രഘുപതി ഭട്ടിനെ പുറത്താക്കി ബിജെപി: ദൈവം നൽകിയ തിരിച്ചടിയെന്ന് ഹിജാബ് വിവാദത്തിലെ പെൺകുട്ടി
Mail This Article
ബെംഗളൂരു∙ ബിജെപിയിൽനിന്ന് ഉഡുപ്പി മുൻ എംഎൽഎ രഘുപതി ഭട്ടിനെ പുറത്താക്കിയതു ദൈവം നൽകിയ തിരിച്ചടിയെന്ന് ഓർമിപ്പിച്ച് ഹിജാബ് വിവാദത്തിൽ ഗവ.പിയു കോളജിൽനിന്നു പുറത്താക്കപ്പെട്ട പെൺകുട്ടി. ജൂൺ 3ന് നിയമനിർമാണ കൗൺസിലിലെ 6 ടീച്ചേഴ്സ്, ഗ്രാജ്വേറ്റ്സ് എംഎൽസി സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ സൗത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ വിമതനായി പത്രിക നൽകിയതിനാണ് ഭട്ടിനെ ബിജെപി പുറത്താക്കിയത്.
ഹിജാബ് വിവാദം നടക്കുന്ന സമയത്ത് ഉഡുപ്പി ഗവ.പിയു കോളജ് ഭരണസമിതി അധ്യക്ഷനായിരുന്നു രഘുപതി ഭട്ട്. ദൈവഹിതമാണിതെന്നു വിദ്യാർഥിനിയായ ആലിയ അസാദി എക്സിൽ കുറിച്ചു. പരീക്ഷയ്ക്ക് 60 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഹിജാബ് ധരിച്ചതിന്റെ പേരിൽ തന്നെ ഭട്ടിന്റെ നേതൃത്വത്തിൽ കോളജിൽനിന്നു പുറത്താക്കിയത്. അതിനുള്ള തിരിച്ചടി ഇപ്പോൾ സ്വന്തം പാർട്ടിയിൽനിന്നു തന്നെ ലഭിച്ചു.
ഉഡുപ്പി പിയു കോളജിൽനിന്നാണ് ഹിജാബ് വിവാദത്തിന്റെ തുടക്കം. തുടർന്ന് കർണാടകയിലെ സ്കൂളുകളിലും പിയു കോളജുകളിലും ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതു വിലക്കി 2022 ഫെബ്രുവരി 5ന് ബിജെപി സർക്കാർ ഉത്തരവിറക്കി. ഇതു ശരിവച്ച ഹൈക്കോടതി വിശാല ബെഞ്ച് യൂണിഫോം സംബന്ധിച്ച് കൃത്യമായി നിർവചനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷം ധരിക്കരുതെന്നു വിധിച്ചു. ഹിജാബ് വിലക്ക് പഠനത്തെയും പരീക്ഷയെയും ബാധിക്കുന്നുവെന്ന് ആരോപിച്ച് ആലിയ ഉൾപ്പെടെ ഉഡുപ്പി ഗവ.വനിതാ പിയു വിദ്യാർഥിനികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.