ADVERTISEMENT

കോഴിക്കോട് ∙ യുനെസ്കോയുടെ സാഹിത്യനഗര പദവി സ്വന്തമാക്കിയ കോഴിക്കോട്ട് മലയാള മനോരമ ഒരുക്കുന്ന ‘ഹോർത്തൂസ്’ രാജ്യാന്തര സാഹിത്യ–സാംസ്കാരികോത്സവത്തിനു മുന്നോടിയായി ‘ഹോർത്തൂസ് വായന’ നാളെ രാവിലെ 10.30ന് നടക്കാവ് മനോരമ ഓഫിസിൽ നടക്കും. സാംസ്കാരിക വിമർ‌ശകനും ചിന്തകനും എഴുത്തുകാരനുമായ എം.എൻ.കാരശ്ശേരി, ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രതാരവും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു, ബെസ്റ്റ് സെല്ലിങ് പുസ്തകങ്ങളിലൂടെ ശ്രദ്ധേയയായ യുവ എഴുത്തുകാരി നിമ്ന വിജയ് എന്നിവർ പങ്കെടുക്കും.

മലയാളത്തിലെ എഴുത്തിന്റെയും വായനയുടെയും ആസ്വാദനത്തിന്റെയും പല കാലങ്ങളിലെ അഭിരുചികൾ അണിനിരക്കുന്ന സംവാദത്തിനാണു നാളെ സാഹിത്യനഗരി വേദിയാകുന്നത്. കലയും സാഹിത്യവും അരാഷ്ട്രീയ പ്രവർത്തനങ്ങളല്ലെന്നു പുതുതലമുറയെ പഠിപ്പിച്ച കാരശ്ശേരി, ജോയ് മാത്യു എന്നിവരും സാഹിത്യമെന്നതു സമൂഹമാധ്യമങ്ങളുടെ എതിർചേരിയിലല്ലെന്നു തെളിയിച്ച പുതുതലമുറയുടെ പ്രതിനിധി നിമ്നയും വായനയുടെ ഒരേ വേദിയിൽ‌ ഒന്നിച്ചിരിക്കുമ്പോൾ, അക്ഷരങ്ങളുടെ അനന്ത സാധ്യതകളാവും സദസ്സിനു മുൻപിൽ വെളിപ്പെടുക.

നവംബർ 1 മുതൽ 3 വരെയാണ് മലയാള മനോരമ ‘ഹോർത്തൂസ്’ എന്ന പേരിൽ കോഴിക്കോട്ട് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം നടത്തുന്നത്. ഇതിനു മുന്നോടിയായാണ് എല്ലാ ജില്ലകളിലും ‘ഹോർത്തൂസ് വായന സംഗമം’ സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള എഴുത്തുകാരുടെയും കലാ പ്രവർത്തകരുടെയും മഹാസംഗമമാണ് മനോരമ ഹോർ‍ത്തൂസ്. സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ അനുബന്ധ പരിപാടിയായ ‘ഹോർത്തൂസ് വായന സംഗമ’ത്തിന്റെ ഭാഗമായി കൊച്ചിയിൽ നടൻ സലിം കുമാറും കഥാകൃത്ത് ഫ്രാൻസിസ് നൊറോണയും പങ്കെടുത്ത സംവാദം കേരളമൊന്നാകെ തരംഗമായിക്കഴിഞ്ഞു. കണ്ണൂരിൽ കഥാകൃത്തും നോവലിസ്റ്റുമായ എം.മുകുന്ദനും എഴുത്തുകാരി ഷീല ടോമിയുമാണ് പരിപാടിയുടെ ഭാഗമായത്. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ സംവിധായകൻ ലാൽജോസും നോവലിസ്റ്റ് സി.വി.ബാലകൃഷ്ണനുമാണ് പങ്കെടുത്തത്.
‘വായന’യിൽ ആർക്കും പങ്കെടുക്കാം. പ്രവേശന ഫീസ് ഇല്ല. മലയാള മനോരമയുടെ ഓരോ വായനക്കാരനും പരിപാടിയിലേക്ക് ഹൃദയപൂർവം സ്വാഗതം.

വേദിയിൽ അധ്യാപകനും ശിഷ്യനും

കോഴിക്കോട്∙ തിങ്കളാഴ്ച നടക്കുന്ന ഹോർതൂസ് വായനയുടെ വേദിയിൽ അധ്യാപകനും ശിഷ്യനുമാണ് സാഹിത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സംസാരിക്കാനെത്തുന്നത്. എഴുപതുകൾക്കൊടുവിൽ മലയാളത്തിലെ ക്ഷോഭിക്കുന്ന യുവാക്കളുടെ പ്രതീകമായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ജോയ് മാത്യു. ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയിൽ അസ്തിത്വദുഃഖം ബാധിച്ച അന്നത്തെ യുവതലമുറയുടെ പ്രതീകമായ നായകനായാണ് ജോയ്മാത്യു അഭിനയിച്ചത്. പിൽക്കാലത്ത് സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയും തിരക്കഥയൊരുക്കിയ ചാവേർ എന്ന സിനിമയും ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമകളാണ്.

ജോയ്മാത്യു ഗുരുവായൂരപ്പൻകോളജിൽ ബിരുദപഠനം നടത്തുമ്പോൾ എം.എൻ.കാരശ്ശേരി അവിടെ അധ്യാപകനായിരുന്നു. തന്റെ യൗവനകാലത്ത് കാരശ്ശേരിയും ആ കാലഘട്ടത്തിലെ യുവാക്കളുടെ ആശങ്കകൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞയാളാണ്. വായന മരിച്ചുവെന്നും വായനയിൽനിന്നകന്ന് പുതുതലമുറ സോഷ്യൽമീഡിയയിൽ മുഴുകുകയാണ് എന്നുമുള്ള കുറ്റപ്പെടുത്തലുകൾ ഉയരുന്ന കാലമാണിത്. എന്നാൽ ഇതേകാലഘട്ടത്തിൽ ഇൻസ്റ്റാ റീലുകളിലൂടെയും സോഷ്യൽമീഡിയയിലൂടെയും പുതുതലമുറയെ വായനയിലേക്ക് തിരികെക്കൊണ്ടുവന്ന യുവഎഴുത്തുകാരിൽ പ്രമുഖയാണ് നിമ്ന വിജയ്. എഴുത്തിന്റെ കരുത്തെന്താണെന്ന് തെളിയിച്ച സാഹിത്യകാരിയായ നിമ്ന വിജയ് നാളെ ജോയ്മാത്യുവും എം.എൻ.കാരശ്ശേരിയുമെത്തുന്ന വേദിയിൽ ചർച്ചയുടെ അധ്യക്ഷയാവും.

English Summary:

Manorama Hortus Reading at Kozhikode on August 26th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com