ADVERTISEMENT

ചൈനയിൽ തുടങ്ങി യൂറോപ്പിലേക്ക് കോവിഡ് 19 വ്യാപിച്ചപ്പോൾ ശക്തമായ പ്രഹരം ഏറ്റുവാങ്ങിയ രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ ഒന്നൊന്നായി കോവിഡിനു കീഴടങ്ങുകയായിരുന്നു. ബ്രിട്ടനും സ്പെയിനും മരണസ്പർശമേറ്റ്‌ വിറങ്ങലിച്ച് നിന്നപ്പോൾ അതുവരെ കോവിഡ് 19 ബാധ സ്ഥിരീകരിക്കാതിരുന്ന റഷ്യയ്ക്കും രോഗബാധ സ്ഥിരീകരിക്കേണ്ടി വന്നു. ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3245 പേർ മാത്രമെന്നാണ് ചൈനയുടെ വാദം. എന്നാൽ ഇറ്റലിയിൽ രോഗവ്യാപനം പ്രവചനാതീതം ആയിരുന്നു. ആഴ്ചകൾക്കുള്ളിൽ പതിനായിരത്തിലധികം പേർ രാജ്യത്ത് മരിച്ചു വീണു.

കോവിഡ് ലോകം തകർക്കാൻ കെൽപ്പുള്ള ഒരു ഭീകര മഹാമാരിയാണെന്നു ലോകം തിരിച്ചറിയുന്നതു തന്നെ ഇറ്റലിയിൽ അതു പടർന്നപ്പോഴാണ്. പല ലോക രാജ്യങ്ങളും കൊറോണയ്ക്കു മുന്നിൽ കീഴടങ്ങിയതോടെ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരവും ഹ്യുബെ പ്രവിശ്യയും ചൈന പൂർണമായും അടയ്ക്കുന്നത് ജനുവരി 23 നാണ്. അതിനിടെ ഏകദേശം 50 ലക്ഷം പേർ അവിടെനിന്ന് ചൈനയ്ക്ക് അകത്തും പുറത്തുമായി സഞ്ചരിച്ചിരുന്നു.

അമിതമായ ആത്മവിശ്വാസവും മുൻകരുതൽ ഇല്ലായ്മയുമാണ് ഇറ്റലിയെ ശവപ്പറമ്പാക്കിയത്. രാജ്യത്തെ ഭരണകൂടവും രാഷ്ട്രീയ നേതാക്കന്മാരും രോഗവ്യാപന സാധ്യതാ സമയത്ത് ജനങ്ങൾക്ക് നേരായ നിർദേശങ്ങളല്ല നൽകിയത്. രാഷ്ട്രീയ,ഭരണ നേതൃത്വങ്ങൾ ജനങ്ങളിൽ അമിതമായ ആത്മവിശ്വാസവും മുൻകരുതലില്ലായ്മയും സൃഷ്ടിച്ചു. മരണസംഖ്യ ഉയർന്നതോടെയാണ് ഇറ്റലിക്കാർക്ക് രോഗവ്യാപനത്തിന്റെ‌ തീവ്രത മനസ്സിലാകുന്നത്. അപ്പോഴേയ്ക്കും ഭരണനേതൃത്വവും രാഷ്ട്രീയ നേതൃത്വവും മാപ്പു പറഞ്ഞ് മാളങ്ങളിൽ അഭയം പ്രാപിച്ചു കഴിഞ്ഞിരുന്നു. ജനം ചികിത്സ കിട്ടാതെ ആശുപത്രി വരാന്തകളിൽ മരിച്ചു വീണുകൊണ്ടിരുന്നു; അവരിലേറെയും വയോജനങ്ങളും

ജപ്പാൻ കഴിഞ്ഞാൽ വയോധികർ ഏറ്റവുമധികമുള്ള രാജ്യമാണ് ഇറ്റലി. രാജ്യത്തെ ജനസംഖ്യയുടെ 23% വരും അവർ. വയോജന സംരക്ഷണത്തിനു നൽകിയിരുന്ന പ്രാധാന്യമെല്ലാം ഈ അവസരത്തിൽ ഇറ്റലിയുടെ ആരോഗ്യ വകുപ്പ് മറന്നു. മരണാസന്നരായ വയോധികരുടെ വെന്റിലേറ്ററുകൾ പോലും യുവജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മാറ്റിവയ്ക്കേണ്ടി വന്നു.

