കാരാക്കട്ടിൽ കളംനിറഞ്ഞ് സൂപ്പർ സ്റ്റാർ പവൻ സിങ്; എൻഡിഎ സ്ഥാനാർഥിക്കെതിരെ ബിജെപിയുടെ ബെനാമി?

Mail This Article
പട്ന ∙ ബിഹാറിലെ കാരാക്കട്ട് ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി ഭോജ്പുരി സിനിമാ സൂപ്പർ താരം പവൻ സിങ് ബിജെപിയുടെ ബെനാമിയോ? പവൻ സിങും ബിജെപി നേതാക്കളുമായുള്ള അന്തർധാര സജീവമാണെന്നാണു മണ്ഡലത്തിലെ കിംവദന്തികൾ. എന്തായാലും കാരാക്കട്ടിലെ എൻഡിഎ ഔദ്യോഗിക സ്ഥാനാർഥിയും രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) നേതാവുമായ ഉപേന്ദ്ര ഖുശ്വാഹയുടെ ഉറക്കം നഷ്ടപ്പെട്ടു. എൻഡിഎ സ്ഥാനാർഥിക്കെതിരെ മത്സരരംഗത്തിറങ്ങിയിട്ടും പവൻ സിങിനെ ബിജെപിയിൽനിന്നു പുറത്താക്കാത്തതിനെ ഖുശ്വാഹയുടെ അനുയായികൾ പരസ്യമായി ചോദ്യം ചെയ്യുന്നുണ്ട്.
അഥവാ തൽക്കാലം നടപടിയെടുത്താലും പവൻ സിങ് ജയിച്ചാൽ ബിജെപി വാതിൽ തുറന്നിടുമെന്നാണ് അഭ്യൂഹങ്ങൾ. ബംഗാളിലെ അസൻസോൾ മണ്ഡലത്തിലേക്ക് ബിജെപി നൽകിയ ടിക്കറ്റ് വേണ്ടെന്നു വച്ചാണു പവൻ സിങ് കാരാക്കട്ടിൽ സ്വതന്ത്രനായി മൽസരിക്കാനിറങ്ങിയത്. അസൻസോളിലെ ത്രിണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും ബോളിവുഡ് താരവുമായ ശത്രുഘ്നൻ സിൻഹയോട് ഏറ്റുമുട്ടുന്നത് ആത്മഹത്യാപരമാണെന്നു പവൻ സിങ്ങിറിയാം.
∙ മൻ മേം മോദി
താമര ചിഹ്നമില്ലെങ്കിലും ബിജെപി സ്റ്റൈലിലാണു പവൻ സിങിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. ‘മൻ മേം മോദി’ (മനസ്സിൽ മോദി) എന്നു പവൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂറു പ്രഖ്യാപിക്കുമ്പോൾ ആരാധകരുടെ ഹർഷാരവം. മോദിയെ പ്രകീർത്തിച്ചാണു പവന്റെ പ്രസംഗങ്ങൾ. സ്വതന്ത്ര സ്ഥാനാർഥിയുടെ ആവേശക്കമ്മിറ്റിയിൽ യുവ മോർച്ചക്കാരും മഹിളാ മോർച്ചക്കാരുമാണെന്നതു രഹസ്യമല്ല. പവൻ സിങിനെ കാണാനെത്തുന്ന ആൾക്കൂട്ടം വോട്ടായി മാറിയാൽ സ്വതന്ത്രന്റെ കളി കാര്യമാകും.
ബിജെപി അനുഭാവികൾ പവൻ സിങിന്റെ പിറകേ പോകുന്നതിനു രാഷ്ട്രീയ കാരണവുമുണ്ട്. മുന്നണി മാറ്റ മലക്കംമറിച്ചിലിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനോടു കിടപിടിക്കുന്ന ഉപേന്ദ്ര ഖുശ്വാഹയിൽ ബിജെപി അണികൾക്കു വിശ്വാസം തീരെയില്ല. ഇപ്പോൾ ഒരേ മുന്നണിയിലാണെങ്കിലും പല തവണ നിതീഷ് കുമാറിനെ തേച്ചിട്ടു പോയ ഉപേന്ദ്ര ഖുശ്വാഹയോടു ജെഡിയു വോട്ടർമാർക്കും ഉള്ളിൽ കലിപ്പുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാരാക്കട്ടിൽ ആർജെഡി – കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർഥിയായിരുന്നു ഉപേന്ദ്ര ഖുശ്വാഹ.
∙ ത്രികോണ ഗുണമാർക്ക്
കാരാക്കാട്ട് മണ്ഡലത്തിലെ ത്രികോണ മൽസരത്തിന്റെ ഗുണം ഇന്ത്യാ മുന്നണിയുടെ സിപിഐ–എംഎൽ (ലിബറേഷൻ) സ്ഥാനാർഥി രാജാറാം സിങിനു കിട്ടുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. ജാതി സമവാക്യം പക്ഷേ മുന്നണി സ്ഥാനാർഥികൾക്ക് പ്രതികൂലമാണ്. ഇരുമുന്നണി സ്ഥാനാർഥികളും ഖുശ്വാഹ സമുദായക്കാരായതിനാൽ പിന്നാക്ക വോട്ടു ഭിന്നിച്ചു പോകും.
ബിജെപിയുടെ മുന്നാക്ക വോട്ടുകൾ രാജ്പുത് സമുദായക്കാരനായ പവൻ സിങിനു മറിഞ്ഞാൽ ഫലം പ്രവചനാതീതമാകും. ഇന്ത്യാ മുന്നണി വോട്ടർമാരിലും പവൻ സിങിന്റെ ആരാധകർ ഏറെയാണ്. സിപിഐ – എംഎൽ (ലിബറേഷൻ) സ്ഥാനാർഥിയുടെ തീവ്ര ഇടതുപക്ഷ നിലപാടുകളോടു വിയോജിപ്പുള്ള സഖ്യകക്ഷി അനുഭാവികളും പവൻ സിങിന്റെ താരപ്രഭയിൽ വീണു പോകാം.