മറ്റുള്ളവർക്കു മുൻപേ ഗ്രൗണ്ടിൽ, സിമന്റ് പിച്ചിൽ പ്ലാസ്റ്റിക് ബോൾ പരിശീലനം; അതിവേഗ പന്തുകൾക്കെതിരെ സഞ്ജുവിന്റെ ‘അതിവേഗ നീക്കം’- വിഡിയോ

Mail This Article
രാജ്കോട്ട്∙ ഇംഗ്ലിഷ് പേസർമാരുടെ അതിവേഗ പന്തുകൾ നേരിടുന്നതിലുള്ള ദൗർബല്യം ചർച്ചയാകുന്നതിനിടെ, രാജ്കോട്ടിലെ മൂന്നാം ട്വന്റി20ക്കു മുന്നോടിയായി പ്രത്യേക പരിശീലനത്തിനു സമയം കണ്ടെത്തി മലയാളി താരം സഞ്ജു സാംസൺ. കൊൽക്കത്തയിലും ചെന്നൈയിലും നടന്ന ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളിൽ ഇംഗ്ലിഷ് പേസർമാരായ ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവരുടെ അതിവേഗ പന്തുകൾ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ്, ഇത്തരം പന്തുകളെ നേരിടുന്നതിൽ പ്രത്യേക പരിശീലനത്തിന് സഞ്ജു സമയം കണ്ടെത്തിയത്. രണ്ടു മത്സരങ്ങളിലും ആർച്ചറിന്റെ പന്തു നേരിടാനാകാതെയാണ് സഞ്ജു പുറത്തായത്.
രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് മൂന്നാം ട്വന്റി20 മത്സരം നടക്കാനിരിക്കെ, മറ്റു താരങ്ങളേക്കാൾ മുൻപു തന്നെ സഞ്ജു ഗ്രൗണ്ടിലെത്തി പ്രത്യേക പരിശീലനം നടത്തി. ടീമിന്റെ പുതിയ ബാറ്റിങ് പരിശീലകനായ സീതാൻഷു കോട്ടകിന്റെ മേൽനോട്ടത്തിൽ ത്രോഡൗൺ സ്പെഷലിസ്റ്റുകളുടെ സഹായത്തോടെയായിരുന്നു സഞ്ജുവിന്റെ പ്രത്യേക പരിശീലന സെഷൻ.
ആർച്ചർ ഉൾപ്പെടെയുള്ളവരുടെ പേസും ബൗൺസുമുള്ള പന്തുകളെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിന്, സിമന്റ് പിച്ചിൽ പ്ലാസ്റ്റിക് പന്തുകൾ നേരിട്ടായിരുന്നു പരിശീലനം. പിന്നീട് സൈഡ് നെറ്റിലും സഞ്ജു ദീർഘനേരം പരിശീലനം നടത്തി. ഈ ഘട്ടത്തിൽ പേസും ബൗൺസുമുള്ള പന്തുകളെ സഞ്ജു അനായാസം നേരിട്ടതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്.
ഒരു മണിക്കൂറോളം സമയം സഞ്ജു സിമന്റ് പിച്ചിൽ പ്ലാസ്റ്റിക് പന്തുകൾ ഉപയോഗിച്ചുള്ള പരിശീലനം തുടർന്നു. സിമന്റ് പിച്ചിൽ കുത്തിയുയരുന്ന പ്ലാസ്റ്റിക് പന്തുകളിൽ പുൾ, ഹുക് ഷോട്ടുകളാണ് താരം കൂടുതലായി പരിശീലിച്ചത്. ഇതിനു പുറമേ റാംപ് ആൻഡ് കട്ട് ഷോട്ടുകൾ പരിശീലിക്കാനും സമയം കണ്ടെത്തി. പരിശീനത്തിനിടെ ബാറ്റിങ് കോച്ച് സീതാൻഷു കോട്ടക് ഇടയ്‌ക്കിടെ സഞ്ജുവിന്റെ സമീപമെത്തി നിർദ്ദേശങ്ങൾ നൽകി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ത്രോഡൗൺ സ്പെഷലിസ്റ്റുകൾ വ്യത്യസ്ത രീതികളിൽ സഞ്ജുവിനായി പന്തെറിഞ്ഞു.
അതിവേഗ ബോളർമാരുടെ പേസും ബൗൺസുമുള്ള പന്തുകളിൽ സഞ്ജു സാംസണിന് കാര്യമായ തോതിൽ റൺസ് കണ്ടെത്താനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ രണ്ടു മത്സരങ്ങളിലും ജോഫ്ര ആർച്ചറിനെതിരെ സമാനമായ രീതിയിൽ സഞ്ജു പുറത്തായതു ചൂണ്ടിക്കാട്ടിയായിരുന്നു ചോപ്രയുടെ പരാമർശം. ഒന്നാം ട്വന്റി20യിൽ ഗസ് അറ്റ്കിൻസനെതിരെ ഒരു ഓവറിൽ 22 റൺസ് നേടിയ പ്രകടനം മാറ്റിനിർത്തിയാൽ, പേസും ബൗൺസുമുള്ള പന്തുകളിൽ റൺസ് കണ്ടെത്താൻ സഞ്ജുവിന് സാധിക്കുന്നില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇവരുടെ പന്തുകളിൽ സഞ്ജു വിക്കറ്റും നഷ്ടമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതിവേഗ പന്തുകളിലെ ദൗർബല്യം ചർച്ചയാകുന്നതിനിടെയാണ്, ആ പ്രശ്നം പരിഹരിക്കാൻ സഞ്ജുവിന്റെ പ്രത്യേക നീക്കം.