തൊമ്മൻകുത്തിൽ പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുമാറ്റി

Mail This Article
തൊടുപുഴ ∙ കോതമംഗലം രൂപതയിൽപെട്ട തൊമ്മൻകുത്ത് സെന്റ്തോമസ് പള്ളി നാരുങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിഴുതു മാറ്റി. കാളിയാർ റേഞ്ച് ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതെടുക്കുകയായിരുന്നു. ഇരുമ്പുകൊണ്ട് നിർമിച്ച കുരിശ് ചുമന്ന് താഴെ എത്തിച്ച് വാഹനത്തിൽ കാളിയാർ റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. വിവരം അറിഞ്ഞ് നാട്ടുകാരെത്തി. ചെറിയ തോതിൽ സംഘർഷവുമുണ്ടായി.
പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥലം. വനംവകുപ്പ് ജണ്ടയിട്ട് വേർതിരിച്ചിട്ടുള്ള ഈ സ്ഥലത്ത് ജനവാസമുണ്ട്. ചുറ്റും വീടുകളുമുണ്ട്. നെയ്യശ്ശേരി -തോക്കുമ്പൻ റോഡ് പണിതതോടെ ഇവിടേക്ക് റോഡു വന്നു. അതോടെയാണ് കുരിശ് സ്ഥാപിച്ചതും 40–ാം വെള്ളി ദിനത്തിൽ വെഞ്ചരിപ്പ് നടത്തിയതും. ദു:ഖവെള്ളിയാഴ്ച കുരിശുമലകയറ്റവും കുരിശിന്റെ വഴിയും നടക്കാനിരിക്കെയാണ് മുന്നറിയിപ്പോ നോട്ടിസോ നൽകാതെ കുരിശു പിഴുതുമാറ്റിയതെന്ന് വിശ്വാസികൾ പറഞ്ഞു.
65 വർഷമായി കുടിയേറ്റ ജനത താമസിക്കുന്നിടത്താണ് സംഭവം. നാരുങ്ങാനത്ത് കുറച്ചു പേർക്ക് പട്ടയവുമുണ്ട്. ബാക്കിയുള്ളവർ പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്ന് പഞ്ചായത്തംഗം പി.ജി.സുരേന്ദ്രൻ പറഞ്ഞു. ആറു പതിറ്റാണ്ടായി ജനങ്ങൾ താമസിക്കുന്ന സ്ഥലത്ത് പള്ളിയുടെ സ്ഥലത്താണ് കുരിശ് സ്ഥാപിച്ചതെന്നു സെന്റ്തോമസ് പള്ളി വികാരി ഫാ.ജോർജ് ഐക്കരമറ്റം പറഞ്ഞു. തുടർനടപടികൾ ആലോചിക്കാൻ ഇന്ന് പള്ളി പൊതുയോഗം വിളിച്ചിട്ടുണ്ടെന്നും വികാരി പറഞ്ഞു. അതേ സമയം വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നും അതിനാലാണ് പിഴുതു മാറ്റിയതെന്നും ഇതിനു നോട്ടിസോ അറിയിപ്പോ നൽകേണ്ടതില്ലെന്നും കാളിയാർ റേഞ്ച് ഓഫിസർ ടി.കെ.മനോജ് വിശദീകരിച്ചു.