‘അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം; സർക്കാർ സംരക്ഷിക്കുന്നു’: അദാനിക്കെതിരെ രാഹുൽ ഗാന്ധി

Mail This Article
ന്യൂഡൽഹി∙ അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തിയ ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിസാര കുറ്റങ്ങളുടെ പേരിൽ നൂറുകണക്കിന് ആളുകളെയാണ് അറസ്റ്റ് ചെയ്യുന്നത്. അദാനിയെ മാത്രം സർക്കാർ സംരക്ഷിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
‘‘തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സത്യമാണെന്ന് അദാനി പറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹത്തെ ജയിലിൽ അടയ്ക്കണം’’– ലോക്സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗതം അദാനിക്കെതിരെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്റ്റ് ലംഘിച്ചതിനു കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് പ്രസ്താവന പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജി സിഇഒ വിനീത് ജെയിൻ എന്നിവർക്കെതിരായ കൈക്കൂലി ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചു. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ കുറ്റപത്രത്തിലും യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷന്റെ സിവിൽ പരാതിയിലും ഈ വ്യക്തികൾക്കെതിരായ കൈക്കൂലി അഴിമതി ആരോപണങ്ങൾ ഉൾപ്പെടുന്നില്ലെന്നും കമ്പനി പറഞ്ഞു.