ഒരു കട്ടൻ–ബിരിയാണി അന്തർധാര

Mail This Article
∙ സിപിഎമ്മും മുസ്‌ലിം ലീഗും തമ്മിൽ ഇടയ്ക്ക് മൊട്ടിട്ട പ്രേമം തകർന്നതോടെ ഇരുകൂട്ടരും ബദ്ധശത്രുക്കളായതു നേര്. പക്ഷേ സിപിഎമ്മിനു കട്ടൻകാപ്പി എന്താണോ അതാണു ലീഗിനു ബിരിയാണി എന്ന ആമാശയബന്ധം സഭയിൽ വെളിപ്പെടുത്തിയത് എൻ.എ.നെല്ലിക്കുന്നാണ്. രണ്ടും ആ പാർട്ടിക്കാർക്കു പെരുത്തിഷ്ടം എന്നാണു വിചാരിച്ചതെങ്കിൽ തെറ്റി. കട്ടനും വടയും സിപിഎം ഉപേക്ഷിച്ചതു പോലെ ലീഗുകാർക്ക് ബിരിയാണിയും മടുത്തു! പകരം ലീഗ് യോഗങ്ങളിൽ അതിലും മുന്തിയ വിഭവങ്ങളാണു നിരക്കുന്നത്. അവയുടെ പേരു കൂടി പറഞ്ഞാൽ നിയന്ത്രണം വിട്ട് അടുത്ത നിമിഷം ട്രെയിൻ പിടിച്ച് പാണക്കാട്ടെത്തി എച്ച്.സലാം ലീഗ് മെംബർഷിപ്പെടുക്കുമെന്ന് നെല്ലിക്കുന്ന്. ബിരിയാണിയോ കുഴിമന്തിയോ എന്ന ചർച്ചയ്ക്കൊടുവിൽ ആ തീരുമാനവും തങ്ങൾക്ക് വിടുന്നതാണു ലീഗിൽ ആകെ നടക്കുന്നതെന്ന സലാമിന്റെ ആക്ഷേപത്തിനായിരുന്നു ഈ മറുപടി.
-
Also Read
രാജസൂയം കഴിഞ്ഞ് മങ്കൊമ്പിന്റെ മടക്കം
ഈയടിക്ക് തിരിച്ചടി നൽകിയതു പഴയ ഒരു ലീഗുകാരനാണ്: കെ.ടി.ജലീൽ. മുംബൈ സന്ദർശിച്ച നെല്ലിക്കുന്ന് ആദ്യം അന്വേഷിച്ചത് അധോലോകം എവിടെയെന്നാണ്. അതെല്ലാം പൂട്ടിക്കെട്ടി ഡോണുകൾ കേരളത്തിലേക്കു തിരിച്ചതായി അദ്ദേഹത്തോട് ആരോ പറഞ്ഞു. അതോടെ കേരളത്തിൽ ക്രമസമാധാനം തകർന്നതായി നെല്ലിക്കുന്ന് പരസ്യപ്പെടുത്തി. അടുത്തദിവസം പത്രത്തിൽ ഒരു വാർത്ത ജലീലിന്റെ കണ്ണിൽപെട്ടു. ‘കാസർകോട്ടുള്ള പുരാവസ്തു വകുപ്പിന്റെ ഒരു കിണറ്റിൽ ഖനിയുണ്ടെന്നു കേട്ട് തപ്പാനിറങ്ങിയ ലീഗുകാരൻ കുടുങ്ങി’. കിണറാകുന്ന ‘അധോലോക’ത്തേക്ക് ഇറങ്ങിയവരാണോ അഭിനവ അധോലോകക്കാർ? നെല്ലിക്കുന്ന് മിണ്ടിയില്ല.
തൊട്ടുമുൻപ് ടി.വി.ഇബ്രാഹിം തൊടുത്തുവിട്ട ചോദ്യത്തോടു ജലീലും മിണ്ടിയില്ല. പി.വി.അൻവർ സിപിഎമ്മിനോട് ഇടഞ്ഞ് എംഎൽഎ സ്ഥാനം രാജിവച്ചപ്പോൾ ചിലതെല്ലാം താനും വെളിപ്പെടുത്തുമെന്ന ജലീലിന്റെ പ്രഖ്യാപനത്തിന് എന്തു സംഭവിച്ചു? കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കവിതയിലൂടെയാണ് ഇബ്രാഹിം സ്ഥാപിച്ചത്. ആരുടെ കവിത എന്ന ചോദ്യത്തോട് അൽപം നാണിച്ച് ‘എന്റെ സ്നേഹിതന്റെ’ എന്ന മറുപടി കേട്ടപ്പോൾ ആ കവിഹൃദയം ഇബ്രാഹിമിന്റെ ഉള്ളിലാണെന്നു തോന്നി.
ധനാഭ്യർഥന ചർച്ച ആഭ്യന്തര വകുപ്പിന്മേലാകുമ്പോൾ ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ആവോളം പരോൾ കൊടുക്കുന്നതിനെതിരെ കെ.കെ.രമയുടെ രോഷം സ്വാഭാവികം. പ്രതികളുടെ അവകാശമാണ് പരോൾ എന്നായി കാനത്തിൽ ജമീല. ഒരു കുടുംബത്തിന്റെ തണലായി നിന്നയാളെ കശാപ്പ് ചെയ്തവർക്ക് പരോൾ അനുവദിക്കാനായി എഴുതിവച്ച കാരണം അപ്പോൾ ടി.സിദ്ദിഖ് വായിച്ചു: ‘കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ’.
ചർച്ച പ്രതിപക്ഷത്തു നിന്നു തുടങ്ങിവച്ച മാത്യു കുഴൽനാടൻ, പക്ഷേ ഊന്നിയതു വ്യവസായത്തിലും റാങ്കിങ് തർക്കത്തിലുമാണ്. അതോടെ പുതിയ വ്യവസായ സ്ഥാപനങ്ങൾ കണ്ടു ബോധ്യപ്പെടാൻ എംഎൽഎമാർക്കായി ടൂർ പരിപാടി ഒരുക്കുമെന്നു പിണറായി അല്ലാതെ മറ്റേതെങ്കിലും മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ അങ്ങോട്ടുപോയി കാണുമോ? ആന്റണി രാജു രോമാഞ്ചം കൊണ്ടു. രമേശ് ചെന്നിത്തല അതിൽ പിടിച്ചു. ധന–കോർപറേറ്റ് വകുപ്പുകൾ കയ്യാളുന്ന കേന്ദ്രമന്ത്രിയെ ഗവർണറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി കണ്ടതിൽ അസാധാരണമായ ചിലതെല്ലാം ചെന്നിത്തല മണത്തു. സൗഹൃദ കൂടിക്കാഴ്ച മാത്രമെന്ന് മുഖ്യമന്ത്രിയും.