അഴുക്കുചാൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് 4 കുട്ടികൾ മരിച്ചു; സംഭവസ്ഥലം സന്ദർശിച്ച് ബംഗാൾ ഗവർണർ

Mail This Article
കൊൽക്കത്ത∙ ഉത്തർ ദിനാജ്‌പുർ ജില്ലയിലെ ചോപ്രയിൽ ഇന്ത്യ-ബംഗ്ലദേശ് അതിർത്തിക്ക് സമീപം അഴുക്കുചാൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നാലു കുട്ടികൾ മരിച്ച സ്ഥലം ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് സന്ദർശിച്ചു. തദ്ദേശവാസികളുമായും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി. മരിച്ച കുട്ടികളുടെ മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും ഗവർണർ സംസാരിച്ചു.
തിങ്കളാഴ്ച രാത്രി ട്രെയിനിൽ സഞ്ചരിച്ചാണ് ഗവർണർ കിഷൻഗഞ്ചിലെത്തിയത്. അവിടെ നിന്ന് ചോപ്രയിലേക്ക് റോഡ് മാർഗവും. ഫെബ്രുവരി 12ന് ചോപ്ര ബ്ലോക്കിലെ ചേതനാഗച്ച് ഗ്രാമത്തിൽ ഒരു കുഴിയെടുക്കുന്നതിനിടെ മണ്ണ് കുന്നുകൂടി താഴേക്കു പതിച്ചാണ് അഞ്ച് മുതൽ 12 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികൾ മരിച്ചത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. ഈ പശ്ചാത്തലായിരുന്നു ഗവർണറുടെ സന്ദർശനം. എന്നാൽ ആരോപണം ബിഎസ്എഫ് നിഷേധിച്ചു. സ്വകാര്യ വ്യക്തിയാണ് കുഴിയെടുത്തതെന്നും ബിഎസ്എഫ് അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും അവർ വിശദീകരിച്ചു.