സ്പെയർപാർട്സ് കടയിൽ തീപിടിത്തം: തൊഴിലാളിക്ക് ദാരുണാന്ത്യം; കടയിൽ ഏഴു കോടി രൂപ വിലമതിക്കുന്ന സ്റ്റോക്ക്
Mail This Article
മുളങ്കുന്നത്തുകാവ് (തൃശൂർ) ∙ ഇരുചക്രവാഹനങ്ങളുടെ സ്പെയർ പാർട്സുകൾ സൂക്ഷിക്കുന്ന സ്വകാര്യ ഗോഡൗണിൽ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഒരു തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി 8നായിരുന്നു തീ പടർന്നത്. ഗോഡൗണിനകത്ത് വൈകിട്ട് വെൽഡിങ് ജോലികൾ നടന്നിരുന്നു. ഈ ജോലിക്കിടയിൽ താഴെപ്പതിച്ച തീപ്പൊരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം.
വെൽഡിങ് ജോലി ചെയ്തിരുന്ന 5 പാലക്കാട് സ്വദേശികളിൽ ആലത്തൂർ വാവുള്ള്യാപുരം അമ്പലക്കാട് മൂച്ചിത്തറ വീട്ടിൽ വേലായുധന്റെ (പൊന്മല) മകൻ വി.നിബിൻ (22) ആണു പൊള്ളലേറ്റു മരിച്ചത്. തീ കെടുത്താനായി വെള്ളം എടുക്കാൻ കമ്പനിക്കകത്തേക്കു പോയതാണ് നിബിൻ തീയിൽ അകപ്പെടാൻ കാരണം. മറ്റു കമ്പനി ജീവനക്കാർ 5നു ജോലി കഴിഞ്ഞ് മടങ്ങിയിരുന്നു.
അൻപതിലേറെ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഗോഡൗണിൽ 7 കോടി രൂപ വിലമതിക്കുന്ന സ്റ്റോക്ക് ഉണ്ടായിരുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ഗോഡൗണും അകത്ത് സ്റ്റോക്ക് ചെയ്തിരുന്ന സ്പെയർപാർട്സുകളും പൂർണമായും അഗ്നിക്കിരയായി. തൃശൂർ, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയിലെ ഫയർ എൻജിനുകളും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശമെങ്ങും വലിയതോതിൽ പുക പടർന്നു.
മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ക്ഷേത്രത്തിന് സമീപം ഓട്ടോ നിറ്റി എന്ന പേരിലാണ് ഗോഡൗൺ വർഷങ്ങളായി പ്രവർത്തിക്കുന്നത്. എല്ലാത്തരം ഇരുചക്ര വാഹനങ്ങളുടെയും സ്പെയർപാർട്സുകളാണ് ഇവിടെ സ്റ്റോക്ക് ചെയ്യുന്നത്. ഒരാഴ്ച മുൻപാണ് ചൈനയിൽ നിന്നു രണ്ട് ലോഡ് എത്തിയത്. മുളങ്കുന്നത്തുകാവിൽ തന്നെയുള്ള സഹോദരങ്ങൾ ചേർന്നാണ് സ്ഥാപനം നടത്തുന്നത്. സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള വൻ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. നിബിന്റെ അമ്മ ബിന്ദു. സഹോദരങ്ങൾ: പ്രവീൺ, നിധിൻ, സിബിൻ.