വെന്തുരുകി ഇന്ത്യ, ഒഡിഷയിൽ 44 ഡിഗ്രി സെൽഷ്യസ്; ഉഷ്ണതരംഗത്തിന് സാധ്യത
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് ഈയാഴ്ച ചൂട് പതിവിലും കൂടുതലാകുമെന്ന പ്രവചനങ്ങൾക്കിടെ, ഉഷ്ണതരംഗത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഇതു വൻതോതിൽ സൂര്യാഘാതത്തിനും മരണത്തിനുംവരെ കാരണമായേക്കാമെന്നാണ് ആശങ്ക. പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പു നൽകി.
ഒഡിഷയിലെ ബാരിപാദയിൽ തിങ്കളാഴ്ച ചൂട് 44 ഡിഗ്രി സെൽഷ്യസ് കടന്നു. ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ബംഗാളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈയാഴ്ച അവധി പ്രഖ്യാപിച്ചു. ചൂട് കൂടുന്നതിനൊപ്പം എസി, ഫാൻ എന്നിവയുടെ ഉപയോഗം വർധിക്കുന്നത് പവർ ഗ്രിഡിന് താങ്ങാനാവുന്നതിലേറെ വൈദ്യുതി പ്രവാഹത്തിനു കാരണമാകും. ഇങ്ങനെയുണ്ടായാൽ പവർ ഗ്രിഡിനു തകരാറുണ്ടായി വൈദ്യുതിവിതരണം തടസ്സപ്പെടാനും ഊർജ പ്രതിസന്ധിക്കും (ബ്ലാക്കൗട്ട്) ഇടയാകും.
അന്തരീക്ഷത്തിലെ ഈർപ്പംകൂടി കലർന്ന ചൂടാണ് ഇപ്പോഴുള്ളത് എന്നതു സ്ഥിതി ഗുരുതരമാക്കുന്നു. ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനസംഖ്യയിൽ ഭൂരിഭാഗവും യാതൊരു സുരക്ഷയുമില്ലാതെ കൊടുംവെയിലിൽ ജോലിയെടുക്കുന്നെന്നാണു കണക്ക്. വേനൽക്കാലത്ത് സൂര്യാഘാതമേറ്റും നിർജലീകരണം മൂലവും മറ്റും നിർമാണ തൊഴിലാളികളും തെരുവു കച്ചവടക്കാരും റിക്ഷാത്തൊഴിലാളികളും മറ്റും മരിക്കാറുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ സൂര്യാഘാത മരണങ്ങൾ ഇന്ത്യയിലാണ്.
അന്തരീക്ഷ താപനില വർധിക്കുന്നതും ഉഷ്ണതരംഗ സാധ്യതയും കണക്കിലെടുത്ത് ജനങ്ങളൾ ജാഗ്രത പാലിക്കണമെന്നും ധാരാളം വെള്ളം കുടിക്കുക, നേരിട്ട് ചൂടേൽക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
English Summary: Heat Is Surging Across India, Risking Blackouts And Even Deaths