നിലപാടുകളിൽ കടുപ്പക്കാരന്‍; സഹജീവി സ്നേഹത്തിൽ ഒന്നാംതരം കമ്യൂണിസ്റ്റ്
Mail This Article
തിരുവനന്തപുരം∙ കാഴ്‌ചയിലെ പോലെ നിലപാടുകളുടെ കാര്യത്തിലും കടുപ്പക്കാരനായിരുന്നു കാനം രാജേന്ദ്രന്‍. സഹജീവി സ്നേഹത്തിൽ ഒന്നാംതരം കമ്യൂണിസ്റ്റും. എം.എൻ.ഗോവിന്ദൻനായരും ടി.വി.തോമസും എൻ.ഇ.ബാലറാമും അടങ്ങുന്ന സിപിഐ സെക്രട്ടേറിയറ്റിൽ 25–ാം വയസ്സിലാണ് കാനം അംഗമായത്. രാഷ്ട്രീയ വീഴ്ചകളിൽനിന്ന് തിരികെയെത്തി മൂന്നു തവണ തുടർച്ചയായി സിപിഐ സംസ്ഥാന സെക്രട്ടറിയാകാൻ കാനത്തിനു തുണയായത് അണികളെ അറിയാനും അവരുടെ ആഗ്രഹങ്ങൾക്കൊത്ത് ഉയരാനുമുള്ള കഴിവാണ്.
ഒരിക്കൽ രാഷ്ട്രീയത്തില്‍നിന്നും തുടച്ചുനീക്കപ്പെടുമെന്നു കരുതിയിടത്തുനിന്ന് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നത് ജീവിത അനുഭവങ്ങളിലൂടെയുണ്ടായ വാശിയിലൂടെയാണ്. കരുത്തായത് താഴേത്തട്ടിലെ പ്രവർത്തനവും. സാധാരണ രാഷ്ട്രീയക്കാരിൽനിന്നും വ്യത്യസ്തനായിരുന്നു കാനം. കേരളത്തിൽ ഫിലിം സൊസൈറ്റികളുടെ സ്ഥാപകരിൽ ഒരാളാണ് കാനമെന്ന് അധികമാർക്കും അറിയില്ല. ഫിലിം സൊസൈറ്റിയുടെ കേന്ദ്രം കോട്ടയം കോഫീ ഹൗസായിരുന്നു. ചലച്ചിത്ര ചർച്ചകൾക്ക് കൂട്ടായിരുന്നത് സംവിധായകൻ ജോൺ എബ്രഹാമും കെഎസ്‌യു ജനറൽ സെക്രട്ടറിയായിരുന്ന സി.കെ.ജീവനും. ഈ സംഘത്തിലേക്ക് പിന്നീട് മാണി സി.കാപ്പനുമെത്തി. രാഷ്ട്രീയത്തിന് അതീതമായി കാനം സൗഹൃദങ്ങളുടെ കൂമ്പാരമുണ്ടാക്കി. കോഫി ഹൗസ് യുവ രാഷ്ട്രീയത്തിന്റെ സംഗമഭൂമിയായി. കാനത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ സിനിമയിലെന്ന പോലെ ട്വിസ്റ്റുകൾക്ക് കുറവുണ്ടായിട്ടില്ല.
വളരെ ചെറുപ്പത്തിൽ തന്നെ സിപിഐ, എഐടിയുസി നേതൃനിരയിലേക്കെത്താൻ കാനത്തിനു കഴിഞ്ഞു. 21–ാം വയസിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായി. 25–ാം വയസിൽ പാർട്ടി സെക്രട്ടേറിയറ്റ് അംഗമാകുമ്പോൾ എൻ.ഇ.ബാലറാം പാർട്ടി സെക്രട്ടറി. പി.കെ.വാസുദേവൻ നായരും സി.കെ.വിശ്വനാഥനും അസി.സെക്രട്ടറിമാർ. അച്യുതമേനോനും, എം.എൻ. ഗോവിന്ദൻനായരും, ടി.വി.തോമസും സെക്രട്ടേറിയറ്റ് അംഗങ്ങൾ. എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന, മൂവാറ്റുപുഴയിൽനിന്നുള്ള ആന്റണി തോമസായിരുന്നു കൂട്ടത്തിലെ ചെറുപ്പക്കാരൻ.
എഐടിയുസിയുടെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന സെക്രട്ടറിമാരിലൊരാളായി. എംപിയായിരുന്ന പി.ബാലചന്ദ്രമേനോനായിരുന്നു സംസ്ഥാന പ്രസിഡന്റ്. പി.ഭാസ്കരനായിരുന്നു ജനറൽ സെക്രട്ടറി. സി.കെ.ചന്ദ്രപ്പൻ, കണിയാപുരം രാമചന്ദ്രൻ, ആന്റണി തോമസ് എന്നിവർക്കൊപ്പം കാനവും തിളങ്ങുന്ന നേതാവായി. പുസ്തവായനയിൽ എത്ര തിരക്കുണ്ടെങ്കിലും വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ലേഖനങ്ങൾ എഴുതാൻ പരസഹായം വേണ്ടിവന്നില്ല. വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ അസാമാന്യ കഴിവുണ്ടായിരന്നു. അവ ലളിതമായ അവതരിപ്പിക്കാൻ അതിലേറെ കഴിവും.
