‘എന്റെ വോട്ട് മറ്റാരോ ചെയ്തു’; എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണം
Mail This Article
കൊച്ചി/തിരുവനന്തപുരം∙ എറണാകുളം മണ്ഡലത്തില്‍ കള്ളവോട്ട് ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്മയുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ബൂത്ത് നമ്പർ 132ലാണ് സംഭവം. തന്റെ വോട്ട് മറ്റാരോ ചെയ്തെന്നും ഇതു ചെയ്തത് ആരാണെന്ന് കണ്ടെത്തണമെന്നും തങ്കമ്മ പറഞ്ഞു.
രാവിലെ 10.30നു മുൻപായി ഇവരുടെ വോട്ട് മറ്റാരോ ചെയ്തു പോയി എന്നാണ് കരുതുന്നത്. വിവരം പുറത്തുവന്നതോടെ സ്ഥലത്ത് ബഹളമായി. പിന്നീട് വിവിധ പാർട്ടികളുടെ പ്രവർത്തകരും മറ്റും ഇടപെട്ടതോടെ പകരം വോട്ടു ചെയ്യാനുള്ള സംവിധാനം ശരിയാക്കി നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സിസിടിവി ഉള്ളതിനാൽ ആരാണ് കള്ളവോട്ട് ചെയ്തത് എന്ന് കണ്ടെത്താൻ പറ്റിയേക്കും എന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം പോത്തൻകോട് മേരിമാതാ സ്കൂളിൽ (43-ാം നമ്പർ ബൂത്ത്) വോട്ടു രേഖപ്പെടുത്താൻ എത്തിയ അറുപത്തിയാറുകാരിയുടെ വോട്ട് ഒരു മണിക്കൂർ മുൻപു ചെയ്തതായി പരാതി. ഒടുവിൽ ടെൻഡർ വോട്ടു ചെയ്തു മടങ്ങി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിനു കീഴിലെ നെടുമങ്ങാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന ബൂത്തിലാണു സംഭവം.