ഏകദേശം മൂന്നു ലക്ഷത്തി പതിനായിരത്തിലധികം ചൈനീസ് വംശജർ ഇറ്റലിയിൽ ഉള്ളതായി കരുതപ്പെടുന്നു. ഇവരിൽ പലരും ടെക്സ്റ്റൈൽ ഉൾപ്പെടെയുള്ള അസംഘടിത മേഖലകളിൽ തൊഴിലെടുക്കുന്നവരാണ്. ചൈനയിലെ പുതുവർഷ ആഘോഷങ്ങളിൽ ഇവരുടെ പങ്കാളിത്തവും ചാംപ്യൻസ് ലീഗ് മത്സരം കാണുവാൻ സ്റ്റേഡിയത്തിൽ ജനങ്ങൾ ഒത്തുചേർന്നതും കോവിഡിന്റെ സാമൂഹികവ്യാപനത്തിനു മുഖ്യ കാരണങ്ങളായതായി നിരീക്ഷകർ വിലയിരുത്തുന്നു. സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന അമിതമായ ആത്മവിശ്വാസവും യുവജനതയുടെ ആഘോഷങ്ങളും ജീവിതരീതിയുടെ ഭാഗമായ ആലിംഗനങ്ങളുമാണ് ആ രാജ്യത്തെ പകർച്ചവ്യാധിയുടെ യൂറോപ്പിലെ മുഖ്യ വേദിയാക്കിയത്. ആചാരങ്ങളും ആഘോഷങ്ങളുമല്ല, വ്യക്തിജീവിതത്തിലെ നിയന്ത്രണങ്ങളും ആരോഗ്യകാര്യത്തിലെ മുൻകരുതലുകളുമാണ് ഒരു ജനത ആദ്യം ആർജിച്ചെടുക്കേണ്ടതെന്ന് ഇറ്റലിയുടെ അനുഭവം ലോകത്തോട് പറയുന്നു.

ഇറ്റലി അക്ഷരാർഥത്തിൽ ഒരു മരണ വീടായി മാറിയപ്പോഴാണ് പല യൂറോപ്യൻ രാജ്യങ്ങളും ആലസ്യം ഉപേക്ഷിച്ച് അടിയന്തര പ്രതിരോധമാർഗങ്ങൾ തിരഞ്ഞു തുടങ്ങിയത്. ഇറ്റലിക്കു പിന്നാലെ, ബ്രിട്ടനും സ്പെയിനും എല്ലാം കോവിഡിനു മുന്നിൽ മൂക്കുകുത്തി. ചാൾസ് രാജകുമാരനും പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെ ആയിരങ്ങൾ വൈറസ് ബാധിച്ച് കിടക്കയിലായി. ആഴ്ചകൾക്കുള്ളിൽ ആയിരങ്ങൾ മരിച്ചുവീണു. ഈ രാജ്യങ്ങളിലെല്ലാം ഭരണകൂടങ്ങളോ ജനങ്ങളോ രോഗത്തെ ഗൗരവമായി എടുത്തില്ല. ഇറ്റലിയുടെ സമാന സാഹചര്യങ്ങൾ തന്നെയായിരുന്നു അവിടെയും.

