പുല്‍വാമയും ബാലാക്കോട്ടും വിധി പറയും; ജമ്മു കശ്മീരിൽ ആരു വാഴും ആരു വീഴും?
Mail This Article
‘ഇന്ത്യയുടെ തലയെടുപ്പ്’ - ജമ്മു കശ്മീരിനെ ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. അതിർത്തിയിലെ ഭീകരാക്രമണം, പാക്കിസ്ഥാന്റെ കടന്നുകയറ്റം എന്നിങ്ങനെ അൽപം തലവേദനയുണ്ടാക്കുന്നയിടം തന്നെയാണ് കശ്മീർ താഴ്‌വര. 17ാം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു രാജ്യം നീങ്ങുമ്പോൾ ജമ്മു കശ്മീർ ആർക്കൊപ്പം നിൽക്കും. അനന്ത്നാഗ്, ബാരാമുള്ള, ജമ്മു, ലഡാക്ക്, ശ്രീനഗർ, ഉദ്ദംപൂർ എന്നീ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്.
‘പുൽവാമയ്ക്കു മുൻപും പുൽവാമയ്ക്കു ശേഷവും’ എന്നോ ‘ബാലാക്കോട്ടിനു മുൻപും ബാലാക്കോട്ടിനു ശേഷവും’ എന്നോ ഇന്ത്യൻ രാഷ്ട്രീയത്തെ വിലയിരുത്തുമ്പോൾ അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംസ്ഥാനമായി മാറുന്നു ജമ്മു കശ്മീർ. ഭൂമിശാസ്ത്രപരമായി ജമ്മു എന്നും കശ്മീരെന്നും രണ്ടായി വിഭജിക്കുന്നതു പോലെ തന്നെയാണ് കശ്മീർ രാഷ്ട്രീയവും. ജമ്മുവിൽ തീവ്ര ദേശീയ വികാരം അലയടിക്കുമ്പോള്‍ കശ്മീരിൽ കാറ്റ് എതിർദിശയിൽ തന്നെയാവും വീശുക എന്നാണു പൊതുവിലയിരുത്തൽ.
ജമ്മു, കശ്മീർ, ലേ ലഡാക്ക് ഈ മൂന്നു പ്രവിശ്യകളിലായി മൊത്തം ആറ് ലോക്സഭാ മണ്ഡലങ്ങൾ. നാലുപാർട്ടികൾ - ബിജെപി, പിഡിപി, കോൺഗ്രസ്, നാഷനൽ കോൺഫറൻസ്. ജമ്മു ബിജെപിക്കും കശ്മീർ പിഡിപിക്കും ഒപ്പം നിൽക്കുമെന്നതു ചരിത്രം. നാഷനൽ കോൺഫറന്‍സിനെയും കോൺഗ്രസിനെയും ഒഴിച്ചു നിർത്തിയ ഒരു രാഷ്ട്രീയ ചരിത്രം സംസ്ഥാനത്തിനില്ല. എന്നാൽ പുതിയ രാഷ്്ട്രീയ സാഹചര്യം എന്തായിരിക്കുമെന്നത് അപ്രവചനീയം.
കാരണം, ബാലാക്കോട്ടിനു മുൻപും ശേഷവും രാഷ്ട്രീയ കാലാവസ്ഥ തികച്ചും വ്യത്യസ്തമാണ്. ബാലാക്കോട്ടിനു മുൻപു കർഷക സമരവും നോട്ടു നിരോധനവും സാമ്പത്തിക പ്രതിസന്ധിയും വർഗീയതയുമൊക്കെയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങളെങ്കിൽ പുൽവാമ ഭീകരാക്രമണത്തിനുശേഷം ഇതെല്ലാം പ്രചാരണാന്തരീക്ഷത്തിൽനിന്ന് അപ്രത്യക്ഷമായി എന്നു തന്നെ പറയാം. പകരം രാജ്യസുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, ദേശീയത എന്നിവ തുറുപ്പുചീട്ടാക്കി ബിജെപി കളംനിറയുകയാണ്. ബാലാക്കോട്ട് തിരഞ്ഞെടുപ്പു പ്രചാരണായുധമാക്കില്ലെന്നു ബിജെപി പറഞ്ഞിരുന്നെങ്കിലും പിന്നീട് ഈ നിലപാടിൽനിന്നു വ്യതിചലിച്ചു. ഇത്തരം നീക്കങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ കൂടുതൽ സ്വാധീനം ചെലുത്താനുള്ള സാധ്യത ചെറുതല്ല. അഞ്ചു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആര് വാഴും ആര് വീഴും എന്നതു കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.
