300 സീറ്റുകളിൽ മത്സരിക്കാൻ സാധിക്കുന്നില്ല; കോൺഗ്രസിന്റെ പാപങ്ങൾക്കുള്ള ശിക്ഷ: മോദി

Mail This Article
ജയ്പുർ∙ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ ചെയ്ത പാപങ്ങൾക്ക് രാജ്യം കോൺഗ്രസിനെ ശിക്ഷിക്കുകയാണെന്നും ഒരിക്കൽ 400 സീറ്റുകളിൽ ജയിച്ച പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ 300 സീറ്റുകളിൽ മത്സരിക്കാൻ സാധിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ പകുതി ജനങ്ങളും കോൺഗ്രസിനെ ശിക്ഷിച്ചു. രാജസ്ഥാന്‍ മുഴുവനും ദേശസ്നേഹം നിറഞ്ഞിരിക്കുന്നു. ഇന്ത്യയെ ശക്തമാക്കാൻ കോൺഗ്രസിനു സാധിക്കില്ലെന്ന് രാജസ്ഥാനിലെ ജനങ്ങൾക്കറിയാം.’’– മോദി പറഞ്ഞു. 2014നു മുൻപുള്ള അവസ്ഥയിലേക്ക് തിരികെ പോകാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് കോൺഗ്രസ് രാജ്യത്തെ പൊള്ളയാക്കി. ഇന്ന് രാജ്യം കോണ്‍ഗ്രസിനോട് ദേഷ്യത്തിലാണ്. അവർ ചെയ്ത പാപങ്ങൾക്ക് ശിക്ഷിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാനകാരണം അവർ തന്നെയാണ്. ഒരുകാലത്ത് 400 സീറ്റുകളിൽ ജയിച്ച പാർട്ടിക്ക് ഇന്ന് 300 സീറ്റുകളിൽ പോലും മത്സരിക്കാൻ സാധിക്കുന്നില്ല.’’– ഭിൻമലിൽ ബിജെപി സ്ഥാനാർഥി ലംബാറാം ചൗധരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി പറഞ്ഞു.
രാജസ്ഥാനിൽ 25 ലോക്സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടമായ ഏപ്രിൽ 19ന് 12 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നു. ബാക്കി 13 സീറ്റുകളിലേക്കുള്ള ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.