‘ജീവന്റെ വില അറിയാം, വൃക്കയുള്ള പെട്ടി എടുത്ത് ഓടി; മന്ത്രി പറയുന്നത് പോലെയല്ല’
Mail This Article
തിരുവനന്തപുരം ∙ ‘‘ജീവന്റെ വില അറിയാവുന്നതു കൊണ്ടാണ് സഹായിക്കാനെത്തിയത്. വൃക്ക കൊണ്ടുവന്ന പെട്ടി ഏറ്റുവാങ്ങാൻ ആരും ഇല്ലാത്തതിനാലാണ് പെട്ടിയുമായി ഓപ്പറേഷൻ തിയറ്ററിലേക്ക് ഓടിയത്’’ – എറണാകുളത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് എത്തിച്ച വൃക്ക ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ അരുൺദേവ് പറയുന്നു. പുറത്തുനിന്ന് എത്തിയ രണ്ടുപേർ ആംബുലൻസിൽനിന്ന് വൃക്ക എടുത്തുകൊണ്ട് ഓടിയെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്.
പെട്ടി തട്ടിയെടുത്ത് ഓടിയെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പൊലീസിൽ പരാതി നൽകാനും ആശുപത്രി അധികൃതർ തയാറെടുക്കുകയാണ്. എന്നാൽ, ആരും പെട്ടി ഏറ്റുവാങ്ങാൻ ഇല്ലാതിരുന്നതിനാൽ ജീവൻ രക്ഷിക്കാനാണ് പെട്ടിയുമായി ഓപ്പറേഷൻ തിയറ്ററിലേക്ക് ഓടിയതെന്ന് അരുൺദേവ് പറയുന്നു. അരുണിന്റെ സഹപ്രവര്‍ത്തകനായ അനസാണ് ആംബുലൻസ് ഓടിച്ചത്. വൃക്ക കൊണ്ടുവരുന്ന വിവരം അറിഞ്ഞാണ് അരുൺ ഉൾപ്പെടെയുള്ള ഡ്രൈവർമാർ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തിയത്.
ഞായറാഴ്ച രാവിലെ 4 മണിക്കാണ് ആംബുലൻസ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയതെന്നു അരുൺദേവ് പറഞ്ഞു. രണ്ടു ഡോക്ടർമാരും ഡ്രൈവറുമാണ് സംഘത്തിലുണ്ടായിരുന്നത്. എറണാകുളത്തുനിന്ന് 11 മണിക്ക് ആംബുലൻസ് തിരിക്കുമെന്നാണ് ആദ്യം പറഞ്ഞത്. ഇതനുസരിച്ച് പൊലീസിനെ അറിയിച്ച് വഴിയൊരുക്കി. ശസ്ത്രക്രിയ വൈകിയതിനാൽ 2.15നാണ് തിരിച്ചത്. വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വാഹനം എത്തുമ്പോൾ സുരക്ഷാ ജീവനക്കാർ മാത്രമാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനു മുന്‍വശത്ത് ഉണ്ടായിരുന്നത്.
പെട്ടി എടുക്കാൻ ആരും ഉണ്ടായിരുന്നില്ല. ജീവന്റെ കാര്യം ആയതിനാലാണ് പെട്ടിയുമായി ഓടിയതെന്നു അരുൺദേവ് പറയുന്നു. ‘‘ഞാൻ ആംബുലൻസ് ഡ്രൈവറും പൊതുപ്രവർത്തകനുമാണ്. ജീവന്റെ വില നന്നായി അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല. ഇപ്പോഴും ഞാൻ ചെയ്തത് തെറ്റായി തോന്നുന്നില്ല. ആംബുലൻസിൽ ഒരാളെ കയറ്റുമ്പോൾ സുരക്ഷിതമായി എത്തിക്കാനാകണേ എന്നാണ് പ്രാർഥിക്കുന്നത്.’’– അരുൺദേവ് പറയുന്നു.
‘‘റിസപ്ഷനിൽനിന്ന് മുകളിലെത്തിയപ്പോൾ ഓപ്പറേഷൻ തിയറ്റർ അടഞ്ഞു കിടക്കുകയായിരുന്നു. ഐസിയുവിൽ അറിയിച്ചപ്പോൾ നഴ്സ് വന്ന് പെട്ടിയെടുത്ത് തിയറ്ററിന്റെ വശത്തുള്ള വഴിയിലൂടെ അകത്തേക്ക് കൊണ്ടുപോയി. അതിനുശേഷമാണ് അരുൺദേവും സുഹൃത്തും പുറത്തിറങ്ങിയത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് തെറ്റുള്ളതിനാലാണ് തന്റെ മുകളിൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്നേ കരുതാനാകൂ’’ – അരുൺദേവ് ആരോപിച്ചു.
‘‘ഞായറാഴ്ച ആയതിനാൽ ഡ്യൂട്ടി ഡോക്ടർമാരിൽ ചിലർ ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. സെക്യൂരിറ്റിക്കാർ മാത്രമാണ് മുൻവശത്ത് ഉണ്ടായിരുന്നത്. അവയവം കൊണ്ടുവരുന്ന വിവരം അവരെ അറിയിച്ചിരുന്നില്ല. പൊലീസ് വാഹനം എത്തിയപ്പോഴാണ് വൃക്കയുമായി ആംബുലൻസ് എത്തിയ വിവരം അറിയുന്നത്. ചിലപ്പോൾ ആശുപത്രി അധികൃതർ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വണ്ടിയെത്തിയതും ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കാം.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിളിച്ചിരുന്നു. അവരോട് നടന്ന കാര്യങ്ങൾ വിശദീകരിച്ചു. 2004 മുതൽ ആംബുലൻസ് മേഖലയിൽ ഉണ്ട്. 2015 മുതൽ സജീവമാണ്. ആശുപത്രിയുടെ തൊട്ടടുത്താണ് താമസം. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഇളയ കുട്ടിക്ക് ഒന്നരവയസ്സും മൂത്തയാൾക്കു നാലര വയസ്സും. കേസ് ആയാൽ കുടുംബത്തെയും ജോലിയെയും ബാധിക്കും’’ – അരുൺദേവ് പറഞ്ഞു.
English Summary: Organ recipient death: Ambulance driver Arun Dev responds to the controversies surrounding him