വീടൊഴിഞ്ഞു രാഹുൽ ഗാന്ധി; സോണിയയുടെ വസതിയിലേക്ക് മാറും - വിഡിയോ

Mail This Article
ന്യൂഡൽഹി∙ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സെൻട്രൽ ഡൽഹിയിലെ ഔദ്യോഗിക വസതി 12 തുഗ്ലക് ലെയ്ൻ ഒഴിഞ്ഞു. രാഹുൽ ഗാന്ധിയും സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാവിലെ മുതൽ രണ്ടുതവണ വസതിയിൽ എത്തിയിരുന്നു.
വൈകിട്ട് 3 മണിയോടെ രാഹുൽ ഗാന്ധി താക്കോൽ കൈമാറിയെന്നാണ് വിവരം. വസതിയിൽ നിന്ന് സാധനങ്ങൾ കയറ്റിയ ട്രക്കുകൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിലുള്ള അമ്മ സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്ക് രാഹുൽ മാറുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ബിജെപി എംപി സി.ആർ.പാട്ടീലിന്റെ നേതൃത്വത്തിലുള്ള ലോക്‌സഭാ ഹൗസിങ് കമ്മിറ്റി, 2005 മുതൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഏപ്രിൽ 22 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. 2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേട്ട് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
തുടർന്നാണ് ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി കത്തയച്ചത്. അയോഗ്യനാക്കപ്പെട്ട ഒരു എംപിക്ക് സർക്കാർ വസതിക്ക് അർഹതയില്ല. ഔദ്യോഗിക വസതി ഒഴിയാൻ ഒരു മാസത്തെ സമയം ലഭിക്കും. മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം രാഹുലിന്റെ ആവശ്യം സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു.
English Summary: After Court Setback, Rahul Gandhi Vacates Delhi Bungalow He Held Since 2005