ADVERTISEMENT

ഹൃദയത്തിലേക്കുള്ള ധമനി പോലെയാണ് വയനാട്ടിലേക്ക് താമരശേരി ചുരം. എവിടെയെങ്കിലും ബ്ലോക്കായാല്‍ ഒരു ജില്ലമുഴുവനും വെന്റിലേറ്ററിലാകുന്ന അവസ്ഥ. പതിറ്റാണ്ടുകളായി ഈ അസുഖം ഗുരുതരമായി ബാധിച്ചിട്ടും കാര്യമായ ചികിത്സയൊന്നും ഇതുവരെ ഉണ്ടായില്ല. അതുകൊണ്ട് പെരുവഴിയില്‍ കിടക്കേണ്ടി വരുന്നത് പതിനായിരങ്ങളാണ്. വയനാട് ജില്ലയെ കേരളത്തിലെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് താമരശേരി ചുരം അല്ലെങ്കില്‍ വയനാട് ചുരം.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളുമായാണ് വയനാട് അതിര്‍ത്തി പങ്കിടുന്നത്. ഈ മൂന്ന് ജില്ലകളില്‍ നിന്നും ചുരം വഴി മാത്രമേ വയനാട്ടിലേക്ക് എത്താന്‍ സാധിക്കു. മലപ്പുറത്തുനിന്നും തമിഴ്‌നാട്ടിലേക്ക് കയറുന്ന നാടുകാണി ചുരം, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നിന്നുള്ള പക്രംതളം ചുരം, കണ്ണൂർ ജില്ലയിലെ നെടുംപൊയില്‍ ചുരം, പാല്‍ചുരം എന്നീ അഞ്ച് ചുരങ്ങളിലൂടെ മാത്രമേ നിലവില്‍ വയനാട്ടിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് താമരശേരി ചുരം. കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയായ 766 കടന്നു പോകുന്നത് വയനാട് ചുരത്തിലൂടെയാണ്. മൈസൂരു നിന്നും ബെംഗളൂരു നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമെല്ലാം പോകുന്നതിന് ഈ പാതയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഈ പാതയിലെ ഗതാഗതക്കുരുക്ക് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഗതാഗത്തെയാണ് ബാധിക്കുന്നത്.

ചുരത്തിലെ പ്രശ്‌നങ്ങള്‍

ഏതാണ്ട് മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചുരം റോഡ് കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടിഷുകാര്‍ കാളവണ്ടിയും മറ്റും കൊണ്ടുപോകുന്നതിന് വഴി കണ്ടെത്താനാകാതെ കുഴങ്ങി ഒടുവില്‍ ഈ കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന കരിന്തണ്ടനെന്ന ആദിവാസി യുവാവിന്റെ സഹായത്തോടെ വഴി കണ്ടെത്തിയെന്നാണ് ഐതിഹ്യം. പിന്നീട് കരിന്തണ്ടനെ ബ്രിട്ടിഷുകാര്‍ കൊന്നുകളയുകയായിരുന്നു. കഷ്ടിച്ച് ഒരു വാഹനം മാത്രം കടന്നുപോകാന്‍ സാധിക്കുന്ന ചെറിയ വഴിയായിരുന്നു. തൊണ്ണൂറുകളുടെ അവസാനം വരെ വരെ ചുരത്തിന്റെ ഏറ്റവും മുകളില്‍ ലക്കിടിയില്‍ നിന്നും വണ്‍വേയായാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. പിന്നീട് വീതി കൂട്ടിയതോടെയാണ് ഒരേ സമയം രണ്ട് വാഹനങ്ങള്‍ക്ക് കടന്നു പോകാമെന്ന സ്ഥിതിയായത്.

thamarassery-churam-way
ചുരം റോഡ്

ലക്കടി മുതല്‍ അടിവാരം വരെയുള്ള 12 കിലോമീറ്റര്‍ ചെങ്കുത്തായ മലയാണ്. പാറക്കെട്ടിലെ ചെറിയ വിടവുകൾക്കിടയിലൂടെയാണ് പലയിടത്തും റോഡ് കടന്നുപോകുന്നത്. അതായത് രണ്ട് വരിപ്പാതയുടെ ഒരുവശം പാറക്കെട്ടും മറുവശം കൊക്കയുമാണ്. കേടാകുന്ന വാഹനം റോഡില്‍ നിന്ന് മാറ്റി സൈഡില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. കാരണം പലയിടത്തും സൈഡ് ഇല്ല. ഇങ്ങനെ വാഹനം കേടായാല്‍ മറ്റുവാഹനങ്ങള്‍ക്ക് വണ്‍വേയായി മാത്രമേ കടന്നു പോകാന്‍ സാധിക്കൂ. വളവിലാണ് വാഹനം കുടുങ്ങുന്നതെങ്കിൽ ഗതാഗതം പൂർണമായി നിലയ്ക്കും. ഇതോടെ ബ്ലോക്ക് ആരംഭിക്കും. ഈ ബ്ലോക്കിനിടയിലൂടെ ക്രെയിനോ മറ്റു സംവിധാനങ്ങളോ കൊണ്ടുവന്നുവേണം കേടായ വാഹനം മാറ്റാന്‍. അപ്പോളേക്കും മണിക്കൂറുകള്‍ കുറേ പോയിരിക്കും. ഇതേ അവസ്ഥയാണ് മരം വീണാലും സംഭവിക്കുന്നത്. അടിവാരത്തുനിന്നോ ലക്കിടിയില്‍ നിന്നോ എത്തിവേണം മരം മുറിച്ചു നീക്കാന്‍. 

wayanad-churam
വയനാട് ചുരം.

