നിര്‍ണായകഘട്ടത്തില്‍ അയല്ക്കാര്ക്കു മൗനം; മോദിയുടെ വിദേശനയം പാളിയോ?
Mail This Article
ന്യൂഡല്‍ഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രണ്ടു പ്രധാനപ്പെട്ട അയല്‍രാജ്യങ്ങളുടെ മൗനം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിട്ടും ഇന്ത്യയുടെ പരമ്പരാഗത സഖ്യരാജ്യങ്ങളായ നേപ്പാളും ബംഗ്ലദേശും ഒറ്റയക്ഷരം മിണ്ടിയിട്ടില്ല. ഏതു സന്ദിഗ്ധഘട്ടത്തിലും അയല്‍രാജ്യങ്ങള്‍ തന്നെ പിന്തുണയ്ക്കുമെന്ന നരേന്ദ്ര മോദിയുടെ ചിന്താഗതി പിഴച്ചുവെന്നാണു വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. പ്രതിസന്ധിഘട്ടത്തില്‍ അയല്‍ക്കാരുടെ സാന്നിധ്യവും പിന്തുണയും ഇല്ലാതിരുന്നത് ഏറെ ഗൗരവകരമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
2019-ല്‍ പ്രകോപനമുണ്ടാക്കിയ പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി കരുത്തനായ ഭരണാധികാരിയെന്ന നിലയിലേക്കുയര്‍ന്ന നരേന്ദ്രമോദി ഇപ്പോഴാണ് ശരിയായ വെല്ലുവിളി നേരിടുന്നത്. സൈനികശക്തിയില്‍ മുന്നിട്ടു നില്‍ക്കുന്ന ചൈന, 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത് സൃഷ്ടിച്ചിട്ടുള്ള പ്രകോപനം മോദി സര്‍ക്കാര്‍ ഏതു തരത്തില്‍ കൈകാര്യം ചെയ്യുമെന്നതാണ് രാജ്യമാകെ ഉറ്റുനോക്കുന്നത്.
ചൈനീസ് ഉല്‍പന്ന ബഹിഷ്‌കരണം ഉള്‍പ്പെടെ രാജ്യമെങ്ങും ചൈനീസ് വിരുദ്ധ വികാരം അലയടിക്കുകയാണ്. റയില്‍വേ ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചൈനീസ് കരാറുകള്‍ റദ്ദാക്കുന്നു. ദേശീയതാ വികാരം ആളിപ്പടരുന്നതിനിടയില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുകയെന്നതു മോദി സര്‍ക്കാരിനു മുന്നില്‍ വലിയ കടമ്പയാണ്. ലോകനേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധം നയരൂപീകരണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ശൈലിയില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാറി ചിന്തിക്കേണ്ടിവരുമെന്നാണു വിദേശരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കൂടുതല്‍ വിശാലമായ വിഷയങ്ങള്‍ പരിഗണിച്ചായിരിക്കണം ഇന്ത്യയുടെ സാമ്പത്തിക, സുരക്ഷാ മുന്‍ഗണനകള്‍ നിശ്ചയിക്കേണ്ടതെന്നും അവര്‍ വിലയിരുത്തുന്നു. വ്യക്തിപരമായ നയതന്ത്രജ്ഞതയ്ക്കുള്ള ന്യൂനതകളാണ് ചോരവീണ അതിര്‍ത്തി സംഘര്‍ഷം സൂചിപ്പിക്കുന്നതെന്ന് യുഎസ് മുന്‍ വിദേശകാര്യ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി അല്യസ ഐറസ് പറഞ്ഞു.
ഒന്നാം മോദി സര്‍ക്കാര്‍ ‘അയല്‍രാജ്യങ്ങള്‍ ആദ്യം’ എന്ന നയത്തിന്റെ ഭാഗമായി ബംഗ്ലദേശുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിച്ചിരുന്നു. ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായുള്ള ബന്ധവും ഊഷ്മളമാക്കി. എന്നാല്‍ രണ്ടാം സര്‍ക്കാര്‍ ദേശീയതയിലൂന്നി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ പരമ്പരാഗതമായി സൗഹൃദത്തിലായിരുന്ന പല അയല്‍രാജ്യങ്ങളും ശത്രുപക്ഷത്തേക്കു മാറുന്ന അവസ്ഥ സംജാതമായി. വാണിജ്യ, സുരക്ഷാ പങ്കാളികളായിരുന്ന അയല്‍ക്കാരും അസംതൃപ്തരായി.
ചൈനയുമായി മേയ് 5-ന് അതിര്‍ത്തി സംഘര്‍ഷം ആരംഭിച്ചതു മുതല്‍ നരേന്ദ്ര മോദി പല രാജ്യങ്ങളുമായും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്ന് മാത്രമാണ് പ്രതികരണം ഉണ്ടായത്. രണ്ടു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയ ഗുട്ടെറസ് ആവശ്യപ്പെട്ടത്.
ഇന്ത്യ തങ്ങളുടെ ഭൂവിഭാഗം കൈയേറിയെന്ന നേപ്പാളിന്റെ ആരോപണത്തെക്കുറിച്ചു ക്രിയാത്മകമായ ചര്‍ച്ച നടത്താന്‍ ഭരണകൂടം തയാറാകാതിരുന്നതാണ് നേപ്പാളിനെ ശത്രുപക്ഷത്താക്കിയതെന്നു വിദേശരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം നേപ്പാളിലെ ഒലി സര്‍ക്കാരുമായി പാര്‍ട്ടി തലത്തില്‍ ശക്തമായ ബന്ധം നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുകയും ചെയ്തു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. അടുത്തിടെ വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മോമന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി പ്രതിഷേധം അറിയിച്ചിരുന്നു. ഈ ഘട്ടത്തില്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ തന്ത്രപരമായ മാറ്റം ഉള്‍ക്കൊളളാന്‍ മോദി സര്‍ക്കാര്‍ തയാറാകണമെന്നാണു നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.
ചൈനയുടെ എതിരാളികളായ അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ അടുക്കുമ്പോഴും തങ്ങളുടെ രണ്ടാമത്തെ വലിയ വാണിജ്യപങ്കാളിയായ ചൈനയുമായി കൂടുതല്‍ അകലുന്നത് സാമ്പത്തിക മേഖലയ്ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് മോദി സര്‍ക്കാര്‍ ആലോചിക്കണമെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
English Summary: Narendra Modi finds neighbours silent as India-China tensions simmer