ആശമാർക്ക് അധിക ഓണറേറിയം: പഞ്ചായത്തുകൾക്ക് കടമ്പകളേറെ

Mail This Article
പത്തനംതിട്ട ∙ ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തനതു ഫണ്ടിലെ തുക വകയിരുത്തിയാലും നടപ്പാക്കാൻ കടമ്പകൾ. ആശമാർക്ക് മാസം 2000 രൂപ അധികമായി നൽകുമെന്ന് വെച്ചൂച്ചിറ പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതു പദ്ധതിയായി നടപ്പാക്കാൻ ജില്ലാ ആസൂത്രണ സമിതി(ഡിപിസി) അംഗീകാരം ആവശ്യമുണ്ട്. ബത്തകളും ആനുകൂല്യങ്ങളും എന്ന വിഭാഗത്തിലാണ് പഞ്ചായത്ത് ബജറ്റിൽ 2000 രൂപ ഓണറേറിയം നൽകുന്ന കാര്യം അവതരിപ്പിച്ചത്. ഇത് പ്രോജക്ടാക്കി വാർഷിക പദ്ധതിയിൽ ഡിപിസിക്കു സമർപ്പിക്കണം.
ഏതെങ്കിലും കാരണം ചൂണ്ടിക്കാട്ടി ഡിപിസി അനുമതി നിഷേധിച്ചാൽ ഇതിനെ നൂതന പ്രോജക്ടായി സംസ്ഥാന തല ഏകോപന സമിതിയെ സമീപിക്കേണ്ടി വരും.തദ്ദേശ സ്ഥാപനങ്ങൾ തനതു വരുമാനം ഉപയോഗിച്ച് ആശ വർക്കർമാർക്കോ അങ്കണവാടി ജീവനക്കാർക്കോ വേതനം നൽകാൻ നിയമപരമായി തടസ്സമില്ലെന്നാണു സൂചന. നിയമനാധികാരി പഞ്ചായത്ത് പ്രസിഡന്റ് വരുന്ന തസ്തികകളിലാണ് ഇതു സാധിക്കുക.നിർവഹണ ഉദ്യോഗസ്ഥൻ മാസാവസാനം ബില്ലുകൾ സമർപ്പിക്കുന്നതനുസരിച്ചാകും തുക ലഭ്യമാക്കുക. മുൻകൂർ തുക നൽകാൻ സാധിക്കില്ല. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വെച്ചൂച്ചിറ മാതൃകയിൽ ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന് കെപിസിസി നിർദേശം നൽകിയിരുന്നു.
ആശമാർക്ക് അധികവേതനവുമായി പാലക്കാടും എലപ്പുള്ളിയും കോന്നിയും
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയും കോൺഗ്രസ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്തും ആശാ വർക്കർമാർക്കു വർഷം 12,000 രൂപ അധികവേതനം പ്രഖ്യാപിച്ചു.അധികവേതനം നൽകാൻ സർക്കാരിന്റെ അനുമതിക്കായി നടപടി സ്വീകരിക്കുമെന്നും ഇതു ലഭിക്കുന്ന മുറയ്ക്കു തുക അനുവദിക്കുമെന്നും പാലക്കാട് നഗരസഭാ ബജറ്റ് അവതരിപ്പിച്ച ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് വ്യക്തമാക്കി. 52 ആശാ വർക്കർമാരാണു പാലക്കാട് നഗരസഭയിലുള്ളത്.എലപ്പുള്ളി പഞ്ചായത്തിൽ 33 ആശാ വർക്കർമാരുണ്ട്. ഇവർക്കു മാസം തോറും 1000 രൂപ അധിക വേതനം നൽകുന്നതിനായി 3.96 ലക്ഷം രൂപ വകയിരുത്തിയതായി ബജറ്റ് അവതരണത്തിൽ ഉപാധ്യക്ഷൻ എസ്.സുനിൽകുമാർ അറിയിച്ചു.
∙ യുഡിഎഫ് ഭരിക്കുന്ന കോന്നി പഞ്ചായത്തിൽ 19 ആശാ വർക്കർമാർക്കുള്ള അധിക വേതനമായി 380,000 രൂപ തനത് ഫണ്ടിൽ നിന്ന് വകയിരുത്തി 2025–26 ബജറ്റ് ഭേദഗതിയോടെ പാസാക്കി. ആശാപ്രവർത്തകർക്ക് ഓരോരുത്തർക്കും 2000 രൂപ കൂടുതൽ നൽകാനാണ് ബജറ്റ് അംഗീകാരം നൽകിയത്.