മുംബൈ-ഗോവ എന്‍എച്ച്-66 ഗണേഷ ചതുർഥിക്കു മുൻപ്; യാത്ര 6 മണിക്കൂറായി ചുരുങ്ങും

Mail This Article
മുംബൈ ∙ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ മുംബൈ-ഗോവ ദേശീയപാത (എന്‍എച്ച്-66) പൂർത്തിയാകുന്നു. യാത്രാസമയം 10 മണിക്കൂറിൽനിന്ന് അഞ്ചോ ആറോ മണിക്കൂറായി കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. അടുത്തമാസം ഗണേഷ ചതുർഥിക്കു മുൻപായി ജോലികൾ പൂർത്തിയാകുമെന്നാണു കരുതുന്നത്.
വർഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനം സെപ്റ്റംബര്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്നാണു റിപ്പോര്‍ട്ട്. മുംബൈ-ഗോവ ദേശീയപാത നിര്‍മാണം അന്തിമഘട്ടത്തിലാണെന്നു മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
മുംബൈ– ഗോവ ദേശീയപാതയുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍ നടപടിയെടുത്തെന്നു ഷിൻഡെ പിന്നീട് ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പനവേൽ മുതൽ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ദേശീയപാതയാണ് എന്‍എച്ച് 66. ഇതില്‍ പനവേല്‍ മുതല്‍ ഗോവ വരെയുള്ള പാതയുടെ നിര്‍മാണമാണ് അടുത്തമാസം പൂര്‍ത്തിയാകുന്നത്.

മുംബൈയില്‍നിന്ന് ഗോവയിലേക്ക് 471 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാത തുറക്കുന്നതോടെ യാത്രാസമയം പകുതിയാകും. വിനോദസഞ്ചാര മേഖലയിലടക്കം പ്രതിഫലനമുണ്ടാകുമെന്നാണു കരുതുന്നത്. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ആകെ 1,611 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് എന്‍എച്ച് 66. ദേശീയപാത കടന്നുപോകുന്നതിൽ ഏറ്റവുമധികം നീളമുള്ള (678 കി.മീ) കേരളത്തിലും നിർമാണങ്ങൾ പുരോഗമിക്കുകയാണ്.
English Summary: Mumbai to Goa in 6 hours: Decade-Old Project NH-66 To Get Ready Next Month