ADVERTISEMENT

‘‘കഴിഞ്ഞവർഷം ഫ്ലൂ ബാധിച്ചു നമ്മുടെ നാട്ടിൽ ആയിരക്കണക്കിനു പേർ മരിച്ചില്ലേ? അന്ന് നമ്മുടെ രാജ്യം പൂട്ടിയിട്ടില്ലല്ലോ?  വാഹന അപകടങ്ങളിൽ നിരവധി ആളുകൾ മരിക്കാറില്ലേ? അതുകൊണ്ട് വാഹന നിർമാണം നിർത്തിവയ്ക്കാൻ നമ്മൾ പറയുമോ? കാർ നമ്മൾ ഉപേക്ഷിക്കുമോ?’’– ഈ ചോദ്യങ്ങൾ ഉന്നയിച്ചത് ബൗദ്ധിക നിലവാരം ശരാശരിയിലും താഴെയുള്ള ഒരു മനുഷ്യനല്ല, ഏതോ ഏകാധിപത്യ രാജ്യത്തിലെ ജനവിരുദ്ധനായ ഭരണാധികാരിയും അല്ല, ലോകത്തെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ യുഎസിലെ പ്രസിഡന്റിന്റെ  വാക്കുകളാണിത്.

കോവിഡ്  നിയന്ത്രണങ്ങൾ ഈസ്റ്ററിനു മുമ്പുതന്നെ നീക്കണമെന്ന വാദത്തെ സാധൂകരിക്കാൻ യുഎസ് പ്രസിഡന്റ് ഉന്നയിച്ച ഈ വാദം ‌‌കേട്ട് ലോകം പോലും പകച്ചുനിന്നു. യുഎസിൽ കോവിഡ് വ്യാപനം ലക്ഷങ്ങളിലേക്കു കുതിക്കുന്ന അവസരമായിരുന്നു അത്. മരണസംഖ്യ ആയിരങ്ങൾ കഴിഞ്ഞിരുന്നു. നമ്മുടെ രാജ്യം പൂട്ടി വയ്ക്കാനുള്ളതല്ല തുറന്നിടാനുള്ളതാണെന്ന തന്റെ വാദത്തോട് യോജിപ്പുള്ള നിരവധിപേർ രാജ്യത്തുണ്ടെന്നും കൂടി യുഎസ് പ്രസിഡൻറ് ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയപ്പോൾ തോറ്റുപോയത് യുഎസ്എ എന്ന ജനാധിപത്യ രാജ്യത്തിലെ ജനമാണ്.

രാജ്യത്തിന്റെ വാതിലുകൾ തുറന്നു കിടക്കണമെന്ന് ട്രംപ് ശാഠ്യം പിടിക്കുവാനുള്ള കാരണമെന്താണ്? രാജ്യം പൂട്ടിയിടുവാനുള്ളതല്ല എന്ന വാദത്തോടു യോജിക്കുന്നവർ ആരാണ്? ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇതാണ് – ട്രംപ് ആത്യന്തികമായി ഒരു ബിസിനസുകാരനാണ്. ട്രംപിനോട്  യോജിക്കുന്നവർ ആഗോള വ്യവസായ കുത്തകകളാണ്. ജനത്തിന്റെ ജീവനേക്കാളേറെ ബിസിനസിലെ ലാഭനഷ്ടങ്ങൾക്ക് അനുസൃതമായി അവർ തീരുമാനങ്ങൾ എടുക്കുന്നു. കറകളഞ്ഞ ബിസിനസ്സുകാരൻ രാഷ്ട്രീയ നേതാവായപ്പോൾ ഒരു രാജ്യം നേരിട്ട ദുര്യോഗം! 

