ADVERTISEMENT

ചെന്നൈ∙ മദ്രാസ് ഐഐടി വിദ്യാർഥിയായിരുന്ന ഫാത്തിമ ലത്തീഫിനെക്കുറിച്ചുള്ള ഒാർമകളുമായി മലയാളി അധ്യാപകന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഗുരുവായൂർ സ്വദേശിയും റിയാദ് യാര ഇന്‍റർനാഷണൽ സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗം തലവനുമായ എം. ഫൈസൽ ആണ് ഫാത്തിമയുടെ ഒാർമകൾ ഫെസ്ബുക്കിൽ കുറിച്ചത്. ഫാത്തിമ എന്ന കുട്ടിയുടെ പഠനമികവിനെക്കുറിച്ചും വായനയെക്കുറിച്ചുമെല്ലാമാണ് കുറിപ്പിലുള്ളത്. മരിക്കുന്നതിനു മണിക്കൂറുകൾ മുൻപു താൻ ഫാത്തിമയെ വിളിച്ചിരുന്നുവെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ലെന്നും അധ്യാപകൻ പറയുന്നു.

എം. ഫൈസലിന്റെ ഫെയ്സ്ബുക് കുറിപ്പിന്റെ സംക്ഷിപ്ത രൂപം

ഫാത്തിമ ലത്തീഫ് എന്ന വിദ്യാർഥി ഞാൻ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാൻ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകർഷിച്ചത്. ഒന്ന് നിരന്തരമായി സ്കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളിൽ എത്തുന്നവളായിരുന്നു ഫാത്തിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവൾ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദർഭത്തിലാണ്. അതേ കാലത്തുതന്നെ ഞാൻ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടിൽ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങൾ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ അവൾ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് ആയിരുന്നു. ആ സമയത്തെ, ലോക ക്ലാസിക്കുകളിലൂടെ അവൾ കടന്നുപോകുന്നുണ്ട്.

ഈ വർഷം ഐഐടിയിലെ ഹുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷനിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്കോടെ അവൾക്കു പ്രവേശനം ലഭിച്ചു. ജൂലൈ മാസത്തിൽ അവൾക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങൾ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാൽ ചില പുസ്തക വാർത്തകൾ പങ്കുവെക്കുമായിരുന്നു. ഈ മാസം എട്ടിന് ഞാൻ അവളെ വാട്സപിൽ ബന്ധപ്പെട്ടു. ആ ഫോൺ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാത്തിമയുടെ നമ്പർ തന്നു. അങ്ങനെയാണ് ഞാൻ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്. അവളുടെ കോഴ്സിന്റെ കരിക്കുലം വിശദാംശങ്ങൾ, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങൾ ഞാൻ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങൾ തന്നു. സർ, ഇത് ആർക്കു വേണ്ടിയാണ് എന്ന് ചോദിച്ചു. എന്റെ മകൻ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടർന്ന് കുടുംബങ്ങളുടെ കാര്യങ്ങൾ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവൾ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി.

എന്തിലേക്കൊക്കെ പോയാലും ഒടുവിൽ ഈ വേദനയിൽ തിരിച്ചെത്തുന്നു. ഇന്ന് സ്കൂളിൽ രാവിലെ ഈ വിഷയത്തിൽ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാൻ ആവതും നോക്കി. അതിനിടയിൽ ഈ ദുരന്തം വാർത്താമാധ്യമങ്ങളിലെത്തിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിച്ചു. സൗഹൃദവലയത്തിലുള്ള ഒന്നുരണ്ട് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവർ അത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇപ്പോൾ ദേശീയമാധ്യമങ്ങളിൽ വരെ പ്രാധാന്യത്തോടെ വാർത്തകൾ വരുന്നുണ്ട്. ഫാത്തിമ നഷ്ടമായി. എന്നാൽ ഇനിയും നമ്മുടെ മക്കൾ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തിൽ, കരുത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടും.

എന്നാൽ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകൾ നമ്മുടെ മക്കൾക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കിൽ ഏതുതരം രാജ്യത്താണു നമ്മൾ ജീവിക്കുന്നതെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നു. മതവർഗീയത വെച്ചുപുലർത്തുന്നവർക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാർക്ക് ഏതു സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടിൽ ഫാത്തിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങൾ നോട്പാഡിലുണ്ടെന്നും പറയുന്നു. ഇതിൽ നിന്നു കാര്യങ്ങൾ വ്യക്തമാണ്.

എന്നോട് ഒരു ദിവസം എന്റെ ഒരു സ്നേഹിത ചോദിച്ചു, ഇന്ത്യയിൽ ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ എന്ന്. ഞാൻ പറഞ്ഞു, ഉണ്ട്. ഇപ്പോൾ ആ ഭയം പല കാരണങ്ങളാൽ ഏറുന്നു. ഇന്ത്യൻ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉൽകൃഷ്ടമാതൃകയായ ഐഐടിയുടെ കഥ ഇതാണെങ്കിൽ നമ്മളിനി ആരിൽ പ്രതീക്ഷ അർപ്പിക്കണം? ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നും പെൺ-ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാൻ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാം. ഈ രോഗത്തിന് ചികിത്സ നൽകാൻ നമ്മൾ ഏത് ഭിഷഗ്വരനോടാണ് പറയുക?

English Summary : Facebook post on Fathima Latheef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com