നോക്കണ്ട ഉണ്ണീ..ഇത് ചിത്രമല്ല.; സമൂഹമാധ്യമങ്ങൾ കീഴടക്കി സർക്കാർ ഉദ്യോഗസ്ഥന്റെ ഒപ്പ്
Mail This Article
കൽപറ്റ ∙ രണ്ടു മല, ഒരു സൂര്യൻ, വീട്, രണ്ടു കിളികൾ...ഇങ്ങനെയൊരു ചിത്രം വരയ്ക്കുന്നതാണോ ഒരു ഒപ്പിടുന്നതോ എളുപ്പം? മിക്കവർക്കും രണ്ടാമത്തേതായിരിക്കും എളുപ്പം. എന്നാൽ, മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ എം.കെ. ജയന്റെ ഒപ്പ് കണ്ടാൽ അങ്ങനെ പറയാനാകില്ല. സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്ന ഒപ്പിന്റെ ഉടമയാണ് ജയൻ. മാനും മയിലും പൂമ്പാറ്റയുമെല്ലാം ഉണ്ടെന്ന് ഒറ്റക്കാഴ്ചയിൽ തോന്നുന്ന ഒപ്പാണ് ഈ സർക്കാർ ഉദ്യോഗസ്ഥന്റേത്.
സർക്കാർ ഉദ്യോഗസ്ഥരുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തി കൃത്രിമം കാണിക്കുന്ന സംഭവങ്ങൾ ഒട്ടേറെ കേൾക്കാറുണ്ട് നമ്മൾ. പക്ഷേ, ഈ ഒപ്പ് അങ്ങനെയൊന്നും പകർത്താനാകില്ല. ഇടതുമാറി വലതുതിരിഞ്ഞ് ഒപ്പിട്ടുവരുമ്പോൾ പൂമ്പാറ്റയും പക്ഷിയും എല്ലാംകൂടിയായി വ്യാജൻമാർ ആകെ പെട്ടുപോകുമെന്ന് ഉറപ്പ്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ എല്ലാവരും ഒപ്പിടാൻ പഠിക്കണമെന്നു ടീച്ചർ പറഞ്ഞപ്പോഴാണ് ഈ ഒപ്പുചിത്രം ജയൻ രൂപപ്പെടുത്തിയെടുത്തത്. പേരെഴുതി അടിയിൽ വരയ്ക്കുക, ആദ്യത്തെ അക്ഷരം എഴുതി കുത്തിടുക തുടങ്ങിയ സാമ്പ്രദായിക രീതികളൊന്നും വേണ്ടെന്ന് അന്നേ തീരുമാനിച്ചു. അന്നേ ജയൻ നന്നായി വരയ്ക്കുമായിരുന്നു. പേരെഴുതി ഭംഗിയാക്കി വന്നപ്പോഴേക്കും ആ ഒപ്പ് സംഭവിച്ചുപോയി– ജയൻ പറയുന്നു. അക്കൊല്ലം മുതൽ എല്ലാ രേഖകളിലും ജയൻ ഇങ്ങനെ ചിത്രം വരച്ച് ഒപ്പിട്ടുപോന്നു.
തിരുവനന്തപുരത്തെ ഓഫിസിൽനിന്ന് ഏതാനും മാസം മുൻപ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് സ്ഥലംമാറിയെത്തിയ ശേഷമാണ് ഒപ്പ് പ്രസിദ്ധമാകുന്നത്. ഏജൻസി പുതുക്കാനായി സാക്ഷ്യപത്രം ആവശ്യപ്പെട്ടെത്തിയവർക്കായി പൊലീസിനു നൽകിയ കത്തിലെ ഒപ്പാണ് വൈറലായത്. ചെറിയ കോളമാണെങ്കിൽ വലിയ ഒപ്പിടാൻ കുറച്ചു ബുദ്ധിമുട്ടാണെന്നതൊഴിച്ചാൽ ഒപ്പിനു മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ തോന്നിയിട്ടില്ല. എത്ര കടുകട്ടിയായ ഒപ്പാണെങ്കിലും ഒരു കുത്തോ പുള്ളിയോ പോലും മാറാതെ കിറുകൃത്യമായാണ് എല്ലാ രേഖകളിലും ഒപ്പിടുക– ജയൻ പറഞ്ഞു.
വീട്ടിൽ തന്റെ ഒപ്പിന് മാത്രമാണ് വലിയ പ്രത്യേകതയൊന്നുമില്ലാത്തത് എന്ന് ജയന്റെ ഭാര്യയും അധ്യാപികയുമായ മിനി തമാശ രൂപേണ പറയുന്നു. മക്കളായ ദ്രുപത്ഗൗതവും മൗര്യ ചിന്മയിയും ഒപ്പിൽ അച്ഛന്റെ പാതയിൽത്തന്നെയാണ്. യുവകവികളിൽ ശ്രദ്ധേയനാണു ദ്രുപത്ഗൗതം.
English Summary: Mananthavady block development officer singnature becomes viral