നിവാർ ചുഴലിക്കാറ്റ് വഴിമുടക്കി; കോവിഡ് പോരാളിയായ യുവ ഡോക്ടർ മരിച്ചു

Mail This Article
ഭോപാൽ ∙ നിവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് വ്യോമഗതാഗതം നിർത്തിവച്ചതോടെ ശസ്ത്രക്രിയ മുടങ്ങി യുവ ഡോക്ടർ മരിച്ചു. രോഗികളെ ചികിത്സിക്കുന്നതിനിടെ കോവിഡ് ബാധിതനായ മധ്യപ്രദേശ് സ്വദേശി ഡോ. ശുഭം ഉപാധ്യായ് (30) ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസമായി കോവിഡ് ചികിത്സയിലായിരുന്നു.
ബുന്ധേൽഖണ്ഡ് മെഡിക്കൽ കോളജിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്ന ഡോക്ടർക്ക് ഒക്ടോബർ 28നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. നവംബർ 10ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ചിരായു മെഡിക്കൽ കോളജിലേക്കു മാറ്റി. ശ്വാസകോശത്തെ കൊറോണ വൈറസ് ഗുരുതരമായി ബാധിച്ചതിനാൽ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. അജയ് ഗോയങ്ക പറഞ്ഞു.
നിവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് മധ്യപ്രദേശിൽനിന്ന് ഡോക്ടറെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലേക്കു എയർലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല. ചെന്നൈയിലെത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ കോവിഡ് പോരാട്ടത്തിന്റെ മുൻനിരയിൽനിന്ന യുവ ഡോക്ടറുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും അജയ് ഗോയെങ്ക പറഞ്ഞു.
English Summary: Doctor, 30, Dies Of Covid; Cyclone Blocked Chennai Lung Transplant Hope