ADVERTISEMENT

മുംബൈ ∙ പുണെ– നാസിക് അതിവേഗ റെയിൽപാത പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകി. വർഷങ്ങളായി പദ്ധതി സംബന്ധിച്ച ചർച്ച സജീവമായിരുന്നെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പച്ചക്കൊടി കാണിച്ചത്. 

mumbai
പുണെ– നാസിക് അതിവേഗ റെയിൽപാത പദ്ധതിയുടെ റൂട്ട്മാപ്.

  പദ്ധതി യാഥാർഥ്യമായാൽ പുണെയിൽ നിന്ന് നാസിക്കിലേക്ക്  ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് എത്താം. നിലവിൽ റോഡ് വഴി നാലേമുക്കാൽ മണിക്കൂറാണ് എടുക്കുന്നത്. 

235 കിലോമീറ്റർ വരുന്നതാണ് റെയിൽപാത. പുണെയിൽ നിന്ന് അഹമ്മദ്നഗർ വഴിയാണ് പാത നാസിക്കിലേക്കു പോകുന്നത്. 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്കു സഞ്ചരിക്കാൻ ശേഷിയുള്ളതായിരിക്കും പാത. 16,039 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 24 സ്റ്റേഷനുകളായിരിക്കും പാതയിലുണ്ടാവുക. ഇരുപതോളം തുരങ്കങ്ങളുമുണ്ടാകും. 

ഓട്ടമൊബീൽ, ഐടി രംഗങ്ങളിൽ മുന്നിലുള്ള പുണെയും കാർഷികമേഖലയിൽ സജീവമായ നാസിക്കും തമ്മിലുളള യാത്രാസമയം കുറയ്ക്കുന്നത് ഇരുമേഖലകളിലും നേട്ടമുണ്ടാക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നിർമാണം ആരംഭിച്ചാൽ മൂന്നര വർഷംകൊണ്ട് പാത പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ  പ്രതീക്ഷ.

മുളുണ്ട് ടു ബദ്‍ലാപുർ ശരവേഗത്തിലെത്തി വന്ദേഭാരത് 

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ മുളണ്ടിനും ബദ്‍ലാപുരിനും ഇടയിലുള്ള 37 കിലോമീറ്റർ സഞ്ചരിച്ചത് വെറും 25 മിനിറ്റ് കൊണ്ട്.

  കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണയോട്ടത്തിലാണ് സാധാരണ ഒരു മണിക്കൂറിലേറെ സമയം നീണ്ടുനിൽക്കുന്ന യാത്ര 25 മിനിറ്റ് കൊണ്ട് വന്ദേഭാരത് പൂർത്തിയാക്കിയത്. മുംബൈക്കും സോലാപുരിനും ഇടയിലുള്ള 400 കിലോമീറ്റ‍ർ 6 മണിക്കൂർ 35 മിനിറ്റ് കൊണ്ട് ഓടിയെത്തുംവിധമാണ് സമയക്രമീകരണം. മുംബൈ – ഷിർഡി അതിവേഗ ട്രെയിൻ 340 കിലോമീറ്റർ 5 മണിക്കൂർ 25 മിനിറ്റ് കൊണ്ട് ഓടിയെത്തും.

മുംബൈ–അഹമ്മദാബാദ് വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുംബൈ–അഹമ്മദാബാദ് വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

മോദിയെത്തുന്നു; സുരക്ഷ ശക്തമാക്കി

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി  10ന് നഗരത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. മുംബൈ– സോലാപുർ, മുംബൈ– ഷിർഡി വന്ദേഭാരത് എക്സ്പ്രസുകളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. 

നഗരത്തിൽ എല്ലാത്തരം ഡ്രോണുകൾക്കും ബലൂണുകൾക്കും റിമോട്ട് കൺട്രോൾ ഉപയോഗിച്ചുള്ള ചെറുവിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയ പൊലീസ്, റെയിൽവെ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം, സഹാർ, കൊളാബ, മാതാ രമാഭായ് അംബേദ്കർ മാർഗ്, അന്ധേരി പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ 10ന് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ പൊലീസിന് ലഭിച്ച ഭീകരാക്രമണ ഭീഷണി സന്ദേശങ്ങളെ തുടർന്ന് അതീവജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

English Summary: Pune-Nashik high-speed rail has been given the green signal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com