ADVERTISEMENT

കോഴിക്കോട്∙ ബുദ്ധിമാനായ സയന്റിഫിക് ഓഫിസർ മണിക്കൂറുകൾ കൊണ്ടു കുറ്റവാളികളെ പിടികൂടുന്നതു ടൊവിനോ തോമസിന്റെ ‘ഫൊറൻസിക്’ സിനിമയിൽ കണ്ടു മലയാളികൾ കയ്യടിച്ചിട്ട് അധികകാലമായില്ല. ശാസ്ത്രീയ പരിശോധന കൊണ്ടു മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുന്നതു സിനിമയിൽ നടക്കുമെങ്കിലും സംസ്ഥാനത്തെ ഫൊറൻസിക് ലബോറട്ടറികളിലെ യഥാർഥ ചിത്രം അങ്ങനെയല്ല. ‌പരിശോധന പൂർത്തിയാകാതെ ആയിരക്കണക്കിനു കേസുകളാണു ഫൊറൻസിക് ലാബുകളിൽ കെട്ടിക്കിടക്കുന്നത്. കുട്ടികൾ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട പോക്സോ കേസുകൾ മാത്രം 1784 എണ്ണം പരിശോധന പൂർത്തിയാകാതെ കിടക്കുകയാണ്. ഇവയിൽ പലതും ഒരു വർഷത്തിലേറെ പഴക്കമുള്ള കേസുകളാണ്.  

തിരുവനന്തപുരം സ്റ്റേറ്റ് ലബോറട്ടറി, കൊച്ചി, കണ്ണൂർ, തൃശൂർ റീജനൽ ഫൊറൻസിക് ലബോറട്ടറികളിലാണ് കേസുകൾ കെട്ടിക്കിടക്കുന്നത്. പരിശോധനകൾക്കു വേണ്ടത്ര ഓഫിസർമാരില്ലാത്തതാണു പ്രധാന പ്രശ്നം. 60 തസ്തികകൾ 3 വർഷം മുൻപ് സൃഷ്ടിക്കാൻ തീരുമാനിച്ചെങ്കിലും ഇവർക്കുള്ള പരീക്ഷ പോലും ഇതുവരെ നടത്തിയിട്ടില്ല. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഇവർക്കു പരിശീലനം നൽകി നിയമനം നൽകാൻ ഇനിയും സമയം എടുക്കും. പുതുതായി  നിയമനം ലഭിക്കുന്ന തസ്തികകൾ ഓരോ ജില്ലയിലും സാംപിൾ കലക്ഷനു വേണ്ടിയാണ് നിയോഗിക്കപ്പെടുന്നത്. ഇതു ലാബുകളിലെ ജോലി ഭാരം കുറയ്ക്കില്ല. 

പോക്സോ കേസുകളിൽ വ്യാജ പരാതികൾ കൂടുന്ന സാഹചര്യത്തിൽ മിക്ക കേസുകളിലും ശാസ്ത്രീയ അന്വേഷണത്തിനായി പൊലീസ് തെളിവുകൾ ഫൊറൻസിക് ലബോറട്ടറികളിലേക്കു കൈമാറുന്നുണ്ട്. കുട്ടികളുടെ വസ്ത്രം, കുട്ടികളുടെ ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ, കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ എന്നിവയാണു പരിശോധനയ്ക്കായി അയയ്ക്കുന്നത്.

ഇവയുടെ പരിശോധന റിപ്പോർട്ട് വരാൻ രണ്ടു വർഷത്തോളമെടുക്കുന്നതു മൂലം വിചാരണ നടപടികൾ നീണ്ടു പോവുകയാണ്. ഇതോടെ ഇരയാകുന്ന കുട്ടിക്കു നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. 

പോക്സോ കേസുകളിൽ മാത്രമല്ല, സ്ത്രീ പീഡന പരാതികൾ, സൈബർ കുറ്റകൃത്യങ്ങൾ, വാഹന അപകടം, കൊലപാതകം തുടങ്ങിയ കേസുകളിലും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അയച്ച തെളിവുകൾ ലാബുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളിലും ശാസ്ത്രീയ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചതോടെയാണ് ലാബുകളിൽ ഭാരം കൂടിയത്. അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയെ സമ്മർദം ചെലുത്തുന്ന കേസുകളിൽ പെട്ടെന്നു റിപ്പോർട്ട് കൈമാറുമെങ്കിലും മറ്റു കേസുകൾ ബാക്കിയാവുകയാണ്. ഫൊറൻസിക് ലബോറട്ടറികളിലേക്കു മതിയായ സയന്റിഫിക് ഓഫിസർമാരെ ലഭിക്കാതെ സംസ്ഥാനത്തെ ഈ പ്രശ്നത്തിനു പരിഹാരമാകില്ല. 

ജീവനക്കാരുടെ അഭാവം അതിരൂക്ഷമായപ്പോൾ താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എംഎസ്‍സി ബിരുദധാരികളായ ഇവർക്കു 6 മാസമെങ്കിലും പരിശീലനം നൽകാതെ അന്വേഷണത്തിനു നേരിട്ടു നിയോഗിക്കാനാകില്ല. എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ട താൽക്കാലികക്കാരുടെ കാലാവധി 179 ദിവസം മാത്രമാണ്. പരിശീലനത്തിനു പോലും തികയാത്ത ഈ കാലാവധി ഉപയോഗിച്ചു കേസുകളിൽ ഫലപ്രദമായ അന്വേഷണം നടത്താൻ കഴിയില്ല. അതിനാൽ തൽക്കാലം ഇവരെ സയന്റിഫിക് ഓഫിസർമാരുടെ സഹായികളായി ഉപയോഗപ്പെടുത്താനാണു നീക്കം. ഇതു കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കില്ല. 

എല്ലാ ജില്ലകളിലും ഫൊറൻസിക് ലബോറട്ടറികൾ ആരംഭിക്കുന്ന പദ്ധതി സർക്കാർ പരിഗണനയിലുണ്ട്. എല്ലാ ജില്ലയിലും പരിശോധന ആരംഭിച്ചാലേ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയൂ. 

Content Highlights: Forensic Laboratary Cases Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com