അമിത രാത്രിവെളിച്ചം; ജീവിതചക്രം തെറ്റി കുഞ്ഞുജീവികൾ

Mail This Article
ഉറങ്ങുന്നതിനു കുറച്ചു മുൻപേ ഡിജിറ്റൽ സ്ക്രീനുകൾ ഓഫാക്കി കണ്ണിന്റെ ആയാസം കുറയ്ക്കണമെന്നു ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. എന്നാൽ രാത്രിയെ പകലാക്കി മനുഷ്യൻ തെളിക്കുന്ന വിളക്കുകൾ പല സൂക്ഷ്മ ജീവജാലങ്ങളുടെയും ജീവിത ചക്രത്തെത്തന്നെ ബാധിക്കുന്നതായി പഠനം. ഫ്രാങ്ക്ഫർട്ട് സർവകലാശാലയിലെ കാലാവസ്ഥാ ഗവേഷണ വിഭാഗം പ്രഫസർ ഡോ. മാർക്കസ് ഫെനിഞ്ജറും സംഘവും നടത്തിയ പഠനത്തിലാണ് ഇതു പുറത്തുവന്നത്. പഠനവിധേയമായ ചെറു ഷഡ്പദങ്ങളുടെ ജീവിതചര്യയിൽ അമിത പ്രകാശം ജനിതക താളപ്പിഴകൾ സൃഷ്ടിച്ചു. ലാർവകൾ വിരിയാൻ പതിവിലും കൂടുതൽ സമയം വേണ്ടിവന്നു.
ജൈവസമ്മർദം മൂലം ചില ഇനങ്ങളുടെ ഉൽപ്പാദനക്ഷമത തന്നെ കുറഞ്ഞതായും ഗവേഷണ മാസികയായ ‘എൻവയൺമെന്റൽ പൊല്യൂഷനി’ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഈ രീതിയിൽ അമിതമായ രാത്രി പ്രകാശം ഭൂമിയിലെ ജൈവവൈവിധ്യത്തെ ബാധിക്കുമെന്നു പഠനം മുന്നറിയിപ്പു നൽകുന്നു. ജലത്തിലും കരയിലും ജീവിക്കുന്ന പല ജീവികളുടെയും ഭക്ഷ്യശൃംഖലയുടെ ഭാഗമാണ് ഇത്തരം സൂക്ഷ്മജീവികൾ. ഇവയുടെ വംശമറ്റാൽ പല ജീവികളുടെയും ഭക്ഷണം തന്നെ ഇല്ലാതാകും. അമിതശബ്ദം പോലെ തന്നെ അമിതമായ പ്രകാശവും മലിനീകരണമാണെന്നു തിരിച്ചറിഞ്ഞ് ലോകമെങ്ങും നയംമാറ്റം നടപ്പാക്കണമെന്നു ഗവേഷകർ ശുപാർശ ചെയ്യുന്നു.