ADVERTISEMENT

കൊച്ചി∙ സ്വതന്ത്രരെ ഒപ്പം നിർത്തി കൊച്ചി കോർപറേഷൻ ഭരണം പിടിക്കാൻ അണിയറയിൽ തിരക്കിട്ട യുഡിഎഫ് നീക്കം. മാനാശേരിയിൽ എൽഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച കെ.പി. ആന്റണിയെ ഒപ്പം നിർത്താനായാൽ മറ്റു മൂന്നു പേരെ കൂടി പാളയത്തിലെത്തിച്ച് കൗൺസിലിൽ ഭൂരിപക്ഷം ഉറപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ നേതാക്കൾ കെ.പി. ആന്റണിയെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ ‘മനോരമ ഓൺലൈനു’ ലഭിച്ചു. കെ.പി. ആന്റണിയെ ഹൈബി ഈഡൻ എം.പി. മുൻ മേയർ ടോണി ചെമ്മിണി തുടങ്ങിയവർ സന്ദർശിച്ച് ത്രിവർണ ഷാൾ പുതപ്പിക്കുന്നതിന്റെ ചിത്രമാണ് പുറത്തു വന്നത്.

നിലവിൽ കൊച്ചി കോർപറേഷനിൽ 31 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുള്ള യുഡിഎഫിന് നാലുപേരെ കൂടി കൂടെ നിർത്താനായാൽ ഭരണം ഉറപ്പിക്കാനാകും. ആന്റണിക്കു പുറമേ യുഡിഎഫ് റിബലായി പനയപ്പള്ളയിൽ നിന്നു മത്സരിച്ച സനിൽ മോൻ, യുഡിഎഫ് വിമതയായി സിഎംപിസിസി സി.പി. ജോൺ പിന്തുണയിൽ മുണ്ടൻവേലിയിൽ നിന്ന് മൽസരിച്ച മേരി കലിസ്റ്റ, മുസ്‍ലിം ലീഗ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മൽസരിച്ച ടി.കെ. അഷറഫ് എന്നിവരുടെ പിന്തുണ നേടിയെടുക്കാനാണ് യുഡിഎഫ് ശ്രമം. ഇത് ഫലം കണ്ടാൽ നിലവിൽ 34 സീറ്റുകളുണ്ടെങ്കിലും എൽഡിഎഫിന് കോർപറേഷൻ ഭരണം നഷ്ടമാകും.

അതേസമയം, ബിജെപി അംഗങ്ങളുടെ നിലപാടും ഇവിടെ നിർണായകമാകും. ഇവർ കൗൺസിലിലേക്കുള്ള വോട്ടെടുപ്പിൽനിന്ന് വിട്ടു നിൽക്കുമെന്ന കണക്കു കൂട്ടലിലാണ് ഇരു മുന്നണികളും ഭരണം പിടിക്കാൻ ഒരുങ്ങുന്നത്. കടുത്ത ഇടതു നിലപാടുള്ള കെ.പി. ആന്റണി യുഡിഎഫിനെ പിന്തുണയ്ക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണെന്നും വിലയിരുത്തലുണ്ട്.

Content Highlights: Kochi Corporation, UDF, Kerala Local Body Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com