‘ആരോഗ്യ സേതു നിർമിച്ചത്....’: ‘ആപ്പി’ൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി∙ ആരോഗ്യ സേതു ആപ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പൊതു– സ്വകാര്യ മേഖലകളെ കൂട്ടിയിണക്കി കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ ഏറ്റവും സുതാര്യമായ രീതിയിൽ സർക്കാർ തന്നെയാണ് ആപ് നിർമിച്ചതെന്ന് കേന്ദ്രം അറിയിച്ചു. ദശലക്ഷകണക്കിന് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്ത ആപ് നിർമിച്ചത് ആരെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും കൈമലർത്തിയതിനു പിന്നാലെയാണ് വിശദീകരണവുമായി സർക്കാർ രംഗത്തുവന്നിരിക്കുന്നത്.
‘ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും മഹാമാരി സൃഷ്ടിച്ച ദുർഘടാവസ്ഥയെ നേരിടുന്നതിനായി ഏകദേശം 21 ദിവസമെടുത്താണ് ആരോഗ്യസേതു ആപ് നിർമിച്ചത്. വ്യാവസായിക ആക്കാദമിക സർക്കാർ തലത്തിലെ മികച്ച ഇന്ത്യൻ ബുദ്ധികേന്ദ്രങ്ങളെ ചേർത്തു നിർത്തി ശക്തമായ, സുരക്ഷിതമായ ഒരു ഇന്ത്യൻ നിർമിത കോൺടാക്ട് ട്രേസിങ് ആപ് നിർമിക്കുകയായിരുന്നു ലക്ഷ്യം. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യസേതു ആപ്പിനെ കുറിച്ചോ അത് വഹിച്ച പങ്കിനെ കുറിച്ചോ യാതൊരു സംശയവുമില്ല.’– സർക്കാർ അറിയിച്ചു.
എന്നാൽ കോവിഡ് പോരാട്ടം ശക്തിപ്പെടുത്താനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആപ് ആരാണ് നിർമിച്ചതെന്ന് വ്യക്തമായ ഉത്തരം നൽകാൻ സർക്കാരിനായിട്ടില്ല. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ് നിർമിച്ചതെന്ന് ആരോഗ്യ സേതു വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ ഈ രണ്ട് വിഭാഗങ്ങളും തങ്ങളല്ല ആപ് നിർമിച്ചതെന്ന് അറിയിച്ചു.
ആപ് നിർമിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്ന് നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ അറിയിച്ചു. ഐടി മന്ത്രാലയം, ദേശീയ ഇ–ഗവേണൻസ് ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ അധികൃതർ വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇരു വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ നവംബർ 24നു മുൻപ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസിൽ വിവരാവകാശ മന്ത്രാലയം അറിയിച്ചു.
ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരിൽ ഒരാളും ആരാണ് ആപ് നിർമിച്ചതെന്നതിൽ ഉത്തരം നൽകാൻ തയാറായിട്ടില്ലെന്ന് ആർടിഐ അറിയിച്ചു. ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കും ദേശീയ ഇ-ഗവേണൻസ് ഡിവിഷനും വിവരാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു.
English Summary : "Aarogya Setu Built By...": Government Clarifies After Row With RTI Body