മോദി സർക്കാരിന്റെ സ്വഭാവം സിപിഎമ്മിലെ നവവിഷയം; മോദി സർക്കാരിനെ എന്തു വിളിക്കണമെന്നതിൽ 2016ലും തർക്കം

Mail This Article
ന്യൂഡൽഹി ∙ മോദി സർക്കാരിന്റേതു ഫാഷിസ്റ്റ് സ്വഭാവമാണോ നവഫാഷിസമാണോ എന്നതാണു സിപിഎമ്മിലെ വിഷയം. 2016ലും മോദി സർക്കാരിനെ എന്തു പേരു വിളിക്കണമെന്ന് കാരാട്ട് – യച്ചൂരി പക്ഷങ്ങൾ തമ്മിൽ തർക്കമുണ്ടായി. കോൺഗ്രസുമായി സഹകരിക്കണോ വേണ്ടയോ എന്ന തർക്കമായിരുന്നു പശ്ചാത്തലം. മധുരയിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പരിഗണിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിൽ ‘നവഫാഷിസ്റ്റ് പ്രവണതകൾ’ എന്നൊരു പുതിയ പ്രയോഗമുണ്ട്. അതെന്താണെന്നു വിശദീകരിക്കാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. അതനുസരിച്ച് പൊളിറ്റ്ബ്യൂറോ (പിബി) തയാറാക്കിയ കുറിപ്പ് സംസ്ഥാനഘടകങ്ങൾക്കു നൽകി. അതാണ് ഇപ്പോൾ പരസ്യചർച്ചയ്ക്കു കാരണമായത്.
കുറിപ്പിൽ പറയുന്നത്: ‘മോദി സർക്കാർ ഫാഷിസ്റ്റാണെന്നോ നവഫാഷിസ്റ്റ് ആണെന്നോ നമ്മൾ പറയുന്നില്ല. ഇന്ത്യൻ ഭരണകൂടത്തെ നവഫാഷിസ്റ്റ് എന്നും നമ്മൾ വിശേഷിപ്പിക്കുന്നില്ല. രാഷ്ട്രീയാധികാരം ആർഎസ്എസ് – ബിജെപിയുടെ കൈകളിൽ ദൃഢപ്പെടുമ്പോൾ നവഫാഷിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു. എന്നാലത് നവഫാഷിസ്റ്റ് സർക്കാരും രാഷ്ട്രീയസംവിധാനവുമായി മാറിയിട്ടില്ല. ബിജെപി–ആർഎസ്എസിനെ തടഞ്ഞില്ലെങ്കിൽ ഹിന്ദുത്വ – കോർപറേറ്റ് ഏകാധിപത്യം നവഫാഷിസത്തിലേക്കു പോകാമെന്ന അപകടത്തെക്കുറിച്ചാണു പ്രമേയത്തിൽ പറയുന്നത്.’
2016ൽ കാരാട്ട്: ‘ഇന്ത്യയിൽ ഫാഷിസം സ്ഥാപിക്കപ്പെട്ടിട്ടില്ല. അതിനുള്ള രാഷ്ട്രീയവും സാമ്പത്തികവും വർഗപരവുമായ സാഹചര്യവും പ്രകടമല്ല. മുതലാളിത്ത സംവിധാനത്തെ തകർക്കാൻ തക്കതായ പ്രതിസന്ധിയില്ല. തങ്ങളുടെ വർഗപരമായ താൽപര്യങ്ങൾക്കായി ഏകാധിപത്യ രീതികൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണു ഭരണവർഗം ചെയ്യുന്നത്... ഭരണവർഗത്തിന്റേതായ മറ്റേ പ്രധാന കക്ഷിയുമായി സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ രാഷ്ട്രീയസമരം നടത്താനാകില്ല.’ എന്നാൽ, ഹിറ്റ്ലറുടെ രീതിയിൽ വന്നാൽ മാത്രമേ ഫാഷിസമെന്നു വിളിക്കാനാവൂ എന്ന മട്ടിലാണു കാരാട്ടിന്റെ വാദമെന്നായിരുന്നു അന്നു യച്ചൂരിയുടെ വിമർശനം. ഇന്ത്യയിൽ ഫാഷിസം ഇനിയും വന്നിട്ടില്ലെന്നു പറയുന്നത് അശാസ്ത്രീയവും ചരിത്രത്തിനു നിരക്കാത്തതുമാണ്. ഫാഷിസത്തിന്റെ പ്രവണതകൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെടുത്തിക്കൂടി യച്ചൂരി നിലപാടെടുത്തിരുന്നു. ഹിന്ദുത്വ ദർശനം ഫാഷിസ്റ്റ് കാഴ്ചപ്പാടുതന്നെയെന്നും അന്ന് ജനറൽ സെക്രട്ടറിയായിരുന്ന യച്ചൂരി വാദിച്ചു.
യച്ചൂരിയുടെ വാദത്തെ പിന്തുണച്ച് മാർക്സിസ്റ്റ് ചരിത്രകാരൻ പ്രഫ. ഇർഫാൻ ഹബീബ് അന്ന് പിബിക്കു കത്തെഴുതിയിരുന്നു. അന്ധമായ കോൺഗ്രസ് വിരുദ്ധത തിരുത്തണമെന്നും ആർഎസ്എസിന്റെ അർധഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ് ഭരണത്തിലെന്നും ഇർഫാൻ അന്നു വ്യക്തമാക്കി. എന്തു പേരു വിളിക്കണമെന്നതാണോ, അതോ ബിജെപിയെ തടയുന്നതാണോ പ്രധാനമെന്നും അന്നു യച്ചൂരിപക്ഷക്കാർ ചോദിച്ചിരുന്നു.