ജീപ്പിടിച്ച് പരുക്കേറ്റ് അബോധാവസ്ഥയിൽ 4 വർഷം; ഒടുവിൽ മരണത്തിന് കീഴടങ്ങി

Mail This Article
കട്ടപ്പന ∙ ജീപ്പിടിച്ചു ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സ്കൂട്ടർ യാത്രികൻ നാലു വർഷത്തിനുശേഷം മരണത്തിനു കീഴടങ്ങി. കടശിക്കടവ് പുളിച്ചമൂട്ടിൽ പി.ജെ.രാജൻ(60) ആണ് മരിച്ചത്. ഇടിച്ചിട്ട ശേഷം വാഹനവുമായി കടന്ന ഡ്രൈവർ ഒരു വർഷത്തിനുശേഷം പൊലീസ് പിടിയിലായിരുന്നു. 2021 ജനുവരി 27ന് ആയിരുന്നു അപകടം. പുറ്റടി ഭാഗത്തുനിന്ന് അണക്കരയിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന രാജനെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്ന നിലയിലാണ് രാജനെ കണ്ടെത്തിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു.
-
Also Read
ആംബുലൻസ് അപകടം: രോഗി മരിച്ചു
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ വണ്ടൻമേട് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് രാജന്റെ ഭാര്യ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും കട്ടപ്പന ഡിവൈഎസ്പിക്കും പരാതി നൽകി. തുടർന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന ആർ.കറുപ്പസ്വാമിയുടെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ അപകടം സൃഷ്ടിച്ച വാഹനവും ഡ്രൈവർ കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖറും പിടിയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10ന് പഴയകൊച്ചറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കടശിക്കടവ് തെന്നച്ചേരിൽ നൈസി. മക്കൾ: നൈജു(കാനഡ), സൂസൻ(വിദ്യാർഥി, ചെന്നൈ).