പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയിൽ കുളിക്കാനിറങ്ങി; വിദ്യാർഥി മുങ്ങി മരിച്ചു

Mail This Article
ചക്കിട്ടപാറ (കോഴിക്കോട്) ∙ കുറ്റ്യാടി പുഴയുടെ പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂർ പുത്തൂർക്കളം പി.ഷാജിമോന്റെ മകൻ നിവേദ് (18) ആണ് മരിച്ചത്. പെരിന്തൽമണ്ണ മൗലാന കോളജ് ഓഫ് ഫാർമസിയിൽ ഫാംഡി ഒന്നാം വർഷ വിദ്യാർഥിയാണ്.
സുഹൃത്തുക്കളുടെ കൂടെ ജനകിക്കാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയപ്പോൾ പ്രവേശന സമയം കഴിഞ്ഞിരുന്നു. തുടർന്നാണ് അഞ്ചംഗ വിദ്യാർഥിസംഘം ജാനകിക്കാടിനു സമീപത്തെ പറമ്പൽ പ്രദേശത്ത് എത്തിയത്. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നിവേദ് കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണു നിവേദിനെ പുഴയിൽനിന്നു കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ, രക്ഷിക്കാനായില്ല.
മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഒട്ടേറെ ടൂറിസ്റ്റുകൾ അപകടത്തിൽപെട്ട പ്രദേശമാണിത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും ഗൈഡുമാരെ നിയമിക്കാത്തതും അപകടമരണം വർധിക്കാൻ കാരണമാകുകയാണെന്നു നാട്ടുകാർ പറഞ്ഞു.