നോം ചോംസ്കിയെ ഇന്റർവ്യൂ ചെയ്ത വേണുഗോപാലപ്പണിക്കർ

Mail This Article
കോഴിക്കോട് ∙ ഭാഷാ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഒട്ടേറെ പദവികളിൽ തിളങ്ങിയിട്ടുണ്ട് ഇന്നലെ അന്തരിച്ച ഡോ. ടി.ബി.വേണുഗോപാലപ്പണിക്കർ. കണ്ണൂർ സർവകലാശാലയിൽ ഭാഷാ സാഹിത്യ വിഭാഗം ഡീൻ, ലക്ഷദ്വീപ് സോഷ്യോ റിസർച് കമ്മിഷൻ അംഗം, മദ്രാസ്, അലിഗഡ്, കേരള, എംജി, കണ്ണൂർ സർവകലാശാലകളിൽ പരീക്ഷാ ബോർഡ് അംഗം, യുപിഎസ്‌സി, യുജിസി പരീക്ഷാ ബോർഡ് അംഗം, തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റി ഇന്ത്യൻ ലാംഗ്വേജ് ഫാക്കൽറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
-
Also Read
നടി കേസ്: വാദം 11ന് പൂർത്തിയാകും
ജർമനിയിലെ കൊളോൺ സർവകലാശാല നടത്തിയ പ്രഥമ രാജ്യാന്തര ദ്രവീഡിയൻ സെമിനാർ ഉൾപ്പെടെ നൂറിലേറെ ദേശീയ, രാജ്യാന്തര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നോം ചോംസ്കി ഇന്ത്യയിൽ വന്നപ്പോൾ സ്വകാര്യ ചാനലിനു വേണ്ടി അഭിമുഖം നടത്തിയതും ഇദ്ദേഹമാണ്. ഭാഷാർഥം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എൻഡോവ്മെന്റ്, കൂനൻതോപ്പ് എന്ന തമിഴ് നോവലിന്റെ മലയാള പരിഭാഷയ്ക്കു വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
സ്വനമണ്ഡലം, നോം ചോംസ്കി, വാക്കിന്റെ വഴികൾ, ചിതറിപ്പോയ സിംഹനാദവും ചില ഭാഷാ വിചാരങ്ങളും, ഭാഷാലോകം, സ്റ്റഡീസ് ഓൺ മലയാളം ലാംഗ്വേജ്, ലീലാതിലകം സാമൂഹിക ഭാഷ ശാസ്ത്രദൃഷ്ടിയിൽ (വിവർത്തനം), വ്യാകരണ പഠനങ്ങൾ എന്നിവയാണ് മറ്റു പ്രധാന കൃതികൾ.
മലയാള മനോരമയ്ക്കുവേണ്ടി സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ ആദരാഞ്ജലിയർപ്പിച്ചു.