വാഹനം കൂടി; റോഡിന് വീതി കൂടിയില്ല

ചുരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് ബ്ലോക്കിന് പ്രധാന കാരണം. ഒരു ദിവസം നാല്‍പ്പതിനായിരത്തോളം വാഹനങ്ങളാണ് ചുരത്തിലൂടെ കടന്നുപോകുന്നത്. ഇത്രയും വാഹനങ്ങളെ താങ്ങാന്‍ മാത്രം വലുതല്ല ചുരം റോഡ്. ചുരുങ്ങിയ വര്‍ഷങ്ങളെ ആയിട്ടുള്ളു ചുരത്തില്‍ ഈ വിധം ബ്ലോക്കുണ്ടാകാന്‍ തുടങ്ങിയിട്ട്. ചുരത്തില്‍ ബ്ലോക്ക് വര്‍ധിക്കാന്‍ പ്രധാനകാരണം വിനോദസഞ്ചാരികളുടെയും ലോറികളുടെയും വര്‍ധനവാണ്. വയനാട്ടിലെ മിക്ക ക്വാറികളും പൂട്ടിയതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് ക്വറി ഉള്‍പ്പന്നങ്ങള്‍ വയനാട്ടിലേക്കെത്തുന്നത്. പത്തും പന്ത്രണ്ടും ചക്രങ്ങളുള്ള നൂറുകണക്കിന് ലോറികളാണ് ദിവസവും കല്ലും മറ്റുമായി ചുരം കയറുന്നത്. അടുത്ത കാലം വരെ കര്‍ണാടകയില്‍ നിന്നും ഉത്തരേന്ത്യയില്‍ ചരക്കുമായി എത്തുന്ന ലോറികളായിരുന്നു ചുരം ഇറങ്ങിപ്പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചുരം കയറുന്നത് കരിങ്കല്ലു കയറ്റിയ ലോറികളാണ്. 

churam
ചുരത്തിലെ ഗതാഗത തടസ്സം.

ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി വയനാട് മാറി. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വലിയ പ്രശ്‌നങ്ങളില്ലാതെ സഞ്ചാരികള്‍ വയനാട്ടിലേക്കെത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നുള്ളര്‍ക്ക് വയനാട് ചുരം കടന്നേ വരാന്‍ സാധിക്കൂ. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 11 ജില്ലകളിലെ ആളുകള്‍ വയനാട്ടിലേക്ക് പ്രവേശിക്കുന്നത് വയനാട് ചുരം എന്ന ഒറ്റമാര്‍ഗത്തിലൂടെയാണ്. ഇതോടെ വാഹനപ്പെരുപ്പം ഒരു തരത്തിലും നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം വര്‍ധിച്ചു.

churam-2
ചുരത്തിലെ ഗതാഗത തടസ്സം നിയന്ത്രിക്കുന്ന എൻഡിആർഎഫ് പ്രവർത്തകർ.

ചികിത്സ മുതല്‍ വിമാനം വരെ കോഴിക്കോട് തന്നെ ശരണം

വയനാട് ജില്ലയിലുള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം മതിയായ ചികിത്സാ സൗകര്യം ഇല്ല എന്നുള്ളതാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട മെഡിക്കല്‍ കോളജ് എവിടെയാണ് നിര്‍മിക്കേണ്ടതെന്ന് ഇപ്പോളും തീരുമാനമായിട്ടില്ല. 50 ഏക്കര്‍ ഭൂമി സൗജന്യമായി ലഭിച്ചിടത്താണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പ്രളയം വന്നപ്പോള്‍ ഈ സ്ഥലത്ത് മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട് വന്നതോടെ നിര്‍മാണം നിലച്ചു. പുതിയ സ്ഥലം ഇതുവരെ കണ്ടെത്താനുമായില്ല. പിന്നെയുള്ളത് സ്വകാര്യ മെഡിക്കല്‍ കോളജാണ്. സാധാരണക്കാരന് അവിടെ ചികിത്സ തേടുക എന്നത് പ്രയാസമാണ്. ഇതോടെ ചുരമിറങ്ങുക എന്ന കാലാകാലങ്ങളായി തുടരുന്ന പ്രക്രിയ ഇപ്പോളും തുടരുന്നു.

churam-3
ചുരത്തിലെ ഗതാഗതക്കുരുക്ക്.