യുഎസിനകത്തും പുറത്തുമായി നിരവധി ബിസിനസ്സുള്ള ട്രംപിന് വ്യാപാരത്തിൽ നഷ്ടം കൂടുന്നതാണ് വേദന. പൂട്ടിക്കിടക്കുന്ന ബിസിനസ് സ്ഥാപനങ്ങൾ എത്രയും വേഗം തുറക്കണം. രാജ്യത്തിന് ഒരു കുഴപ്പവുമില്ല എന്ന പ്രതീതി സൃഷ്ടിക്കണം. കോവിഡ് രോഗബാധയുള്ളവരെ ആരോഗ്യമുള്ളവർ സംരക്ഷിക്കും. വ്യവസായ ലോബികളെ താനും.

സ്വന്തം രാജ്യ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലോകത്തിന്റെ ഏതു ഭാഗത്തും ആക്രമണങ്ങൾ നടത്താറുള്ള രാജ്യം, ഭീകരാക്രമണങ്ങളിൽ നിന്നു പൗരൻമാരുടെ ജീവൻ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാൻ മടിക്കാത്ത രാജ്യം, ഓരോ പൗരനും മികച്ച ആരോഗ്യ സാമൂഹിക സുരക്ഷ നൽകുവാൻ യത്‌നിക്കുന്ന രാജ്യം... യുഎസിന്റെ മേലുള്ള ഇത്തരം വിശേഷണങ്ങളെയെല്ലാം നിരർഥകമാക്കി നിസ്സംഗത നിറഞ്ഞ സമീപനമാണ് ട്രംപ് ഭരണകൂടത്തിന്റേത് എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നതിന്റെ സൂചനയാണ് യുഎസിൽ ക്രമാതീതമായി വർധിക്കുന്ന കോവിഡ്  മരണനിരക്ക്.

ഇന്ത്യയിലെ പ്രധാനമന്ത്രി വ്യത്യസ്ത സാംസ്‌കാരിക, സാമൂഹിക പശ്ചാത്തലങ്ങളുള്ള ജനതയെ ഒരുകൊടിക്കീഴിൽ അണിനിരത്തി മഹാമാരിയെ പ്രതിരോധിക്കുമ്പോഴും യൂറോപ്പിലെ ഏറ്റവും സമ്പന്ന രാജ്യമായ ജർമനിയുടെ ഭരണാധിപൻ രാജ്യത്തിന്റെ  സമ്പത്തു മുഴുവൻ ഉപയോഗിച്ചാലും ജനത്തിന്റെ ജീവൻ സംരക്ഷിക്കുമെന്ന്  പ്രഖ്യാപിക്കുമ്പോഴും  യുഎസ് പ്രസിഡന്റിനു സാമ്പത്തികനഷ്ടങ്ങളെ ഓർത്തു മാത്രമായിരുന്നു വേവലാതി.

കോവിഡ് ലോകമെമ്പാടും പടരുമ്പോൾ, അതിനു  കണ്ടുപിടിക്കാൻ സാധ്യതയുള്ള മരുന്നിന്റെ പേറ്റന്റ് ജർമൻ മരുന്ന് കമ്പനിയോടു ട്രംപ് ആവശ്യപ്പെട്ടെന്ന വാർത്ത പുറത്തുവിട്ടത് ജർമൻ പത്രം വെൽറ്റ്‌ ആം സോൺടാഗ് ആണ്. വാർത്ത ശരിയാണെന്ന് ജർമൻ ആരോഗ്യവകുപ്പ് അധികൃതർ റോയിട്ടേഴ്സിനോട് സമ്മതിക്കുകയും ചെയ്തു. ജനക്ഷേമ തല്പരനായ ഒരു ഭരണാധികാരിക്ക് ഒരിക്കലും ചിന്തിക്കുവാൻ കഴിയാത്ത കാര്യം ! അപ്പോൾ വെളിവാകുന്നത് ആഗോളകുത്തക ഭീമന്മാരുടെ മുഖം കോവിഡ് എന്ന മഹാമാരിയേക്കാൾ ഭീകരമെന്നാണ്.

