നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കും? ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്
Mail This Article
ചെന്നൈ∙ നടൻ വിജയ് രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന് സൂചന. ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തേക്കും. ആരാധക കൂട്ടായ്മ യോഗത്തിൽ നിർണായക ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. വിജയ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. അതേസമയം 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നതാണ് വിജയുടെ തീരുമാനം.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധകസംഘടനയായ ‘‘വിജയ് മക്കൾ ഇയക്കം’’ തീരുമാനിച്ചിരുന്നു. വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. മുൻപ് ലിയോ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന വിജയ് നൽകിയിരുന്നു. 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാനും മക്കൾ ഇയക്കത്തെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.