‘യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ല, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കൊടുത്തിട്ടുണ്ട്’
Mail This Article
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്നു സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ടു തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന മൊഴിയെടുക്കലിനു പിന്നാലെയായിരുന്നു പ്രതികരണം. മൊഴിയെടുക്കൽ പൂർത്തിയായെന്നും ചോദ്യങ്ങൾക്കു കൃത്യമായ മറുപടി കൊടുത്തിട്ടുണ്ടെന്നും രാഹുൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. എല്ലാ അന്വേഷണത്തോടും ‘‘പോസിറ്റീവായി തന്നെ സഹകരിക്കും. അന്വേഷണവുമായി സഹകരിക്കാൻ എപ്പോഴും തയാറാണ്. ഇന്നത്തെ ദിവസം മൊഴിയെടുക്കലിന് എത്താൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. എന്നിട്ടും യാതൊരുവിധ ഒഴികഴിവും പഞ്ഞിട്ടില്ല. യാതൊരുവിധ നിയമപ്രതിരോധവും നടത്തിയില്ല. സർക്കാരിനു കുടുക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ കുടുക്കിക്കോട്ടെ’’–രാഹുൽ പറഞ്ഞു.
‘‘യൂത്ത് കോൺഗ്രസിന്റെ സംഘടനാപരമായ ഉത്തരവാദിത്തം എന്നിൽ നിക്ഷിപ്തമായതിനാൽ യൂത്ത് കോൺഗ്രസിന്റെ എല്ലാ നല്ലതും മോശവുമായ പ്രവൃത്തികൾക്കും ധാർമികമായ ഉത്തരവാദിത്തം എനിക്കുണ്ട്. ആരുടെയും പിടലിയിൽ വച്ചുകൊടുത്തിട്ട് ഒഴിഞ്ഞുമാറിയിട്ടില്ല. മൊഴിയെടുക്കാൻ വിളിക്കുമ്പോൾ പല നേതാക്കന്മാരുടെയും പ്രതികരണം കണ്ടിട്ടുള്ളതാണല്ലോ. ആംബുലൻസിൽ പോയവരുണ്ട്. മോണോ ആക്ടിനും ഡ്രാമയ്ക്കും പുരസ്കാരം കിട്ടുന്ന ഓസ്കാർ ജേതാക്കാൾ വരെയുള്ള നാടാണിത്’’–രാഹുൽ പറഞ്ഞു.
കെപിസിസി ഇതുവരെ വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടില്ലെന്നും എന്നാൽ കെപിസിസി അധ്യക്ഷനെ നേരിൽ കണ്ട് അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നതായും രാഹുൽ പറഞ്ഞു. എന്നിലും പ്രസ്ഥാനത്തിലും ആത്മവിശ്വാസമുണ്ടെന്ന പിന്തുണ അദ്ദേഹം തന്നു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഈ നിമിഷം വരെ തന്നുകൊണ്ടിരിക്കുന്ന പിന്തുണയുടെ ടോക്കണായിട്ടാണു കണക്കാക്കുന്നതെന്നും രാഹുൽ പറഞ്ഞു.