പേറ്റന്റ് ലഭിച്ചാലും ജീവൻരക്ഷാ മരുന്ന് യുഎസ് ജനതയ്ക്കുപോലും മിതമായ വിലയ്ക്ക് ലഭിക്കില്ല. കാശുള്ളവന് ചികിത്സ ലഭിക്കും. മരുന്ന് കുത്തകകളുടെ ലാഭത്തിന്റെ രഹസ്യവും അതാണ്. മികച്ച നിരവധി ആശുപത്രികളുള്ള  രാജ്യമാണ് യുഎസ്‌. അതിന്റെ അവകാശികൾ കൂടുതൽ ലാഭം ആഗ്രഹിക്കുന്ന കുത്തകകളും. ഇൻഷുറൻസ് ഉള്ള രോഗികൾക്ക് മാത്രമാണ് ഈ രാജ്യത്ത് ചികിത്സ. അല്ലാത്ത പാവങ്ങൾ ആശുപത്രി വരാന്തയിൽ പുറത്തും. ഇതിനൊരു മാറ്റം വരുത്തിയത് ലിബറൽ ചിന്താഗതിക്കാരനായ മുൻ പ്രസിഡന്റ് ബറാക് ഒബാമയാണ്. ‘ഒബാമകെയർ’ എന്ന പേരിൽ അദ്ദേഹം  ഇൻഷുറൻസ് പദ്ധതികൾ ഏർപ്പെടുത്തി. എന്നാൽ ട്രംപ് ഭരണമേറ്റതോടെ ഈ പദ്ധതി പാഴ്ചെലവ് എന്നുപറഞ്ഞു റദ്ദാക്കി.

അതോടെ പാവപ്പെട്ടവന് ആശുപത്രി വീണ്ടും അന്യമായി. കോവിഡ് ചികിത്സയുടെ ചെലവ് യുഎസിലെ  8.5% വരുന്ന ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് താങ്ങാൻ പറ്റാത്തതാണ്. രോഗ വ്യാപനത്തിന്റെ  ആദ്യഘട്ടത്തിൽ മരിച്ചവരിലേറെയും സാധാരണക്കാരും പാവപ്പെട്ടവരുമായിരുന്നു എന്ന കാര്യവും ഇവിടെ ശ്രദ്ധേയമാണ്. ഒടുവിൽ പാവപ്പെട്ടവർക്കു വേണ്ടി സെന്റർ ഫോർ ഡിസീസിനു  മുന്നിൽ വാദിച്ച് ഇൻഷുറൻസ് പരിരക്ഷ നേടിക്കൊടുത്തത് ഡമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗം കാറ്റി പോർട്ടർ  ആണ്.

രാജ്യം തുറന്നിടണം  എന്ന്  ട്രംപ് ശഠിക്കുമ്പോൾ ചൈനയും രഹസ്യമായി ഈ ചിന്താഗതി തന്നെയല്ലേ വച്ചുപുലർത്തി രോഗവ്യാപനം ഇത്രയും  ഗുരുതരമാക്കിയതെന്ന ചോദ്യവും  ഉയർന്നുവരുന്നു. ചൈനീസ് വൈറസാണ് കോവിഡ് എന്ന് പ്രസ്താവിച്ചുകൊണ്ട് ആ ജനതയെ ട്രംപ് വംശീയമായി അധിക്ഷേപിച്ചപ്പോഴും ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളുടെ കോവിഡ് പ്രതിരോധത്തിൽ പോരായ്മകൾ ഉണ്ടെന്ന് പറഞ്ഞ് യുഎസ് ഏജൻസികൾ ഇന്ത്യയെ പരസ്യമായി അപമാനിച്ചപ്പോഴും ട്രംപിന്റെ ഭരണകൂടം സ്വന്തം ജനതയുടെ രക്ഷയ്ക്കായി എന്തു മുൻകരുതലുകൾ ആണ് എടുത്തത്?

