ADVERTISEMENT

തിരുവനന്തപുരം ∙ മിനിമം വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരം രണ്ടുദിവസം പിന്നിട്ടു. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ഇന്നലെ സമരപ്പന്തലിൽ എത്തി.

രണ്ടാം ദിവസത്തെ സമരം കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി, റോജി എം. ജോൺ, അൻവർ സാദത്ത്, നജീബ് കാന്തപുരം, കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എറണാകുളം മേഖല മിൽമ ചെയർമാൻ സി.എൻ.വത്സലൻ പിള്ള, എറണാകുളം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നലെ എറണാകുളം ജില്ലയിലെ അങ്കണവാടി ജീവനക്കാരാണ് സമരത്തിൽ പങ്കെടുത്തത്. ഇന്ന് ഇടുക്കി ജില്ലയിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് സമരം.

പ്രധാന ആവശ്യങ്ങൾ

∙മിനിമം വേതനം 21,000 രൂപയാക്കണം (ക്ഷേമനിധി വിഹിതം പിടിച്ചു കഴിഞ്ഞ് അങ്കണവാടി വർക്കർക്ക് 12,500 രൂപയും ഹെൽപർക്ക് 8,750 രൂപയുമാണ് വേതനം. 2021ലെ ബജറ്റിൽ വർക്കർക്ക് ആയിരം രൂപയുടെയും ഹെൽപർക്ക് 500 രൂപയുടെയും വേതന വർധന പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല.)

∙വേതനം ഒറ്റത്തവണയായി നൽകണം (അങ്കണവാടി വർക്കർക്കും ഹെൽപർക്കും 3 ഗഡുക്കളായാണ് വേതന വിതരണം.)

∙ ഉത്സവബത്ത 5000 രൂപയാക്കണം (ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നൽകിയ 1,200 രൂപയാണ് ഉത്സവബത്തയായി ഇപ്പോഴും നൽകുന്നത്)

∙ 4 ജി ആൻഡ്രോയ്ഡ് ഫോണുകൾ നൽകണം (പ്രവൃത്തികൾ അപ്‌ലോഡ് ചെയ്യുന്ന പോഷൺ ട്രാക്കർ എന്ന ആപ്പ് സർക്കാർ നൽകുന്ന കാസ്ഫോണിൽ ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതിനാൽ സ്വന്തം ഫോണാണ് ഉപയോഗിക്കുന്നത്.)

∙ ക്ഷേമനിധി പെൻഷൻ വർക്കറുടേത് അയ്യായിരവും ഹെൽപറുടേത് നാലായിരവുമായി വർധിപ്പിക്കണം. ഇതിപ്പോൾ 3 മുതൽ പത്തു മാസം വരെ കുടിശികയാണ്.

∙റിട്ടയർമെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കണം.

∙ഇഎസ്ഐ ആനൂകൂല്യമോ ഹെൽത്ത് ഇൻഷുറൻസോ നടപ്പാക്കണം.

‘അങ്കണവാടികളുടെ നടത്തിപ്പിന് വേണ്ട എല്ലാ ചെലവും വർക്കറുടെയും ഹെൽപറുടെയും തുച്ഛമായ വേതനത്തിൽ നിന്നു ചെലവാക്കേണ്ട അവസ്ഥയാണ്. മാസങ്ങളും വർഷങ്ങളും കഴിഞ്ഞാലും ഈ തുക മാറി നൽകുന്നില്ല. വെറും കയ്യോടെ വീട്ടിൽ പോകേണ്ട അവസ്ഥയാണ് സമരത്തിനിറങ്ങാൻ പ്രേരണ.’

English Summary:

Kerala Anganwadi Workers' Strike Enters Day Three: Demands Remain Unmet; Fight for Minimum Wage Hike, Better Benefits in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com