ADVERTISEMENT

കോഴിക്കോട് ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള പാഴ്ശ്രമമാണ് ഗോവിന്ദന്റെ ജാഥയെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ജാഥയ്‌ക്കിടെ ഗോവിന്ദനും സംഘവും വാഹനങ്ങൾക്ക് പെട്രോളടിച്ചത് മാഹിയിൽ വന്നാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ പ്രദേശത്ത് എവിടെ വന്നാലും പെട്രോളടിക്കുന്നത് മാഹിയിൽ വന്നാണെന്ന് പമ്പുകാർ തന്നോടു പറഞ്ഞതായും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്, കേന്ദ്രം കൂട്ടി, അതുകൊണ്ട് ഞങ്ങളും കൂട്ടുന്നുവെന്നാണ്. കേന്ദ്രം എട്ടു രൂപയും 10 രൂപയും കുറച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കാൻ അവർ തയാറായില്ല.’ – സുരേന്ദ്രൻ പറഞ്ഞു.

‘‘കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവമുണ്ടായി. ഞാൻ കാസർകോട്ടു നിന്ന് കാറിൽ കോഴിക്കോട്ടേയ്ക്കു വന്നുകൊണ്ടിരിക്കുന്നു. ഈ സമയത്ത് എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോഴിക്കോട്ടാണ് നടക്കുന്നത്. അതായത് കോഴിക്കോടു ജില്ലയുടെ തെക്കൻ മേഖലകളിൽ. ഞാൻ നോക്കുമ്പോൾ ഒരു 10–25 വാഹനങ്ങൾ, അതായത് ഗോവിന്ദന്റെ കാർ, അകമ്പടിക്കാരുടെ വാഹനങ്ങൾ, മൈക്ക് സെറ്റ് വച്ചുകെട്ടിയ വാഹനം... എല്ലാവരും മാഹിയിൽ വന്ന് പെട്രോളടിച്ചു പോകുകയാണ്.’ 

‘‘പ്രതിരോധ ജാഥക്കാരുടെ വാഹനങ്ങൾ മുഴുവൻ മാഹിയിൽ വന്ന് പെട്രോളടിച്ചു പോകുന്നു. 10 രൂപ ലാഭം. കോഴിക്കോട് നടക്കേണ്ട ജാഥ, വയനാട്ടിൽ നടക്കേണ്ട ജാഥ.. എല്ലാറ്റിനും മുൻപേ മാഹിയിൽ വന്ന് പെട്രോളടിച്ചു പോവുകയാണ്. അതാണ് കേന്ദ്ര ഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം.’ – സുരേന്ദ്രൻ പറഞ്ഞു.

‘‘എന്താണ് സ്ഥിതിയെന്ന് ഞാൻ‌ പെട്രോൾ പമ്പുകാരോടു ചോദിച്ചു. അവർ പറഞ്ഞു; മുഖ്യമന്ത്രിയുടെ വാഹനങ്ങൾ മുഴുവൻ, മുഖ്യമന്ത്രിയുടെ കാറും അകമ്പടിക്കാരുടെ കാറും പൊലീസുകാരുടെ കാറും പഴ്സനൽ സ്റ്റാഫിന്റെ കാറും എല്ലാം ഈ ഭാഗത്ത് എവിടെ വന്നാലും മാഹിയിൽ വന്നാണ് പെട്രോളടിക്കുന്നത്! കേരളത്തിൽ പെട്രോളിനും  ഡീസലിനും എത്ര ഭീകരമായ വിലവർധനവ് ഈ സർക്കാർ ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണത്. എന്നിട്ട് അതിനെ ഇപ്പോഴും ന്യായീകരിക്കുകയാണ്’ – സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran Takes A Dig At CPM Secretary MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com