ലക്ഷത്തിൽപരം രോഗികളെ ആഴ്ചക്കുള്ളിൽ സൃഷ്ടിച്ച രാജ്യമാണ് യുഎസ്. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ പലതും മികച്ച പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ലോകാരോഗ്യസംഘടന പോലും ഇന്ത്യയുടെ പ്രതിരോധ നടപടികളെ  അഭിനന്ദിച്ചുകഴിഞ്ഞു. കാര്യങ്ങൾ കൈവിട്ടുതുടങ്ങിയതോടെ ട്രംപ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടി എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ലോകരാജ്യങ്ങളെ പഴിചാരി  സ്വന്തം ജനതയെ കബളിപ്പിച്ച് ആയിരക്കണക്കിന് നിരപരാധികളെ മരണക്കിണറിലേക്കു തള്ളിവിടുകയാണ്  ട്രംപിന്റെ  ഭരണകൂടം. നാളെയോ മറ്റന്നാളോ ആ കാഴ്ച  അവസാനിക്കുകയില്ല എന്ന് വേദനയോടെ നാം തിരിച്ചറിയുന്നു. ലോകജനത ഒരു ഭാഗത്തും ജനത്തിന്റെ ജീവനേക്കാൾ ഉപരി സാമ്പത്തിക മേൽക്കോയ്മയ്ക്കായി ചരടുവലിക്കുന്ന ചില  ഭരണാധികാരികൾ മറുഭാഗത്തും നിൽക്കുന്ന കാഴ്ചയാണ് കേന്ദ്രീകൃത ഏകാധിപത്യ രാജ്യമായ ചൈനയിലും  സ്വതന്ത്ര ജനാധിപത്യ രാജ്യമായ യുഎസിലും  ഉൾപ്പെടെ കാണുന്നത് എന്നതാണ് മഹാമാരിയുടെ വ്യാപന കാലത്തെ നൊമ്പരപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ വസ്തുത . 

യുഎസ് ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ പൊതുവായി  കാണുന്ന ഒരു ചിന്താഗതിയാണ് ‘ഇതൊന്നും ഞങ്ങളെ ബാധിക്കില്ല’ എന്നത്. ലോകം ഒരു ‘ഗ്രാമം’ ആയി ചുരുങ്ങിയ ഈ കാലഘട്ടത്തിൽ മാറ്റിവയ്ക്കേണ്ട ഒരു ചിന്താഗതിയാണിത്. മനുഷ്യവംശം നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ മനുഷ്യൻ സൃഷ്ടിച്ച സാങ്കല്പിക അതിരുകൾക്കുള്ളിൽ നിൽക്കുന്നവയല്ല. വികസിത, വികസ്വര രാജ്യങ്ങളെയെല്ലാം അവ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും. നഷ്ടങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നു  മാത്രം.

അമിതമായ ആത്മവിശ്വാസം വെടിഞ്ഞ് മുൻകരുതൽ എടുക്കുന്നവർ ഒരുപരിധിവരെയെങ്കിലും അതിജീവിക്കും. സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാവ്യതിയാനവും മഹാമാരിയുടെ വ്യാപനവും നൽകുന്ന പാഠം പ്രതിസന്ധികളിൽ ഒരേ മനസ്സോടെ നിൽക്കാതെ മനുഷ്യവംശത്തിന് നിലനിൽപില്ല എന്നാണ്. വലിയ ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള ശക്തി മനുഷ്യനില്ല. അവിശ്വാസങ്ങൾ വെടിഞ്ഞുള്ള കൂട്ടായ്മയാണ് ഏക പരിഹാരം.

കോവിഡ് മൂന്നാം ലോകരാജ്യങ്ങളെ തകർക്കുമോ? ലോകത്തിനു സാന്ത്വന സ്പർശവുമായി ക്യൂബ...(തുടരും)

പരമ്പരയുടെ ഒന്നാം ഭാഗം : കോവിഡ് വന്നത് ശരിക്കും എവിടെ നിന്ന്, എങ്ങനെ; ആരു പറയുന്നതാണ് സത്യം?

പരമ്പരയുടെ രണ്ടാം ഭാഗം : മരണം പതിയിരിക്കുന്ന വഴിയിടങ്ങളിലും ആറാടി യൂറോപ്പിന്റെ വീഴ്ച!

English Summary : US Presient Donald Trump's reaction when covid 19 pandemic spread across the country

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com