ദേശീയത കത്തുന്ന ജമ്മു
കാലങ്ങളായി ബിജെപിക്ക് ഒപ്പം നിൽക്കുന്ന പ്രദേശമാണ് ജമ്മു. അതുകൊണ്ടുതന്നെ ജമ്മുവിൽ ദേശീയതയിലും ഭീകര വിരുദ്ധ പ്രവർത്തനത്തിലും രാജ്യസുരക്ഷയിലും ഊന്നിയായിരിക്കും ബിജെപിയുടെ പ്രചാരണം എന്നു നിസ്സംശയം പറയാം. തീവ്രവലതുപക്ഷ ചിന്താഗതിയുള്ള കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരാണു ഭൂരിപക്ഷവും. ജമ്മുവിൽനിന്നു ബിജെപിയെ വിജയിപ്പിച്ചു വിട്ടതാണു ചരിത്രം. തീവ്ര വലതുപക്ഷ പ്രസ്താവനകൾ ജമ്മുവിലെ തിരഞ്ഞെടുപ്പു വേദികളിൽ തീപാറിക്കുമെന്നുറപ്പ്. അതിനു മുന്നോടിയായായിരുന്നു ജമ്മുവിൽ എതിരാളികൾക്കെതിരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവനയും.
‘1999ൽ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനായി വാദിച്ച പാർട്ടികളാണു കോൺഗ്രസും നാഷനൽ കോൺഫറൻസും എന്നു മറക്കരുത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും ചരിത്രം മറക്കരുത്. ഭീകരവാദത്തെയും വിഘടനവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇരുപാർട്ടികളും എടുത്തിരുന്നത്’ - ജിതേന്ദ്രസിങ് പറഞ്ഞു. 1947 മുതലുള്ള ചരിത്രം പരിശോധിച്ചാൽ രാഹുൽ ഗാന്ധിയുടെ പൂർവികർ പോലും കശ്മീർ ജനതയെ വഞ്ചിക്കുകയായിരുന്നു എന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു. ‘മെഹബൂബ മുഫ്തി നയിക്കുന്ന പിഡിപിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഹവാല പണത്തിലൂടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കശ്മീർ വിഘടനവാദി നേതാവ് മിർവെയ്സ് ഉമർ ഫാറൂഖിനും ജെയ്ഷെ മുഹമ്മദിനും വേണ്ടി വാദിക്കുന്ന പാർട്ടിയാണ് അവരുടേത്. ഇതെല്ലാം ജനങ്ങൾ തള്ളിക്കളയും’ - കേന്ദ്രമന്ത്രി പറയുന്നു. ഇങ്ങനെ ദേശീയ വികാരം തന്നെ മുഖ്യവിഷയമാക്കി ജമ്മുവിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി.
പിഡിപിയുടെ കശ്മീർ
ജമ്മുവിൽ ബിജെപിക്കാണ് മേൽക്കൈ എങ്കിൽ കശ്മീരിൽ കഥ വ്യത്യസ്തമാണ്. ഇസ്‌ലാം മതവിശ്വാസികൾ ഭൂരിപക്ഷമുള്ള പ്രദേശത്തിന്റെ രാഷ്ട്രീയം എക്കാലവും പിഡിപിക്കൊപ്പം. 1998ൽ മുഫ്തി മുഹമ്മദ് സയ്യിദ് ആണ് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിച്ചത്. 2016ൽ അദ്ദേഹത്തിന്റെ മരണശേഷം മകൾ മെഹബൂബ മുഫ്തിയായി പാർട്ടിയുടെ പരമാധികാരി. സംസ്ഥാനത്തു വ്യക്തമായ സ്വാധീനമുള്ള പാർട്ടിയാണ് പിഡിപി എന്നതു മുൻകാല തിരഞ്ഞെടുപ്പു ചരിത്രത്തിൽനിന്നു വ്യക്തം. 2004ൽ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും ഓരോ എംപിമാരെ അയച്ച് കശ്മീർ രാഷ്ട്രീയത്തിൽ പാർട്ടി അടിത്തറ ഉറപ്പിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിഡിപി പാർലമെന്റിൽ എത്തിച്ചതു മൂന്നു നേതാക്കളെയാണ്. ആദ്യകാലത്ത് ബദ്ധവൈരികളായിരുന്ന ബിജെപിയുമായി രാഷ്ട്രീയ ബന്ധം ഉണ്ടാക്കി, മെഹബൂബ മുഫ്തി ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയതു രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. എന്നാൽ, ആ ബന്ധം അധികനാൾ മുന്നോട്ടു പോയില്ല. പിഡിപി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് 2018 ജൂൺ 19നു ബിജെപി പിന്തുണ പിൻവലിച്ചു. മെഹബൂബയുടെ സർക്കാർ വീണു.
മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസിനും സ്വാധീനമുള്ള പ്രദേശമാണ് കശ്മീർ. കശ്മീരിൽ പ്രധാനമായും മത്സരം ബിജെപിയും കോൺഗ്രസും തമ്മിലായിരിക്കും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിലൂന്നിയുള്ള പ്രചാരണ പരിപാടികൾക്കായിരിക്കും ഇരുപാർട്ടികളും ഊന്നൽ നൽകുക. ജയ്ഷെ മുഹമ്മദിനെ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മെഹബൂബ മുഫ്തി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
അങ്ങോട്ടും ഇങ്ങോട്ടും ചായുന്ന ലഡാക്ക്
ലേ ലഡാക്ക് - ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശം. ലേ, കാർഗിൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് ലഡാക്ക്. ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ് ഇവിടെ ഭൂരിഭാഗവും. ജമ്മുവിനെയോ കശ്മീരിനെയോ പോലെ ലഡാക്ക് രാഷ്ട്രീയത്തിനു സ്ഥിരമായ ചായ്‌വുകളില്ല. മറ്റിടങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കുറവ്. ഇവിടെനിന്നു 16ാം ലോക്സഭയിൽ ഒരു എംപി മാത്രമാണു ബിജെപിക്കുള്ളത് - തപ്സൻ ചിയാങ്. എന്നാല്‍ കഴിഞ്ഞ വർഷം നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു ലഡാക്കിൽ. അതുകൊണ്ടുതന്നെ ലഡാക്കിൽ ബിജെപിക്ക് ഇത്തവണ ജയിച്ചുകയറാനാവില്ലെന്നു തന്നെയാണ് ദേശീയ മാധ്യമങ്ങളുടെ സർവേകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ ബാലക്കോട്ടിനുശേഷം എന്തായിരിക്കും ജനങ്ങൾ ചിന്തിക്കുക എന്നതു സംബന്ധിച്ചു വ്യക്തതയില്ല. പൊതുവേ പരാജയ ഭീതിയിലായിരുന്നു ബിജെപി ഇവിടെ. അതുകൊണ്ടുതന്നെ വീണു കിട്ടിയ അവസരം പോലെ ബാലാക്കോട്ട് ആക്രമണത്തെ പ്രചാരണ വേദികളിൽ ബിജെപി പരമാവധി ഉപയോഗപ്പെടുത്തുമെന്നുറപ്പ്.
ദേശീയതയ്ക്കും വിഘടനവാദത്തിനും ഒരുപോലെ വളക്കൂറുള്ള മണ്ണാണ് ജമ്മു കശ്മീരിന്റേത്. നിലവിലെ സാഹചര്യത്തിൽ ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം നിലവിലെ തിരഞ്ഞെടുപ്പ് അൽപം ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ തന്നെ വ്യക്തമാക്കുന്നുമുണ്ട്. ഒരു ചെറുതീപ്പൊരി വീണാൽ മതി, അത് ആളിക്കത്തും. അതുകൊണ്ടുതന്നെ കനത്ത സുരക്ഷാവലയത്തിലാവും കശ്മീർ വിധിയെഴുതുക. ആടിയുലയുന്ന രാഷ്ട്രീയ സാഹചര്യത്തിൽ കശ്മീരി ജനതയുടെ മനസ്സ് എങ്ങോട്ടു ചലിക്കുമെന്നു കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.
Election Summary: Jammu Kashmir Elections 2019