'മതസ്പര്‍ധയുണ്ടാക്കും വിധം സംസാരിച്ചു'; ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിനു കേസ്

Mail This Article
കോഴിക്കോട് ∙ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ധയുണ്ടാക്കും വിധം സംസാരിച്ചുവെന്നാണ് പരാതി. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്‌ലിം, ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്ന തരത്തിലായിരുന്നു ഷമയുടെ പരാമർശം.
ഒരാഴ്ച മുൻപ് കുന്നമംഗലത്ത് നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം സ്വദേശി അരുൺജിത്താണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പര വിദ്വേഷവും തെറ്റിധാരണയും ഭീതിയും സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഷമ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രസംഗം പ്രചരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
ഡിജിപിക്ക് നൽകിയ പരാതി പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പ്രസംഗത്തിന്റെ ദൃശ്യമുൾപ്പെടുത്തിയും പരാതി നൽകിയിട്ടുണ്ട്. കലാപാഹ്വാനം, ജനപ്രാതിനിധ്യ നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.