‘ഒറിജിനലിനെ വെല്ലും റെംഡിസിവിർ വ്യാജൻ’: അത്ഭുതം കൂറി പൊലീസ്
Mail This Article
ഇൻഡോർ ∙ ഗുരുതര കോവിഡ് രോഗികൾക്ക് അത്യാവശ്യമായ ആന്റി വൈറൽ മരുന്നായ റെംഡിസിവിറിന്റെ വ്യാജൻ ഉപയോഗിച്ച മധ്യപ്രദേശിലെ 90 ശതമാനം രോഗികളുടെ അസുഖം ഭേദമായതായി മധ്യപ്രദേശ് പൊലീസ്. ദ്രവരൂപത്തിലുള്ള ഗ്ലൂക്കോസും ഉപ്പും അടങ്ങിയ വ്യാജ റെംഡിസിവിർ ഉപയോഗിച്ച കോവിഡ് രോഗികളിലെ ശ്വാസകോശത്തിലെ അണുബാധ സുഖപ്പെട്ടതായി കണ്ടുവെന്നും വ്യാജൻ ഫലപ്രാപ്തി നൽകുന്നത് കണ്ട് അത്ഭുതം കൂറിയെന്നും പൊലീസ് പറയുന്നു.
ഇൻഡോറിൽ റെംഡിസിവിറിന്റെ വ്യാജൻ ഉപയോഗിച്ച 10 പേർ മരിച്ചുവെന്ന ആരോപണം ഉയർന്നുവെങ്കിലും മരിച്ചവരുടെ മൃതദേഹങ്ങൾ ദഹിപ്പിച്ചതിനാൽ തുടർ അന്വേഷണം അപ്രായോഗികമാണെന്നും പൊലീസ് പറയുന്നു. ഇൻഡോറിൽ വ്യാജൻ ഉപയോഗിച്ച നൂറോളം പേർ അപകടനില തരണം ചെയ്തതായും പൊലീസ് പറയുന്നു. വ്യാജ റെംഡിസിവിർ മരുന്ന് ഉപയോഗിച്ച് നിരവധി പേർ മരിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോപണം പരിശോധിച്ച് ശരിയെങ്കിൽ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിർദേശം ഉള്ളതിനാൽ പരിശോധന തുടരുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
വ്യാജ റെംഡിസിവിർ മരുന്ന് ഉപയോഗിച്ച് നിരവധി പേർ മരിച്ചെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിചിത്ര കണ്ടെത്തൽ. എന്നാൽ ഇത്തരം കാര്യങ്ങൾ സ്ഥിരീകരിക്കേണ്ടത് ആരോഗ്യ വിദഗ്ധരാണെന്നും പൊലീസ് പറയുന്നു. ദ്രവരൂപത്തിലുള്ള ഗ്ലൂക്കോസും ഉപ്പും അടങ്ങിയ 1,200 വ്യാജ റെംഡിസിവിർ മരുന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ മധ്യപ്രദേശിൽ വിതരണം ചെയ്ത ഗുജറാത്തിൽ നിന്നുള്ള സംഘത്തെയും പൊലീസ് പിടികൂടിയിരുന്നു.
റെംഡിസിവർ ഇൻജക്‌ഷന്റെ വ്യാജൻ വിറ്റ കേസിൽ മധ്യപ്രദേശ് ജബൽപുരിലെ വിഎച്ച്പി പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ബൽപുർ വിഎച്ച്പി പ്രസിഡന്റ് സരബ്ജീത് സിങ് മോക്ക, ദേവേന്ദ്ര ചൗരസ്യ, സ്വപൻ ജെയ്ൻ എന്നിവർക്കെതിരെയാണു കേസ്.
കോവിഡ് രോഗികളിൽ അനിയന്ത്രിതമായ റെംഡിസിവിർ ഉപയോഗം ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ വിലക്കിയിട്ടുണ്ട്. കോവിഡ് രോഗികളിൽ ഇപ്പോഴും ഇതു പരീക്ഷണ മരുന്നാണ്. ആശുപത്രികളിൽ വച്ചേ രോഗികൾക്കു നൽകാവൂ. മെഡിക്കൽ ഷോപ്പുകൾ മരുന്നു നൽകരുത്. വീടുകളിൽ തുടരുന്ന കോവിഡ് ബാധിതർക്കും ലക്ഷണമില്ലാത്ത രോഗികൾക്കും നൽകരുത്. ആശുപത്രിയിൽ ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ തുടരുന്നവർക്കു മാത്രമാണ് റെംഡിസിവിർ നൽകേണ്ടതെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു.
English Summary: 90% patients who got fake Remdesivir in Madhya Pradesh beat Covid