പാന്റ്സിലും ചെരുപ്പിലും; സ്വർണം കടത്താൻ സ്വീകരിക്കുന്നത് വ്യത്യസ്ത മാർഗങ്ങൾ

Mail This Article
കഠ്മണ്ഡു∙ നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ഉപയോഗിക്കുന്നത് വ്യത്യസ്ത മാർഗങ്ങൾ. പാന്റ്സിനുള്ളിൽ പ്രത്യേകം തീർത്ത അറയിലും ചെരുപ്പിനുള്ളിലും സ്വർണം വച്ചാണ് അതിർത്തി കടത്തുന്നത്. 7,900 കോടി രൂപയുടെ സ്വർണമാണ് ഒരു രൂപ പോലും നികുതി കൊടുക്കാതെ വർഷം അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. ദുബായിൽനിന്നും നേപ്പാളിലേക്ക് സ്വർണം എത്തിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം മനോരമ ന്യൂസ് സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
ദുബായിൽനിന്നും സ്വർണം വലിയ പരിശോധനകൾ കൂടാതെ നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിലെത്തും. അവിടെനിന്ന് പുറത്തുകാത്തുനിൽക്കുന്ന സഹായികളുടെ അകമ്പടിയോടെ സ്വർണവുമായി കഠ്മണ്ഡുവിലേക്ക്. അവിടെ വച്ച് സ്വർണം പാന്റ്സിലും ചെരുപ്പിലും തീർത്ത പ്രത്യേക അറയിലേക്ക് മാറ്റും. ഇവിടെ നിന്ന് രാത്രിയോടെ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി ബസിൽ കയറും. ഒൻപത് മണിക്കൂർ യാത്ര മാത്രമാണ് ഇന്ത്യൻ അതിർത്തിയായ സുനോളിലേക്ക്. സുനോളിലേക്കുള്ള ബസ് യാത്രയിൽ എവിടെയും പരിശോധനയില്ല എന്ന ബസിന്റെ ഡ്രൈവർ തന്നെ വ്യക്തമാക്കുന്നു. സുനോളി എത്തിയാൽ പിന്നെ നടന്നോ റിക്ഷയിലോ ഇന്ത്യൻ അതിർത്തി കടക്കാം. ഇത്തരത്തിൽ ദിനം പ്രതി കിലോക്കണക്കിന് സ്വർണമാണ് അതിർത്തി കടന്നെത്തുന്നത്.
ഗള്‍ഫില്‍നിന്ന് നേപ്പാളിലേക്കുളള ഒരേ വിമാനത്തില്‍ സ്വര്‍ണമൊളിപ്പിച്ച് എട്ടും പത്തും ഇന്ത്യന്‍ യാത്രക്കാരുണ്ടാകാറുണ്ടെന്ന വിശ്വസനീയമായ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം.