പ്ലാനറ്റ് എർത്ത് പുരസ്കാരം പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്.ഫെയ്സിക്ക്
Mail This Article
ന്യൂയോർക്ക്∙ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്.ഫെയ്‌സിയെ ഈ വർഷത്തെ പ്ലാനറ്റ് എർത്ത് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തു. അമേരിക്കയിലെ ഒറിഗോൺ സർവകലാശാല ആസ്ഥാനമായുള്ള വേൾഡ് അലയൻസ് ഓഫ് സയന്റിസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്. ശാസ്ത്ര ജ്ഞാനം ഉപയോഗിച്ച് ആഗോള പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഫലപ്രദമായി ഇടപെടുന്നവരെയാണു പുരസ്‌കാരം വഴി ആദരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആറു പേരാണ് ഇത്തവണ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത് .
Read Also: മോദിയുടെ തിരഞ്ഞെടുപ്പ് കടപ്പത്രം ലോകത്തിലെ ഏറ്റവും വലിയ പിടിച്ചുപറി റാക്കറ്റ്: വിമർശിച്ച് രാഹുൽ
വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് 77 ന്റെ ഉപദേശകനായി വികസ്വരലോകത്തിന്റെ പരിസ്ഥിതി കാഴ്ചപ്പാടുകൾ യുഎൻ പരിസ്ഥിതി സമ്മേളന വേദികളിൽ അവതരിപ്പിക്കുന്ന ഡോ.എസ്. ഫെയ്‌സി ഭൗമ ഉച്ചകോടി, ജൈവവൈവിധ്യ ഉടമ്പടി, സുസ്ഥിര വികസന ആഗോള ഉച്ചകോടി എന്നിവയിൽ പ്രധാന നെഗോഷ്യേറ്റർ ആയിരുന്നു. യുഎൻഡിപി, യുനെസ്കോ, ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്നിവയുടെ ഉപദേശകനായി പലരാജ്യങ്ങളിലും കൊല്ലം പോരുവഴി സ്വദേശിയായ ഡോ. ഫെയ്സി പ്രവർത്തിച്ചിട്ടുണ്ട്. ജപ്പാൻ ഇന്റർനാഷനൽ കോഓപ്പറേഷൻ ഏജൻസിയുടെ ജൈവവൈവിധ്യ ഉപദേശകനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ പരിസ്ഥിതി വിദഗ്ദനായിരുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന ഏഴാമത് ആഗോള പരിസ്ഥിതി റിപ്പോർട്ടിന്റെ റിവ്യൂ എഡിറ്റർ ആണ് ഡോ.എസ്.ഫെയ്‌സി. നിലവിൽ റാസൽഖൈമ സർക്കാരിന്റെ പരിസ്ഥിതി വകുപ്പിന്റെ സസ്‌റ്റൈനബിലിറ്റി വിഭാഗം ഡയറക്ടർ ആണ്. ആഗോള പരിസ്ഥിതി ചർച്ചകളിൽ പാശ്ചാത്യ ലോകത്തിന്റെ മുൻഗണനകൾക്കു പകരമായി വികസ്വര ലോകത്തിന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിൽ ഡോ.എസ്. ഫെയ്‌സി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു പുരസ്‌കാര സമിതി വിലയിരുത്തി.
ഡോ. എസ്. ഫെയ്‌സിയെ പോലുള്ളവരുടെ ശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ആഗോള പരിസ്ഥിതി പ്രവർത്തനം മുഴുവൻ ശാസ്ത്രലോകത്തിനും മാതൃകയാണെന്നു വേൾഡ് അലയൻസ് ഓഫ് സയന്റിസ്റ്റിസിന്റെ ഡയറക്ടർ ആയ പ്രൊഫസർ വില്യം റിപ്ലെ പറഞ്ഞു.