പകർച്ചവ്യാധിയുടെ ആക്രമണം ആരംഭിച്ച ഘട്ടത്തിൽ ജനത്തെ ഭീതിയിലാഴ്ത്തിയും സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടു വലിച്ചുമുള്ള ‘നിശ്ചലാവസ്ഥ’ പ്രഖ്യാപിക്കാൻ പല യൂറോപ്യൻ രാജ്യങ്ങളും മടിച്ചു. ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കാൻ അവർക്കും മടിയായിരുന്നു. പകർച്ചവ്യാധിയുടെ വേഗവും വ്യാപ്തിയും ഭരണാധികാരികളുടെയും ആരോഗ്യ വിദഗ്ധരുടെയും ജനങ്ങളുടെയും കണക്കുകൂട്ടലുകൾക്കപ്പുറമായിരുന്നു. അയൽരാജ്യങ്ങളുമായി ചേർന്ന് കോവിഡിനെതിരെ പോരാടുവാൻ ഇന്ത്യ മുന്നോട്ടു വന്നതു പോലുള്ള ശ്രമം യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് വലിയൊരു ദുര്യോഗമാണ്. മഹാമാരിയുടെ ഗൗരവം ആദ്യം മുതൽക്കെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ യൂറോപ്പ് മരണങ്ങളുടെ മരുഭൂമിയായി മാറിയില്ലായിരുന്നു.

കോവിഡിന് അതിവേഗം കീഴ്പ്പെട്ട സ്പെയിനിലെ കാര്യവും വ്യത്യസ്തമായിരുന്നില്ല. അലസമായ പ്രതിരോധ നടപടികളും പകർച്ചവ്യാധിയെക്കുറിച്ചുള്ള അവബോധമില്ലായ്മയും നിയന്ത്രണമില്ലാത്ത സാമൂഹിക ഇടപെടലുകളും അധികാരികളുടെ നിർദ്ദേശങ്ങൾ അവഗണിച്ചു നിറഞ്ഞൊഴുകിയ നിരത്തുകളുമാണ് സ്പെയിനിനെ അപകടത്തിലാക്കിയത്. ആരോഗ്യമേഖലയിലെ അപര്യാപ്തതകളും രോഗപ്രതിരോധത്തിനു വിഘാതം സൃഷ്ടിച്ചു.

സ്പെയിനിൽ എന്തുകൊണ്ട് ഇത്രയധികം മരണങ്ങൾ അതിവേഗം ഉണ്ടായി? നർവാറ യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെൽത്ത് വിഭാഗം പ്രഫ. സിൽവിയ കാർലോസ് ചില്ലെറോണിന്റെ വിലയിരുത്തലിൽ മരണങ്ങളുടെ പ്രധാനകാരണം ആരോഗ്യപരിപാലന രംഗത്തെ അപര്യാപ്തതകളും കരുതൽ ഇല്ലായ്മയും തന്നെയായിരുന്നു. ജനങ്ങൾ കൂട്ടത്തോടെ ആശുപത്രികളിൽ അഭയം പ്രാപിച്ചപ്പോൾ അവരെ ഉൾക്കൊള്ളുവാനുള്ള ശേഷി ആരോഗ്യപരിപാലന സംവിധാനങ്ങൾക്കില്ലായിരുന്നു.

അകലെയെന്നു കരുതുന്ന അപകടങ്ങൾ അരികിലെത്താൻ അധിക സമയം വേണ്ട എന്നതു നാം യൂറോപ്പിൽ കണ്ടുകഴിഞ്ഞു. മഹാമാരികളുടെ ആക്രമണങ്ങൾക്കു മുന്നിൽ മനുഷ്യൻ ഒന്നുമല്ലെന്നും കാലങ്ങളായി വൈദ്യശാസ്ത്രം ആർജ്ജിച്ചെടുത്ത നേട്ടങ്ങളെല്ലാം പ്രതിസന്ധി ഘട്ടത്തിൽ നിശ്ചലമാകാമെന്നുമുള്ള പാഠം ഭാവിയിലേക്കുള്ള മുൻകരുതലായി ലോകജനത മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.

ട്രംപിൽ ഉണരാതെ പോയ രാഷ്ട്രീയബോധം; കുത്തകകൾക്ക് വക്കാലത്തും (തുടരും)

പരമ്പരയുടെ ഒന്നാം ഭാഗം: കോവിഡ് വന്നത് ശരിക്കും എവിടെ നിന്ന്, എങ്ങനെ; ആരു പറയുന്നതാണ് സത്യം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com