നിക്ഷേപകന്റെ ആത്മഹത്യ: യഥാർഥ പ്രതികളെ കണ്ടെത്താൻ ഇടപെടുമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Mail This Article
തൊടുപുഴ ∙ നിക്ഷേപത്തുക തിരികെ കിട്ടാത്തതിനാൽ നിക്ഷേപകൻ സാബു തോമസ് സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കിയ കേസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നു സാബുവിന്റെ ഭാര്യ മേരിക്കുട്ടി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിനു മുന്നിലാണു മേരിക്കുട്ടി ഹാജരായത്. സാബു ജീവനൊടുക്കുന്നതിനു തലേന്ന് അനുഭവിച്ച മാനസിക വിഷമങ്ങളുടെയും ഭീഷണികളുടെയും തെളിവായി 6 ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ കമ്മിഷനെ ധരിപ്പിച്ചു.
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാൻ മേരിക്കുട്ടിയോടു കമ്മിഷൻ നിർദേശിച്ചു. യഥാർഥ പ്രതികളിലേക്ക് അന്വേഷണമെത്താൻ ഇടപെടുമെന്നും കമ്മിഷൻ പറഞ്ഞു.വ്യാപാരിയായ മുളങ്ങാശേരിൽ സാബു തോമസ് (56) ഡിസംബർ 20നാണു കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ ജീവനൊടുക്കിയത്. സൊസൈറ്റിയിൽ നിക്ഷേപിച്ചിരുന്ന പണം ഭാര്യ മേരിക്കുട്ടിയുടെ ചികിത്സയ്ക്കായി തിരികെ ആവശ്യപ്പെട്ടപ്പോൾ അധികൃതർ അപമാനിച്ച് ഇറക്കിവിട്ടെന്നു വ്യക്തമാക്കിയുള്ള ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിരുന്നു.