കൂട്ട അവധി ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കി; നടപടി വേണം: റിപ്പോർട്ടിൽ കലക്ടർ ദിവ്യ
Mail This Article
പത്തനംതിട്ട ∙ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ കൂട്ട അവധി പൊതുജനത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ജില്ലാ കലക്‌ടറുടെ റിപ്പോർട്ട്. ജീവനക്കാർക്ക് എതിരെ നടപടി എടുക്കണമെന്നാണു റിപ്പോർട്ടിലെ ശുപാർശ. കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം വൈകിട്ടോടെ ലാൻഡ് റവന്യു കമ്മിഷണർക്കും മന്ത്രിക്കും കൈമാറി.
കോന്നി താലൂക്ക് ഓഫിസിൽനിന്ന് കൂട്ടത്തോടെ അവധിയെടുത്തും അല്ലാതെയും ഉദ്യോഗസ്ഥ സംഘം ഉല്ലാസയാത്ര പോയതു വിവാദമായിരുന്നു. 63 പേരുള്ള ഓഫിസിൽ കഴിഞ്ഞ വെള്ളിയാഴ്ച 25 പേർ മാത്രമാണു ജോലിക്കെത്തിയത്. അവധിയെടുത്തും അല്ലാതെയും ജോലിയിൽനിന്നു വിട്ടുനിന്നവരിൽ 19 പേർ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണു മൂന്നാറിലേക്കു പോയത്. മറ്റുള്ളവർ ഫീൽഡ് ഡ്യൂട്ടിക്കു പോയെന്നാണ് അറിയിച്ചത്.
ഓഫിസിലെത്തിയ കെ.യു.ജനീഷ് കുമാർ എംഎൽഎ അറ്റൻഡൻസ് റജിസ്റ്റർ പരിശോധിച്ചതും എഡിഎമ്മിന്റെയും ഡപ്യൂട്ടി തഹസിൽദാരുടെയും പ്രതികരണങ്ങളും സിപിഎം–സിപിഐ പരസ്യപ്പോരിനു കാരണമായി. 5 ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നു വകുപ്പ് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചു. ക്വാറി ഉടമയുടെ സഹായത്തോടെയായിരുന്നു വിനോദയാത്രയെന്ന എംഎൽഎയുടെ ആരോപണം ജീവനക്കാർ നിഷേധിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ നടന്നതു നാടകമാണെന്ന ഡപ്യൂട്ടി തഹസിൽദാരുടെ വാട്സാപ് പരാമർശം എംഎൽഎയെ ചൊടിപ്പിച്ചിരുന്നു.
സംഭവത്തിൽ ജീവനക്കാരെ കലക്ടറേറ്റിലേക്കു വിളിച്ചു വരുത്തിയാണു മൊഴിയെടുത്തത്. രേഖാമൂലം അവധിക്ക് അപേക്ഷ നൽകിയാണു ജോലിയിൽനിന്നു വിട്ടുനിന്നതെന്നും ഓഫിസിന്റെ പ്രവർത്തനം തടസ്സമില്ലാത്ത രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമുള്ളവർ അന്ന് ജോലിയിൽ ഉണ്ടായിരുന്നു എന്നുമാണു ജീവനക്കാരുടെ മൊഴി. അനധികൃതമായി ജോലിയിൽനിന്നു വിട്ടുനിന്നവർക്കെതിരെ നടപടിയുണ്ടാകും എന്നാണു സൂചന.
English Summary: Pathanamthitta Collector handover report in Konni Taluk Office employees mass leave