കോഴിക്കോട് മെഡിക്കല്‍ കോളജാണ് വയനാട്ടുകാരുടെ പ്രധാന ആശ്രയം. അപകടത്തില്‍ പെടുന്നവരെ ചികിത്സാക്കാന്‍ തക്ക നൂതന സാങ്കേതിക വിദ്യകളൊന്നും വയനാട്ടിൽ ഇല്ലാത്തതിനാല്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയെ നിവര്‍ത്തിയുള്ളു. കല്‍പറ്റ-കോഴിക്കോട് യാത്രയ്ക്കിടെ നിര്‍ണായകമായ രണ്ടര മണിക്കൂര്‍ നഷ്ടമായിരിക്കും. ഇതിനിടെ ചുരത്തില്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ ആംബുലന്‍സിലെ രോഗിക്ക് പരലോകത്തേക്ക് വിശാലായ വഴി തുറന്നു കിട്ടും. അല്‍പം നേരത്തെ എത്തിച്ചിരുന്നെങ്കില്‍ എന്ന് മരിച്ചുപോയ പലരുടെയും ബന്ധുക്കള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. 

ട്രെയിനിലും വിമാനത്തിലും കയറണമെങ്കില്‍ വയനാട്ടുകാര്‍ക്ക് കോഴിക്കോട് എത്തണം. ചുരത്തിലെ ബ്ലോക്കില്‍ കുടുങ്ങി വിദേശയാത്ര മുടങ്ങിപ്പോയവര്‍ നിരവധി വയനാട്ടിലുണ്ട്. ഇങ്ങനെ പല കാര്യങ്ങള്‍ക്കും കോഴിക്കോട് ജില്ലയെ ആശ്രയിച്ചാണ് വയനാട് മുന്‍പോട്ട് പോകുന്നത്. കോഴിക്കോടുമായുള്ള ബന്ധം നിലനില്‍ക്കുന്നതാകട്ടെ വയനാട് ചുരം വഴിയും ചുരത്തിലെ ബ്ലോക്ക് ഒരു ജില്ലയുടെ തന്നെ മനുഷ്യാവകാശങ്ങളാണ് ഇല്ലാതാക്കുന്നത്. 

churam-5

സഹായമായി ചുരം സംരക്ഷണ സമിതി

ചുരം മാലിന്യം തള്ളല്‍ കേന്ദ്രമായതോടെ 2016ലാണ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാലിന്യം തള്ളുന്നത് തടയുക, മാലിന്യം നീക്കം ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ ചുരം സംരക്ഷണ സമിതിയുടെ ചുമലിലായി.  അന്‍പതോളം പേര്‍ വരുന്ന സംഘമാണ് ചുരത്തിന് ഇപ്പോള്‍ 24 മണിക്കൂര്‍ കാവല്‍ നില്‍ക്കുന്നത്.

വാഹനം കുടുങ്ങിയാല്‍, മരം വീണാല്‍, മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഓടിയെത്തും. മരം മുറിച്ചു നീക്കുന്നതിനുള്ള യന്ത്രവും വയര്‍ലസ് സംവിധാനങ്ങളുമുള്‍പ്പെടെ ഇവര്‍ സജകരിച്ചു. കൂടാതെ എപ്പോള്‍ വിളിച്ചാലും എത്താന്‍ തയാറായി മെക്കാനിക്കുകളെയും ക്രെയിനും ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. എന്‍ഡിആര്‍എഫ്  എന്ന സംഘവും ചുരത്തിലെ പ്രശ്‌നങ്ങളെ നേരിടുന്നതിനായി രംഗത്തുണ്ട്. ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് ഇപ്പോള്‍ ബ്ലോക്കുണ്ടായാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ചില ഘട്ടത്തില്‍ ഇവരും നിസ്സഹായരാകും. നാമമാത്രമായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ല. 

പരിഹാരം അടുത്ത്, നടപടി അകലെ

ചുരത്തിലെ പ്രശ്‌നങ്ങള്‍ക്ക് നിരവധി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഒന്നുപോലും യാഥാര്‍ഥ്യമാകുന്നില്ല എന്നതാണ് വസ്തുത. ഏറ്റവും എളുപ്പത്തില്‍ കുറഞ്ഞ സമയംകൊണ്ട് ചെയ്യാവുന്ന, ഹെയര്‍പിന്‍ വളവുകള്‍ നികത്തല്‍ പോലും ഫയലില്‍ കിടക്കുകയാണ്. വീതി കുറഞ്ഞ മൂന്ന് വളവുകളുള്‍പ്പെടെ വീതികൂട്ടിയാല്‍ ഗതാഗതക്കുരുക്കിന് അല്‍പം ആശ്വാസമാകും. വീതി കൂട്ടുന്നതിന് 2018ല്‍ ഒരു ഹെക്ടറോളം ഭൂമി വനംവകുപ്പ് വിട്ടു നല്‍കിയതുമാണ്. പണിമാത്രം നടന്നില്ല. ഇതിനെല്ലാം പുറമെയാണ് തുരങ്ക പാതയുള്‍പ്പെടെ വമ്പന്‍ പദ്ധതികളുള്ളത്. അതെക്കുറിച്ച് നാളെ...

English Summary:

Reasons of Wayanad churam traffic block

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com