കാനം ‘രാഷ്ട്രീയമായി മരിച്ചെന്നു’ കരുതിയ കാലമുണ്ടായിരുന്നു. വെളിയം ഭാർഗവനും കാനവുമായുള്ള രാഷ്ട്രീയ യുദ്ധമായിരുന്നു തുടക്കം. കോട്ടയം ജില്ലാ സെക്രട്ടറിയായി കാനം മത്സരിച്ചപ്പോൾ ടി.കെ.ചിത്രഭാനുവിനെ മത്സരിപ്പിച്ച് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി. പാർട്ടിയുടെ ഉപരിഘടകങ്ങളിൽ ഏറെ നാൾ കാനം ഉണ്ടായിരുന്നില്ല. യുദ്ധത്തിൽ വെളിയം വിജയിച്ചതോടെ ദീർഘനാൾ പദവികളിൽനിന്ന് കാനം ഒഴിവായി. അവിടെനിന്നാണ് കാനത്തിന്റെ തിരിച്ചു വരവ് ആരംഭിക്കുന്നത്. ഒന്നിനോടും ഒത്തുതീർപ്പിനില്ലെന്ന നിലപാട് സ്വീകരിക്കുന്നതും അവിടെ നിന്നാണ്.
2012ല്‍ സി.കെ.ചന്ദ്രപ്പൻ അന്തരിച്ചപ്പോൾ കാനം പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയതാണ്. 13 ജില്ലകളുടെ പിന്തുണയുണ്ടായിരുന്നു. മത്സരിക്കരുതെന്ന എ.ബി.ബർദന്റെ അഭ്യർഥന കാനം സ്വീകരിച്ചു. കേന്ദ്ര നേതൃത്വത്തിനു താൽപര്യം സി.ദിവാകരനെയായിരുന്നു. ഒഴിവാകാമെന്നും സി.ദിവാകരനെ സെക്രട്ടറിയാക്കരുതെന്നും കാനം നിർദേശിച്ചത് കേന്ദ്രം അംഗീകരിച്ചു. പന്ന്യൻ രവീന്ദ്രൻ പാര്‍ട്ടി സെക്രട്ടറിയായി. അന്ന് മത്സരമുണ്ടായിരുന്നെങ്കിൽ കാനം വിജയിക്കുമായിരുന്നു എന്നു കരുതുന്നവരാണ് പാർട്ടിയിൽ അധികവും.
2015 ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സംസ്ഥാന സെക്രട്ടറി ആകുന്നത്. പന്ന്യൻ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിൻഗാമിയായി നിർദേശിച്ചത്. സെക്രട്ടറിയായശേഷം സ്വീകരിച്ച കർശന നിലപാടുകൾക്കു പിന്നിൽ നേരത്തെയുണ്ടായ അനുഭവങ്ങളായിരുന്നു. ഒഴിവാക്കേണ്ടവരെ ജില്ലാ കമ്മിറ്റികളിൽനിന്നടക്കം ഒഴിവാക്കിയും കൂടെയുള്ളവരെ ചേർത്തു പിടിച്ചും പാർട്ടിയില്‍ ശക്തനായി. സിപിഎമ്മും സിപിഐയുമായി മന്ത്രിസഭയിൽ തർക്കങ്ങളുണ്ടായപ്പോൾ സിപിഐ മന്ത്രിമാർ കാബിനറ്റ് ബഹിഷ്ക്കരിക്കാൻ നിർദേശിച്ചത് കാനമാണ്.
ആരോപണ വിധേയനായ തോമസ് ചാണ്ടി പങ്കെടുക്കുന്ന കാബിനറ്റിൽ പങ്കെടുക്കേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം. പലരും അനുനയിപ്പിക്കാൻ നോക്കിയെങ്കിലും കാനം വഴങ്ങിയില്ല. അതേ നാണയത്തിൽ രാഷ്ട്രീയ തിരിച്ചടി നൽകാനുള്ള കഴിവാണ് കാനത്തെ ശക്തനും ജനകീയനുമായ പാർട്ടി സെക്രട്ടറിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനു കീഴ്പ്പെടുന്നു എന്ന വിമർശനം പാർട്ടിയിൽ ഉയർന്നപ്പോൾ ‘ഇതെന്താണു ഗുസ്തിമത്സരമാണോ? മുന്നണി രാഷ്ട്രീയമല്ലേ’ എന്നായിരുന്നു മറുചോദ്യം. പറയേണ്ട വേദികളിൽ മാത്രം പാർട്ടിക്കാര്യവും മുന്നണിക്കാര്യവും പറഞ്ഞു. മുന്നണി ബന്ധം നന്നായികൊണ്ടുപോയി.
മുഖ്യമന്ത്രി അയച്ച കത്തു പ്രസിദ്ധീകരിക്കുമെന്നു ഗവർണർ പറഞ്ഞിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ‘പ്രേമലേഖനമൊന്നും അല്ലല്ലോ കൊടുത്തത്’ എന്നായിരുന്നു കാനം സ്റ്റൈലിലുള്ള മറുപടി. നിയമസഭയിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള കരുതലിന് അടിവരയിട്ടു. നല്ല നിയമസഭാസാമാജികനെന്ന പേരും നേടി.
കാനത്തിന്റെ വിയോഗത്തോടെ സിപിഐ നേതൃനിരയിലും പ്രവർത്തനങ്ങളിലുമെല്ലാം അടിമുടി മാറ്റമുണ്ടാകും. കാനം ഉയർത്തിക്കൊണ്ടുവന്ന ഒരുനിര യുവനേതാക്കൾ പാർട്ടി സംസ്ഥാന നിരയിലുണ്ട്. അവർക്ക് മുന്നണി ബന്ധത്തെ ബാധിക്കാതെയും പാർട്ടിയുടെ കരുത്ത് ചോരാതെയും മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കാനത്തിന്റെ വിടവ് പാർട്ടിക്ക് വലുതാണ്. ഏറ്റവും വലിയ ആഗ്രങ്ങളിലൊന്നായ എം.എൻ.സ്മാരകത്തിന്റെ നവീകരണം പൂർത്തിയാക്കാനാകാതെയാണ് കാനം യാത്രയാകുന്നത്.