ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യന്‍ വിപണിയിലേക്ക് ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനി ടെസ്‌ലയുടെ മാസ് എന്‍ട്രി ഉടൻ. ടെസ്‌ലയുമായുള്ള കരാർ വൈകാതെത്തന്നെ യാഥാർഥ്യമാകുമെന്നാണു റിപ്പോർട്ട്. യുഎസ് വാഹന നിർമാതാക്കളായ ടെസ്‌‍ലയുടെ കാറുകൾ അടുത്ത വർഷത്തോടെ ഇന്ത്യയിലെത്തുമ്പോൾ വിപണിയിൽ മത്സരമേറും.

ജനുവരിയിൽ ഗുജറാത്തിൽ നടക്കാനിരിക്കുന്ന ‘വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി’യിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. 2024ൽ വൈദ്യുത കാറുകൾ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാനാരംഭിക്കുന്ന ടെസ്‍‌ല, രണ്ടു വർഷത്തിനകം ഇവിടെ നിര്‍മാണ ഫാക്ടറി സ്ഥാപിക്കുമെന്നാണു വിവരം.

Photo Credit : Tesla Model 3 / Official Site
Photo Credit : Tesla Model 3 / Official Site

ഗുജറാത്തിനു പുറമെ മഹാരാഷ്ട്രയും തമിഴ്‌നാടും ടെസ്‌‍ലയുടെ പരിഗണനയിലുണ്ട്. മൂന്നു സംസ്ഥാനങ്ങളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളും വൈദ്യുത വാഹനങ്ങളുടെ വിപണിക്കും കയറ്റുമതിക്കും അനുകൂല സാഹചര്യങ്ങളും ഉള്ളതാണു കാരണം. കുറഞ്ഞത് 2 ബില്യൻ ഡോളർ തുടക്കത്തിലേ ടെസ്‌ല നിക്ഷേപിക്കുമെന്നാണു കരുതുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ അധികൃതരോ ടെസ്‌ല ഉദ്യോഗസ്ഥരോ ഔദ്യോഗിക പ്രതികരണത്തിനു തയാറായിട്ടില്ല.

ഇന്ത്യന്‍ വാഹന വിപണിക്കു യോജിച്ച വൈദ്യുത കാര്‍ ഇവിടെത്തന്നെ നിര്‍മിക്കാനാണു ടെസ്‌ലയുടെ ശ്രമം. കാറുകള്‍ കയറ്റി അയയ്ക്കാനും പദ്ധതിയുണ്ട്. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം മസ്‌ക് നേരിട്ട് മോദിയെ അറിയിക്കുകയും ചെയ്തു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ കാർ മോഡലിന്റെ കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറും. ടെസ്‌ല ഈ വർഷം 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽനിന്നു വാങ്ങിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

English Summary:

India To Finalise Deal With Tesla To Import EVs, Set Up Plant Soon: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com