കളമശ്ശേരി ജുഡീഷ്യല്‍ സിറ്റി: മന്ത്രി പി. രാജീവും ഹൈക്കോടതി ജഡ്ജിമാരും സ്ഥലം സന്ദർശിച്ചു
Mail This Article
കൊച്ചി∙ കളമശ്ശേരിയില്‍ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ച് നിയമവകുപ്പ് മന്ത്രി പി. രാജീവും ഹൈക്കോടതി ജഡ്ജിമാരും. ജുഡീഷ്യൽ സിറ്റി നിർമിക്കാൻ ഉദ്ദേശിക്കുന്ന കളമശേരിയിലെ എച്ച്‌എംടിയുടെ ഉടമസ്ഥതയിലുള്ള 50 ഏക്കര്‍ സ്ഥലമാണു സന്ദര്‍ശിച്ചത്. നേരത്തേ നിശ്ചയിച്ച 23 ഏക്കറും അതിനോടു ചേര്‍ന്നുള്ള 27 ഏക്കറും അടക്കമാണ് 50 ഏക്കര്‍. ഇതിനു പുറമേ എച്ച്എംടിയുടെ റോഡിനോടു ചേര്‍ന്നുള്ള സ്ഥലവും സംഘം സന്ദര്‍ശിച്ചു.
27 ഏക്കര്‍ എച്ച്എംടിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ളതാണ്. അതു വില്‍ക്കുന്നതിന് എച്ച്എംടിക്ക് പൂര്‍ണ അവകാശമുണ്ട്. ബാക്കി ഭൂമിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി തേടേണ്ടി വരുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തുടര്‍ ചര്‍ച്ചകള്‍ക്കു ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍, ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥല പരിശോധനയില്‍ പങ്കെടുത്തു.
രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ നിര്‍മിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.
ഹൈക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷന്‍ സെന്റര്‍ തുടങ്ങി രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീര്‍ഘകാല കാഴ്ചപ്പാടോടെ ഒരുക്കാനാണ് ആലോചന. ജഡ്ജിമാരുടെ ഓഫിസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫിസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, അഭിഭാഷകരുടെ ചേംബര്‍, പാര്‍ക്കിങ് സൗകര്യം എന്നിവ കളമശേരിയില്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണു പുതിയ നിര്‍മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍നിന്ന് നിര്‍ദേശം ഉയര്‍ന്നത്.
നിലവിലെ ഹൈക്കോടതി മന്ദിരത്തോടു ചേര്‍ന്ന് ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യം ഒരുക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിനു പരിമിതികളുണ്ട്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും ബജറ്റില്‍ പ്രഖ്യാപിച്ച എക്സിബിഷന്‍ സിറ്റിയുടെ നടപടികള്‍ ആരംഭിച്ചതും മറ്റൊരു സ്ഥലത്തെക്കുറിച്ച് ആലോചിക്കാന്‍ കാരണമായി. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യം കളമശ്ശേരിയാണെന്ന് നേരത്തേ വിലയിരുത്തിയിരുന്നു.