വ്ലോഗർമാരുടെ അറസ്റ്റിൽ കലാപ ആഹ്വാനം, അസഭ്യം; റിച്ചാർഡ് റിച്ചു പിടിയിൽ

Mail This Article
കൊല്ലം∙ ‘പൊളി സാനം’ വീണ്ടും പാളി; അസഭ്യം പറയുന്ന വിഡിയോയിലൂടെ ‘കുപ്രസിദ്ധനായ’ സോഷ്യൽ മീഡിയ താരം റിച്ചാർഡ് റിച്ചു പൊലീസ് പിടിയിൽ. ഇ–ബുൾ ജെറ്റ് വിഷയത്തിൽ പൊലീസിനും മോട്ടർ വാഹന വകുപ്പിനും എതിരെ കലാപ ആഹ്വാനം നടത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞതിനുമാണ് കൊല്ലം കാവനാട് കന്നിമേൽചേരി കളീയിലിത്തറ വീട്ടിൽ റിച്ചാർഡ് റിച്ചുവിനെ(28) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ സഹോദരങ്ങളായ യുട്യൂബ് വ്ലോഗർമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇയാൾ സമൂഹമാധ്യമത്തിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞത്. കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്ന് ഐപിസി 153 അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. വിഡിയോ ചിത്രീകരിച്ച ശേഷം ചെല്ലാനം സ്വദേശിക്ക് അയയ്ക്കുകയും ഇയാളുടെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.
ഇയാൾക്കെതിരെയും കേസെടുക്കും. ഒട്ടേറെ പേർ വിഡിയോ ഷെയർ ചെയ്തിരുന്നു. ഇ–ബുൾ ജെറ്റിന്റെ അറസ്റ്റിലൂടെ കേരള പൊലീസ് നാണം കെടുകയാണെന്നാണ് റിച്ചാർഡ് വിഡിയോയിൽ പറയുന്നത്. ട്രാവൽ വ്ലോഗേഴ്സിന്റെ വീട്ടിൽ കിടക്കുന്ന വണ്ടി എടുത്തുകൊണ്ടുവരാൻ എന്ത് അധികാരമാണ് ഉള്ളതെന്നും മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഗുണ്ടകളാണെന്നും പറയുന്നു. പൊലീസ് ജീപ്പിന് ഇൻഷുറൻസുണ്ടോ ആർസിയുണ്ടോ എന്നുമൊക്കെ റിച്ചാർഡ് വിഡിയോയിൽ ചോദിക്കുന്നുണ്ട്. കേട്ടലറയ്ക്കുന്ന തരത്തിലാണ് വിഡിയോയിൽ ഇയാൾ പൊലീസിനെ അസഭ്യം പറഞ്ഞിരിക്കുന്നത്.
‘എയർ ഗൺ’ പരീക്ഷിക്കുന്ന വിഡിയോയിലൂടെയാണ് മുൻപ് റിച്ചാർഡ് ശ്രദ്ധനേടിയത്. ഇയാൾക്കു വിവിധ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സ് ഉണ്ട്. വിഡിയോ പങ്കുവച്ചവർക്കെതിരെയും കേസുണ്ടാകുമെന്നും ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.
English Summary: Social media star Richard Richu arrested