി കുടിശിക തിരിച്ചടയ്ക്കുന്നവർക്കാകും പുതിയ പദ്ധതിയുടെ ആനുകൂല്യമെന്നാണ് അറിയുന്നത്.
പാട്ടനിരക്കുകൾ കമ്പോളവിലയിൽ നിന്നു ന്യായവിലയെ അടിസ്ഥാനമാക്കിയുള്ള രീതിയിലേക്കു പരിഷ്കരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമാണു ഭേദഗതി. പഞ്ചായത്ത് പ്രദേശങ്ങളെ സംബന്ധിച്ച 1964ലെയും നഗരപ്രദേശങ്ങളെ സംബന്ധിച്ച 1995ലെ ഭൂപതിവു ചട്ടങ്ങളിലാണ് ഇതിനായി ഭേദഗതി വരുത്തുക. ഭേദഗതി ഉത്തരവായി ഇറങ്ങി പിന്നീട് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണു ചെയ്യുക.
നിലവിൽ കമ്പോളവിലയുടെ 1%, 2%, 5% എന്നിങ്ങനെ വിവിധ നിരക്കുകൾ പ്രകാരമാണ് ഭൂമി പാട്ടത്തിനു നൽകിയിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കാണ് ഉയർന്ന നിരക്ക്. തദ്ദേശ സ്ഥാപനങ്ങളും സർക്കാർ മേഖലയിലെ സ്ഥാപനങ്ങൾക്കുമാണു മറ്റു നിരക്കുകൾ.
ബജറ്റിനായി നടത്തിയ കണക്കെടുപ്പിൽ 450 കോടി രൂപയാണു പാട്ട കുടിശിക. ഇതിൽ 401 കോടി രൂപയും പിരിച്ചെടുക്കാനാവാതെ കോടതി കേസുകളിലാണ്. കൃത്യമായ പരിശോധന നടത്തിയാൽ യഥാർഥ കുടിശിക 800 കോടിയിലേറെ രൂപ വരുമെന്നാണു റവന്യു വകുപ്പിന്റെ നിഗമനം.